പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്‍റെ നിറവിൽ സുന്ദരഗാനം
Wednesday, May 24, 2017 1:29 AM IST
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടുകളാകുന്നു. സാങ്കേതിത്തികവേറിയ ഗാനങ്ങൾ പലതു വന്നെങ്കിലും 1988 ൽ പുറത്തിറങ്ങിയ "ചിത്രം' എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ പ്രിയ ഗാനങ്ങളിലൊന്നായി ഇന്നും ശോഭിക്കുന്നു.

പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ "സ്വമിനാദ പരിപാലയാശുമാം', "നകുമോ', "ദുരെക്കിഴക്കുദിക്കും', "ഈറൻമേഘം' എന്നീ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. "സ്വാമിനാദ പരിപാലയാസുമാം' ,"നകുമോ' എന്നീ കർണാടിക് കീർത്തനങ്ങൾ അവസരോചിതമായി സിനിമയിൽ ഉൾപ്പെടുത്തി ചലച്ചിത്ര ഗാനമായി പുനവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകാര്യത വിസ്മരിക്കാൻ കഴിയില്ല. കർണാടിക് കീർത്തനങ്ങൾക്കും ഭജനകൾക്കും ചില്ലറ മാറ്റങ്ങൾ വരുത്തി സിനിമകളിൽ ഉൾപ്പെടുത്തുന്നത് പിന്നീടങ്ങോട്ട് ട്രെൻഡായി മാറുകയും ചെയ്തു. രസകരമായ മുഹുർത്തങ്ങൾ കോർത്തിണക്കി ചിത്രീകരിച്ച "ദുരെക്കിഴക്കുതിച്ചു' എന്ന ഗാനവും "മധ്യമാവതി' രാഗം തുളുന്പുന്ന "ഇറൻമേഘം' എന്ന ഗാനവും മികവുറ്റവ തന്നെ. എന്നാൽ "പാടം പൂത്ത കാലം' എന്ന മെലഡി ഗൃഹാതുരതരംഗങ്ങൾ സൃഷിടിച്ചാണ് ഏവർക്കും പ്രിയതരമായി മാറിയത്.



"ചിത്രം' സിനിമയിലേ നിർണായക മൂഹൂർത്തങ്ങളുടെ ദൃശ്യതയിൽ മറ്റു ഗാനങ്ങളെല്ലാം ഇഴുകിച്ചേർന്നപ്പോൾ പൂത്ത പാടത്തിന്‍റെ നറുഗന്ധം പകർന്ന ഗാനം സിനിമയ്ക്കും അപ്പുറമുള്ള അസ്ഥിത്വം നേടുകയായിരുന്നു. മലയാളിക്കു നോസ്റ്റാൾജിയ തോന്നിയപ്പോഴെല്ലാം പാടം പൂത്ത കാലം... ആ ചുണ്ടുകളിൽ മൂളിപ്പാട്ടായെത്തി. ഈ ഗാനം കേട്ടപ്പോഴെല്ലാം പുഴയോരത്തു തണലേറ്റിരുന്ന കാലത്തിന്‍റെ വിസ്മൃതയിൽ ശ്രോതാക്കൾ ലയിച്ചു.

ഏതൊരാൾക്കും മൂളി നടക്കാവുന്ന ലളിത സംഗീതമാണ് കണ്ണൂർ രാജൻ ഈ ഗാനത്തിനായി ഒരുക്കിയത്. വയലിന്‍റെയും പുല്ലാങ്കുഴലിന്‍റെയും നാദമാധുരി അഴകോടെ കോർത്തിണക്കി ആദ്ദേഹം പാട്ടിന്‍റെ ഓർക്കസ്ട്രേഷൻ ഗംഭീരമമാക്കുകയും ചെയ്തു. കൊയ്ത്തിനൊരുങ്ങിയ പാടത്തിന്‍റെയും പകൽ തിരി താഴ്ത്തുന്പോൾ മിഴി പൂട്ടുന്ന ഗ്രാമീണതയുടേയും ഹൃദയ ഭാഷയൊരുക്കി ഷിബു ചക്രവർത്തി "നോസ്റ്റാൾജിയ പാട്ടിനു’ വരികൾ സമ്മാനിച്ചു. ചേരുംപടി ചേർന്ന ഈണത്തിനും വരികൾക്കുമൊപ്പം എം.ജി. ശ്രീകുമാർ എന്ന അനുഗ്രഹീത ഗായകന്‍റെ മധുര ശബ്ദം കൂടിയായപ്പോൾ മലയാളിക്കു മറക്കാനാവത്ത ഒരു പാട്ട് ജനിക്കുകയായിരുന്നു....

ചിത്രം : ചിത്രം
സംഗീതം : കണ്ണൂര്‍ രാജന്‍
രചന : ഷിബു ചക്രവര്‍ത്തി
പാടിയത് : എം. ജി. ശ്രീകുമാര്‍
സംവിധാനം : പ്രിയദര്‍ശന്‍


പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ
അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു

(പാടം പൂത്ത കാലം)

ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
ഓണപ്പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തുപോയ്
തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം ഓ....

(പാടം പൂത്ത കാലം)

ദൂരെ പകലിന്‍റെ തിരിമെല്ലെ താഴുമ്പോൾ
ഗ്രാമം മിഴിപൂട്ടുമ്പോൾ
പാടിത്തീരാത്ത
പാട്ടുമായ് സ്വപ്നത്തിൻ
വാതിലിൽ വന്നവളേ
നറുതേൻ മൊഴിയേ
ഇനിനീയവളെ
ഹൃദയം പറയും കഥകേൾക്കൂ ആ...

(പാടം പൂത്ത കാലം)


അലക്സ് ചാക്കോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.