കരുത്തുള്ള വില്ലനാകാന്‍ റെഡി: ബാബു ആന്‍റണി
Tuesday, April 18, 2023 11:05 AM IST
നായകനൊപ്പംതന്നെ നിറഞ്ഞു നില്‍ക്കുന്ന വില്ലന്‍ വേഷങ്ങളിലൂടെ ജനമനസുകളില്‍ ഹിറ്റായ ബാബു ആന്‍റണി കരിയറില്‍ 38 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മദനോത്സവമാണ് ബാബു ആന്‍റണിയുടെ പുതിയ റിലീസ്.

ന്നാ താന്‍ കേസ് കൊട് എഴുതിയ രതീഷ് ബാലകൃഷ്ണ പൊതുവാളിന്‍റെ രചന. രതീഷിന്‍റെ അസോസിയേറ്റ് സുധീഷ് ഗോപിനാഥിന്‍റെ സംവിധാനം. പതിവു ഹീറോ - വില്ലന്‍ രീതികളില്‍ നിന്നു വേറിട്ടതാണ് മദനോത്സവമെന്ന് ബാബു ആന്‍റണി പറയുന്നു.

‘ടെന്‍ഷന്‍, ഡ്രാമ, കോമഡി...എന്നിങ്ങനെ ധാരാളം ഷേഡ്സുള്ള എന്‍റര്‍ടെയ്നറാണിത്. ഒരു സീനില്‍മാത്രം വരുന്ന കഥാപാത്രത്തിനു പോലും തന്‍റേതായ ഇടമുണ്ട്’



സുരാജും ഞാനും

സുരാജും ഞാനുമാണ് ഈ സിനിമയിലെ മദനന്മാര്‍. രണ്ടുപേരും ഒരു സ്ഥലത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തിപ്പെടുകയും അവിചാരിതമായി കൂട്ടിമുട്ടുകയും ചെയ്യുന്നു. തുടര്‍ന്നുള്ള സംഭവങ്ങളും കോമഡികളും സംഘര്‍ഷങ്ങളുമാണു സിനിമ.

ഇതില്‍ രാഷ്‌ട്രീയ ആക്ഷേപഹാസ്യമുണ്ട്. പക്ഷേ, ഇരുവരും രാഷ്‌ട്രീയക്കാരല്ലതാനും. മദനന്മാരുടെ വിളയാട്ടമായതിനാലാണ് മദനോത്സവമെന്ന പേര്.



കരിങ്കുന്നം സിക്സസില്‍ ഉള്‍പ്പെടെ സുരാജുമായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നവരുമാണ്.

സിനിമയ്ക്കു മുമ്പ് ഞാന്‍ തയാറെടുപ്പുകള്‍ നടത്താറില്ല. കഥാപാത്രത്തെക്കുറിച്ചു സംവിധായകനുമായും തിരക്കഥാകൃത്തുമായും സംസാരിച്ച് അവര്‍ക്കു വേണ്ടതെന്തെന്നു മനസിലാക്കും. അതിനൊപ്പം എന്തെങ്കിലും ചേര്‍ക്കാന്‍ പറ്റുമോ എന്നാണു നോക്കാറുള്ളത്.



സിനിമ അന്നും ഇന്നും

പ്രൊഫഷണല്‍ രീതിയില്‍ വര്‍ക്ക് ചെയ്താല്‍ പഴയ സെറ്റ്, പുതിയ സെറ്റ് എന്ന അന്തരമൊന്നുമില്ല. ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തി കൃത്യമായി ജോലിതീര്‍ത്തു മടങ്ങുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ വരാതിരിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാവും.

ഇന്നു പല സെറ്റുകളിലും പുതിയ ആളുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എത്രയോ ദിവസങ്ങളില്‍ ഷൂട്ടിംഗ് മുടങ്ങാറുണ്ട്. പഴയകാല സെറ്റുകളില്‍ പ്രഫഷണലിസമില്ലായ്മ ഇത്രയുമില്ല. അതാണ് അന്നത്തെയും ഇന്നത്തെയും സെറ്റുകള്‍ തമ്മിലുള്ള വ്യത്യാസം.



ലഭ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ ടെക്നിക്കല്‍ പെര്‍ഫക്ഷനിലാണ് അന്നും സിനിമയെടുത്തിരുന്നത്.

മുപ്പതു വര്‍ഷം മുന്നില്‍ക്കണ്ടു സിനിമ ചെയ്യണമെന്നും മൂന്നു തലമുറ കഴിഞ്ഞാലും ഗുണനിലവാരം അതിനുണ്ടാകണമെന്നും എന്‍റെ ഗുരുവായ സംവിധായകന്‍ ഭരതന്‍ പറഞ്ഞിട്ടുണ്ട്. വൈശാലി ഇപ്പോഴും സാങ്കേതികത്തികവുള്ള സിനിമയാണ്.



കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയിലെ ഇത്തിങ്ങല്‍ തങ്ങള്‍ തിയറ്ററില്‍ കൈയടി നേടിയിരുന്നു. സംവിധായകന്‍ ഹരിഹരനില്‍നിന്നുവരെ നല്ല അഭിപ്രായമുണ്ടായ വേഷം.

പക്ഷേ, കൊച്ചുണ്ണി കഴിഞ്ഞയുടന്‍ കൊറോണ വന്നു. അതിനാല്‍ ആ വിജയം തുടര്‍ന്നുള്ള കരിയറില്‍ വലിയ പ്രയോജനം ചെയ്തില്ല. കൊറോണ രണ്ടു മൂന്നു വര്‍ഷം നീണ്ടു നിന്നതിനാല്‍ സിനിമാ ഇന്‍ഡസ്ട്രി ഡൗണായി.



പൊന്നിയിന്‍ ശെല്‍വന്‍ -2

അഞ്ജലിയാണ് മണിരത്നത്തിനൊപ്പം ആദ്യം ചെയ്ത സിനിമ. അതില്‍ നിന്നുതന്നെ ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തെയും ഞാന്‍ ഗുരുവായി കാണുന്നു. പൊന്നിയിന്‍ ശെല്‍വന്‍ പാര്‍ട്ട് ഒന്നും രണ്ടും ചെയ്തപ്പോള്‍ പ്രഫഷണലിസവും സ്പീഡും അടുത്തറിഞ്ഞു.

2500 പേരുള്ള സെറ്റില്‍ ജോലി നടക്കുന്ന രീതി അവിശ്വസനീയമായിരുന്നു. എല്ലാവരും പുലർച്ചെ നാലരയ്ക്ക് സെറ്റിലെത്തും. പടച്ചട്ടയൊക്കെ ധരിക്കുമ്പോഴേക്കും അഞ്ചരയാവും. കൃത്യം ആറു മണിക്കു ഷോട്ടെടുക്കും. വൈകുന്നേരം ആറിനു ലൈറ്റ് കുറയുമ്പോള്‍ നിര്‍ത്തും. 150 ദിവസം കൊണ്ടാണ് അദ്ദേഹം ഈ രണ്ടു മഹാസിനിമകളെടുത്തത്.



ലിയോ

വിജയ്-ലോകേഷ് കനകരാജ് സിനിമ ലിയോയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു. അതു കാഷ്മീരിലായിരുന്നു. രണ്ടാം ഷെഡ്യൂള്‍ മേയ് ഏഴിനു തുടങ്ങും.

സഞ്ജയ് ദത്തും വിജയ്‌യും തൃഷയുമുള്‍പ്പെടെ എല്ലാവരും പ്രഫഷണലി ഉന്നത നിലവാരമുള്ളവര്‍. കൃത്യ സമയത്തു സെറ്റില്‍ വന്നു കൃത്യമായി കാര്യങ്ങള്‍ ചെയ്തു മടങ്ങുന്നവര്‍. തമിഴിലും തെലുങ്കിലുമൊക്കെ പ്രഫഷണല്‍ അല്ലാത്ത രീതികള്‍ വളരെ കുറവാണ്.



വില്ലൻ വേഷങ്ങൾ ചെയ്യുന്പോൾ...

പൂവിനു പുതിയ പൂന്തെന്നലിലേതുപോലെ മനസില്‍ പതിയുന്ന വില്ലന്‍ വേഷങ്ങള്‍ ഇപ്പോള്‍ കാണാറില്ല. ശക്തരായ മറ്റു കഥാപാത്രങ്ങള്‍ വരുന്നതിനെ ഇന്നത്തെ ഹീറോസ് അംഗീകരിക്കുന്നില്ല. എല്ലാം ഹീറോതന്നെ ചെയ്യണം. അത്തരത്തില്‍ ഹീറോ ഭരിക്കുന്ന ഫിലിം ഇന്‍ഡസ്ട്രിയാണ് ഇപ്പോള്‍.

ലഭിക്കുന്ന വില്ലന്‍ വേഷങ്ങള്‍ കരുത്തുറ്റതാണെങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ. പിന്നെ, എന്‍റെ പ്രതിഫലം കിട്ടണം. വില്ലനാണെന്നു പറഞ്ഞ് പ്രതിഫലം കുറയ്ക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. അതു പറ്റില്ല.



ആർഡിഎക്സ്

ഭാഷകൾ കംഫർട്ടബിളാണ്. പ്രഫഷണലിസം പുലര്‍ത്തുന്ന നല്ല ടീമുകൾക്കൊപ്പമേ സിനിമ ചെയ്യുകയുമുള്ളൂ. അതുകൊണ്ടുതന്നെ ഇതര ഭാഷകളിലും സിനിമ ചെയ്യുന്നതു കംഫർട്ടബിളാണ്.

പൊന്നിയിന്‍ ശെല്‍വന്‍ 2, ലിയോ എന്നിവയാണ് അടുത്ത ഇതരഭാഷാ റിലീസുകള്‍. രണ്ടു മൂന്നു പടങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നു. മലയാളത്തില്‍ ഹീറോ ആയ കുറേ പ്രോജക്ടുകള്‍ വരുന്നുണ്ട്. ആര്‍ഡിഎക്സാണ് ഷൂട്ടിംഗ് കഴിഞ്ഞത്.



ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിന്‍റെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. വലിയ കാന്‍വാസിലുള്ള സിനിമയാണ്. തയാറെടുപ്പുകളോടെ ശ്രദ്ധിച്ചു ചെയ്യേണ്ട പ്രമേയം. അതിനാല്‍ ഷൂട്ടിംഗ് നീട്ടിവച്ചിരിക്കുകയാണ്. ‘ചന്ത’ ഉള്‍പ്പടെ പല പടങ്ങളുടെയും സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാനുള്ള ഓഫറുകള്‍ വരുന്നുണ്ട്. സ്ക്രിപ്റ്റ് നന്നായാല്‍ ചെയ്യും. ഇല്ലെങ്കില്‍ വേണ്ടെന്നുവയ്ക്കും.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.