കൊള്ളാം, സൂര്യയുടെ കൂട്ടം
Saturday, January 13, 2018 12:58 PM IST
സിങ്കപ്പൊലിമ വെടിഞ്ഞ് തനി പച്ചമനുഷ്യനായി സൂര്യ മണ്ണിലേക്ക് ഇറങ്ങിവന്ന ചിത്രമാണ് "താനാ സേർന്ത കൂട്ടം' അതുകൊണ്ട് തന്നെ സിനിമ കാണാൻ ഒരു വർക്കത്തൊക്കെയുണ്ട്. അമാനുഷികത തൊട്ടു തീണ്ടാത്ത നായക വേഷത്തിലേക്ക് സൂര്യ മടങ്ങിയെത്തി എന്നുള്ളത് തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റും. പക്ഷേ, നായികയും മലയാളിയുമായ കീർത്തി സുരേഷിനെ സംവിധായകൻ ശരിക്കും ഒതുക്കി കളഞ്ഞു. നായിക പട്ടവും കൊടുത്ത് പാട്ടിലായ പാട്ടിലെല്ലാം കീർത്തിയെ തുള്ളിക്കുകയായിരുന്നു സംവിധായകൻ. സൂര്യ ചിത്രത്തിലെ നായകനാണെങ്കിൽ നായിക രമ്യാ കൃഷ്ണനാണെന്ന് പറയേണ്ടിവരും. ചിത്രത്തിൽ കീർത്തി വെറും ഡമ്മിയാണ്. ചിത്രത്തിൽ ഒറ്റപ്പെട്ടു പോയ ഒരേ ഒരാളും കീർത്തി തന്നെ.ഒരു യഥാർഥ സംഭവത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് താനാ സേർന്ത കൂട്ടം. ബോളിവുഡിൽ 2013-ൽ ഇതെ സംഭവം "സ്പെഷൽ 26' എന്ന പേരിൽ സിനിമയാക്കിയപ്പോൾ കിട്ടിയ സ്വീകാര്യത വലുതായിരുന്നു. ആ ചിത്രത്തെ തമിഴകത്തേക്ക് പറിച്ച് നട്ടപ്പോൾ ഡപ്പാം കൂത്തും കോമഡിയുമെല്ലാം പാകത്തിന് ചേർത്ത് മെരുക്കിയെടുത്തിട്ടുണ്ട് സംവിധായകൻ വിഘ്നേഷ് ശിവൻ. 1987-ൽ മുംബൈയിലെ ഒരു പ്രമുഖ ജ്വല്ലറിയിൽ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന
ചിലർ നടത്തിയ തട്ടിപ്പാണ് ചിത്രത്തിന് ആധാരം.

തൊഴിൽ പ്രശ്നവും അഴിമതിയുമെല്ലാം എത്രയോ തവണ സിനിമകളിൽ നിറഞ്ഞ വിഷയമാണ്. സൂര്യ മനുഷ്യനായി അവതരിച്ച ചിത്രത്തിലും മുറതെറ്റാതെ ഇത്തരം വിഷയങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം കാഴ്ചകൾക്ക് വിശ്വസനീയമായ ഫ്ലാഷ് ബാക്ക് നൽകി സംവിധായകൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. "നാനും റൗഡി താൻ', "തിരുടാ തിരുടി' എന്നീ സിനിമകളിൽ കണ്ട കൈയടക്കം സംവിധായകന് ഇതുവരെ കൈമോശം വന്നിട്ടില്ലായെന്നു തന്നെ പറയാം.സിങ്കം പ്രേതം വിട്ടൊഴിഞ്ഞ സൂര്യയ്ക്ക് ഏച്ചുകെട്ടുകളില്ലാത്ത സിന്പിൾ എൻട്രിയാണ് സംവിധായകൻ നൽകിയിരിക്കുന്നത്. ഇഷ്ടപ്പെട്ട തൊഴിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇനിയൻ എന്ന ചെറുപ്പക്കാരനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. എന്നാൽ അവനും അവന്‍റെ കൂട്ടുകാരനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കാട്ടിക്കൊണ്ടു തന്നെ ചിത്രത്തിന്‍റെ റൂട്ട് സംവിധായകൻ പതിയെ തിരിച്ച് വിടുന്നു. എത്രത്തോളം പവർഫുളളായി വേണം ഒരു ക്രൈം നടത്തേണ്ടതെന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ് ചിത്രത്തിൽ ആദ്യം കാട്ടുന്ന റെയ്ഡ്.

സൂര്യ നായകനാകുന്പോൾ ഒരു പ്രണയമൊക്കെ വേണ്ടേ ഇല്ലെങ്കിൽ ആരാധകർ പിണങ്ങിയാലോ എന്ന് സംവിധായകന് തോന്നിയ ഇടത്താണ് ചിത്രത്തിൽ കല്ലുകടികൾ വരാൻ തുടങ്ങുന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കടന്നു വരുന്ന റൊമാൻസ് രംഗങ്ങൾ കഥയോട് ചേർന്നു നിൽക്കാൻ നന്നേ പാടുപ്പെടുന്നുണ്ട്. 1987 കാലഘട്ടം ചിത്രീകരിക്കുന്നതിലും സംവിധായകന് പാകപ്പിഴകൾ പറ്റിയിട്ടുണ്ട്. ചിത്രത്തിൽ കടന്നു വരുന്ന കാറും ബസും പശ്ചാത്തലവുമെല്ലാം കാലഘട്ടത്തോട് ചേർന്നു നിന്നപ്പോൾ നായകന്‍റെ ഗെറ്റപ്പും വേഷവിധാനങ്ങളുമെല്ലാം കാലഘട്ടത്തെ കവച്ചുവയ്ക്കുന്നവയായിരുന്നു. 1987 കാലഘട്ടത്തെ ഇത്രയേറെ കളർഫുള്ളാക്കേണ്ടിയിരുന്നോയെന്ന് സംവിധായകൻ പലകുറി ചിന്തിക്കേണ്ടിയിരുന്നു.സർക്കാരിനെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് നായകനും കൂട്ടരും നടത്തുന്ന ചില ആസൂത്രണങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുള്ള പോക്ക്. കോരിത്തരിപ്പിക്കുന്ന ത്രില്ലിംഗ് സംഭവങ്ങളൊന്നും ഒരുക്കാൻ ആയിട്ടില്ലെങ്കിലും പഞ്ചുള്ളൊരു ഇന്‍റർവെൽ സമ്മാനിക്കാൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്. സെന്തിൽ, നന്ദ, കാർത്തിക്ക് തുടങ്ങിയ സഹതാരങ്ങൾ തങ്ങളുടെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തപ്പോൾ ചിത്രം ബാലൻസിംഗ് തെറ്റാതെ മുന്നോട്ടുപോയി. അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും കഥയോട് ചേർന്ന് നിന്നപ്പോൾ അത് ചിത്രത്തിന്‍റെ നല്ലൊഴുക്കിന് വേണ്ടുവോളം സഹായിച്ചു. സൂര്യയുടെ ഡയലോഗ് ഡെലിവറിയും അടിയും ഇടിയും കഴിഞ്ഞാൽ പശ്ചാത്തല സംഗീതവും ഡപ്പാം കൂത്ത് പാട്ടുകളുമാണ് ചിത്രത്തിന് ഓളം നൽകുന്നത്.

ക്ലൈമാക്സിനോട് അടുക്കുന്പോൾ ചിത്രം എങ്ങനെ അവസാനിപ്പിക്കണമെന്നുള്ള അങ്കലാപ്പ് സംവിധായകനെ പിടികൂടുന്നുണ്ട്. അതുകൊണ്ടു തന്നെ പിന്നീടിങ്ങോട്ട് ചിത്രം ഇഴഞ്ഞാണ് നീങ്ങുന്നത്. ഒടുവിൽ സൂര്യയുടെ പകിട്ട് കുറയ്ക്കാതെയുള്ള ക്ലൈമാക്സും ഒരുക്കി ഒരുവിധത്തിൽ സംവിധായകൻ ചിത്രം ഒതുക്കി തീർക്കുകയാണ്. ഇത്തരം ക്ലീഷേ ക്ലൈമാക്സിന്‍റെയെല്ലാം കാലം കഴിഞ്ഞ കാര്യം സംവിധായകൻ മനപ്പൂർവം മറന്നതാകാനെ വഴിയുള്ളു. കാരണം സിനിമയിൽ കാണിക്കുന്ന കാലഘട്ടം 1987 ആണല്ലോ... അപ്പോൾ പിന്നെ ഇത്തരം ക്ലീഷേകളെല്ലാം നിറയ്ക്കാം.

(സൂര്യയെ മനുഷ്യ രൂപത്തിൽ കാണണമെങ്കിൽ സിനിമയ്ക്ക് ടിക്കറ്റെടുത്തോ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.