പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
Friday, May 26, 2017 4:14 AM IST
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത ഭംഗിയായി അടയാളപ്പെടുത്തിയ ഗാനം. തനിക്ക് ഏറ്റവു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി രവീന്ദ്രൻ മാഷ് തന്നെ തെരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന്.

എന്നാൽ ഈ വിശേഷണങ്ങൾക്കെല്ലാം അപ്പുറമുള്ളൊരു ചരിത്രനിയോഗം കൂടി സംഗീതത്തിനു പ്രധാന്യം നൽകി സിബി മലയിൽ ഒരുക്കിയ ഹിസ്ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലേ ഈ ഗാനത്തിനുണ്ടായിരുന്നു. 1979 മുതൽ 86 വരെ തുടർച്ചയായി സംസ്ഥാന സർക്കാരിന്‍റെ മികച്ച ഗായകനുള്ള പുരസ്കാരം കെ.ജെ.യേശുദാസിനായിരുന്നു ലഭിച്ചത്. ഗന്ധർവനാദം ഇല്ലാത്ത ഒരു മലയാള സിനിമ പോലുമില്ലാതിരുന്ന കാലഘട്ടം. എന്നാൽ യേശുദാസിനു തുടർച്ചയായി ലഭിച്ച അവാർഡുകളും സിനിമാ ഗാനങ്ങളുടെ ബാഹുല്യവുമെല്ലാം ചില ചെറു വിവാദങ്ങൾ സൃഷ്ടിച്ചു. വിവാദങ്ങളിൽ മനംമടുത്ത ഗന്ധർവനാകട്ടെ ഇനി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കില്ലെന്നും ശാസ്ത്രീയ സംഗീതമാണ് തന്‍റെ വഴിയെന്നുംമുള്ള തീരുമാനവും മനസിലുറപ്പിച്ചു.അങ്ങനെയിരിക്കെയാണ് സംഗീത്തിനു ഒരുപാടു സാധ്യതയുള്ള ഹിസ്ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സംവിധായകൻ രവീന്ദ്രൻമാഷിനെ ഏൽപ്പിക്കുന്നത്. ഗനങ്ങളെല്ലാം കൃത്യ സമയത്ത് ചിട്ടപ്പെടുത്തിയ രവീന്ദ്രൻമാഷ് എന്നാൽ ഒരു കാര്യം മനസിലുറപ്പിച്ചിരുന്നു. പ്രമദവനത്തിനു ഗന്ധർവനാദം കൂടിയേതീരു. ആവശ്യം പറഞ്ഞ് രവീന്ദ്രൻമാഷ് യേശുദാസിനെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ദാസേട്ടൻ കൈയൊഴിഞ്ഞാൽ ഈ പാട്ട് ഉപേക്ഷിക്കുമെന്നായി മാഷ്. ഒടുവിൽ പാട്ടു ഒന്നുകേൾക്കാൻ ദാസേട്ടൻ തയാറായി. പാട്ടു നന്നായി ഇഷ്ടപ്പെട്ടതോടെ പ്രമദവനത്തിനൊപ്പം "ഗോപീകാവസന്തം' , "തൂബഡിമാഷ' , "ദേവസഭാതലം' എന്നീ ഗാനങ്ങളും ആലപിക്കാൻ ഗാനഗന്ധർവൻ തയാറാവുകയായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പിന്നണി ഗാനരഗത്തു നിന്നു വിട്ടുനിൽക്കാൻ തീരുനാമിച്ച ഗന്ധർവനെ "വീണ്ടും' സിനിമയിലെത്തിച്ചത് പ്രമദവനം വീണ്ടും എന്ന ഗാനമായിരുന്നു.

ജോഗ് എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് രവീന്ദ്രൻമാഷ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. വാടകക്കൊലയാളിയായി എത്തിയ അബ്ദുള്ളയ്ക്കുള്ള ഖവാലി പശ്ചാത്തലം പരിഗണിച്ചാവാം പ്രമദവനത്തിനു ഹിന്ദുസ്ഥാനി രാഗം തന്നെ മാഷ് തെരഞ്ഞെടുത്തത്. മേൽസ്ഥായിയിൽ പഞ്ചമം വരെ എത്തുന്ന വിധത്തിലാണ് ഗാനത്തിന്‍റെ സ്വര സഞ്ചാരം. മന്ത്രസ്ഥായിയിലേക്കും ഗാനമെത്തുന്നുണ്ട്. യേശുദാസിന്‍റെ റേഞ്ച് അങ്ങനെ ഈ പാട്ടിലും രവീന്ദ്രൻമാഷ് ഫലപ്രദമായി ഉപയോഗിച്ചു.വലിയൊരു സംഗീത പ്രതിഭയ്ക്കു മുന്നിൽ ഗാനാലാപനം നടത്തേണ്ടി വരുന്ന അബ്ദുള്ളയുടെ നേരിയ ഭയവും ക്രമേണ ആ ഗായകനു കൈവരുന്ന അത്മവിശ്വാസവുമെല്ലാം ഈ പാട്ടിൽ തെളിയുന്നുണ്ട്. സ്വരജതികളൊന്നും കുടാതെ ഒരു ഗായകന്‍റെ പ്രതിഭ പുറത്തുകൊണ്ടുവന്ന് ശ്രോതാക്കളെ വിസമയിപ്പിക്കുക എന്ന ധർമം രവീന്ദ്രൻമാഷ് പ്രമദവനത്തിലൂടെ ഭംഗിയായി നിർവഹിച്ചു. പാട്ടിന്‍റെ ഓർക്കഷ്ട്രേഷനും ഗംഭീരമാണ്. ഗാനത്തിന്‍റെ തുടക്കത്തിലെ ഹംമ്മിംഗിനു ശേഷമുള്ള ഗ്രൂപ്പ് വയലിൻ സംഗീതം മലയാളിക്ക് മറക്കാൻ കഴിയുന്നതല്ല.

കാവ്യഭാഷയോടടുത്തു നിൽക്കുന്ന വരികളാണ് കൈതപ്രം ദാമോദരൻ നന്പുതിരി ഗാനത്തിനായി ഒരുക്കിയത്. തിരസ്കരിക്കപ്പെട്ട ഗായകന്‍റെ വേദനയും കണ്ണീരുമെല്ലാം ആ ഗാനത്തിലേ വരികളായി അദ്ദേഹം ഒഴുക്കി. എത്ര കാലം കഴിഞ്ഞാലും എത്ര ഗാനങ്ങൾ പിറവിയെടുത്താലും പ്രമദവനത്തിന്‍റെ ഋതുരാഗം മലായാള മനസിൽ മായാതെ നിൽക്കുമെന്നതിൽ സംശയമില്ല.
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള
സംഗീതം: രവീന്ദ്രൻ
രചന: കൈതപ്രം ദാമോദരൻ നന്പൂതിരി
ആലാപനം: യേശുദാസ്


പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

എതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
എതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
കവിയുടെ ഗാനരസാമൃതലഹരിയിലൊരു
നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

എതേതോ കഥയിൽ
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
എതേതോ കഥയിൽ
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ മുരളിയിൽ
ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

അലക്സ് ചാക്കോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.