അച്യുതൻ പ്രേക്ഷക ഹൃദയങ്ങളിലേക്ക്
Saturday, December 22, 2018 6:22 PM IST
സ്വപ്നങ്ങളെ വെറുതെ വിടാൻ പോലും ലാൽ ജോസ് എന്ന സംവിധായകൻ സമ്മതിക്കില്ല. ഉടൻ അത് സിനിമയാക്കി കളയും. തട്ടുംപുറത്ത് അച്യുതനിൽ സ്വപ്നങ്ങൾ കൊണ്ടുള്ള ലീലാവിലാസങ്ങളാണ് കാണാൻ കഴിയുക.

കുഞ്ചാക്കോ ബോബൻ - ലാൽജോസ് - സിന്ധുരാജ് കൂട്ടുകെട്ട് എന്നൊക്കെ ഒന്നിച്ചിട്ടുണ്ടോ അന്നെല്ലാം മലയാളികൾക്ക് ചിരിക്കാനുള്ള വക ആവോളം ഉണ്ടായിട്ടുണ്ട്. അച്യുതനും അതെ ട്രാക്കിൽ കൂടെയാണ് യാത്ര ചെയ്യുന്നത്.

നാട്ടിൻപുറത്തെ സ്ഥിരം കാഴ്ചകൾക്കിടയിലൂടെ അച്യുതൻ എന്തിനാണ് തട്ടുംപുറത്ത് കയറിയതെന്ന് ലാൽ ജോസ് കാട്ടിത്തരുന്പോൾ ആ കാഴ്ചകളിലത്രയും പുതുമ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു. പേരിൽ തന്നെ കൗതുകം ഒളിപ്പിച്ചാണ് സംവിധായകൻ ഇത്തവണ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. ആ കൗതുകം ചിത്രത്തിൽ ഉടനീളം നിലനിർത്തി കൊണ്ടുപോകാൻ കഴിയുന്നുമുണ്ട്.



അന്പലവും പരിസരവും

നാട്ടിൻപുറത്തെ അന്പലവും പരിസരവും കവലകളുമെല്ലാം തുടക്കത്തിലെ ചിത്രത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്. ഭഗവാൻ കൃഷ്ണനും നായകനും തമ്മിൽ ഒരു സൗഹൃദം തന്നെ ചിത്രത്തിൽ ഉടലെടുക്കുന്നുണ്ട്. ആ സൗഹൃദത്തിന്‍റെ മറപറ്റിയാണ് കഥ വികസിക്കുന്നത്. സത്യസന്ധനും നന്മയുള്ളവനും പരോപകാരിയുമായ നായകനായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്.

പുതുമുഖമായ ശ്രവണയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തുടക്കകാരിയുടെ ഒരു പതർച്ചയുമില്ലാതെ ശ്രവണ നായിക വേഷം ഭംഗിയാക്കി. സർവ സാധാരണമായ ജീവിതം നയിച്ച് പോകുന്ന നായകൻ പെട്ടെന്ന് ചില അക്കിടികളിൽ വീഴുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്.



ഹരീഷ് കണാരാ, നിങ്ങളെക്കൊണ്ട് തോറ്റു

ഹരീഷ് കണാരനെ നായകനൊപ്പം വിട്ടുകൊണ്ട് ഒരു ചിരിമേളം തന്നെ ലാൽ ജോസ് ചിത്രത്തിൽ മെനഞ്ഞെടുത്തിട്ടുണ്ട്. ചിരിപ്പിക്കാനാണോ എങ്കിൽ ഞാൻ റെഡിയെന്ന മട്ടിലാണ് ഹരീഷ് ചിത്രത്തിൽ കൗണ്ടറുകൾ വാരിവിതറുന്നത്. നായകനെ ഊരാക്കുടുക്കുകളിൽ നിന്നു രക്ഷിക്കാനുള്ള ദൗത്യം സംവിധായകൻ ഹരീഷിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. കക്ഷിയത് നല്ലവണ്ണം കൈകാര്യം ചെയ്തിട്ടുമുണ്ട്. കലാഭവൻ ഷാജോണിന്‍റെ പോലീസ് വേഷവും ഫെയ്സ്ബുക്ക് പ്രേമവുമെല്ലാം പ്രേക്ഷകരെ ചിരിയുടെ ലോകത്തേക്ക് തള്ളിയിടുന്പോൾ കുഞ്ചാക്കോ ബോബൻ തന്‍റെ പതിവ് രീതികൾ കൊണ്ടാണ് കാണികളെ കൈയിലെടുക്കുന്നത്.



സുന്ദരമായ പാട്ടുകൾ

കൃഷ്ണ വർണനകൾ വേണ്ടുവോളമുള്ള ചിത്രത്തിൽ ഗാനങ്ങൾ നിരവധിയാണ്. ആടി പാടി കുഞ്ചാക്കോ ബോബൻ ഗാനരംഗങ്ങളെല്ലാം തന്നെ വെടിപ്പായി ചെയ്തിട്ടുമുണ്ട്. ദീപാങ്കുരൻ കൈതപ്രമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. കളർഫുൾ ഫ്രെയിമുകളാൽ സന്പന്നമായ ചിത്രത്തിലെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഛായാഗ്രാഹകൻ റോബി വർഗീസ് രാജാണ്.

അടിത്തറയുള്ള തിരക്കഥയുടെ ബലത്തിലാണ് അച്യുതൻ തട്ടുംപുറത്ത് കയറിയത്. അവിടുത്തെ കാഴ്ചകളാണ് ലാൽ ജോസ് ചിത്രത്തിന്‍റെ നെടുംതൂണ്‍. ആദ്യ പകുതി നായകന് പറ്റിയ അക്കിടികൾ കാട്ടിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. അതിനിടയിൽ അറിയാതെ അച്യുതൻ തട്ടുംപുറത്ത് കയറുന്നതോടെ കഥ മറ്റൊരു വഴിയെ യാത്ര ചെയ്യാൻ തുടങ്ങും.



രണ്ടാം പകുതി ജോറായി

രണ്ടാം പകുതിയിൽ നായകൻ ഏറ്റെടുത്ത ക്വട്ടേഷൻ എങ്ങനെയാണ് പൂർത്തിയാക്കുന്നതെന്നാണ് സംവിധായകൻ കാട്ടിത്തരുന്നത്. അതിനായി ഒരു തവണയല്ല പല തവണ അച്യുതന് തട്ടുംപുറത്ത് കയറേണ്ടതായി വരുന്നുമുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അവരെല്ലാം തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

വിജയരാഘവൻ, ബിജു സോപാനം, കൊച്ചുപ്രേമൻ, ജോണി ആന്‍റണി, സീമ ജി. നായർ തുടങ്ങിയവർ അവരവരുടെ വേഷങ്ങൾ നന്നായി പകർന്നാടിയപ്പോൾ അച്യുതൻ കുറച്ചു കൂടി പാകപ്പെടുകയായിരുന്നു. അച്യുതന്‍റെ ലീലാവിലാസങ്ങൾ കാട്ടി ലാൽ ജോസ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.