ചമ്പക്കുളം: എസി റോഡിലെ കൈവരികൾ സുരക്ഷിതമല്ലെന്ന് ജനങ്ങൾ. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പ്രധാന പാലങ്ങളായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ പുതിയ പാലം നിർമിച്ചപ്പോൾ പഴയ പാലങ്ങളുടെ കൈവരികൾ വളരെ താഴ്ന്നു പോയി. ഇപ്പോൾ ഈ കൈവരികൾ പുനർനിർമിക്കുന്നത് സുരക്ഷിതമായിട്ടാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.
പുതിയ പാലങ്ങൾ നിർമിച്ചതോടെ പഴയ പാലത്തിന്റെ വശങ്ങൾ ഉയർത്തിയിരുന്നു. ഇങ്ങനെ ഉയർത്തിയപ്പോൾ പഴയപാലത്തിന്റെ കൈവരികിൽ തീരെ ഉയരം കുറഞ്ഞതായി മാറിയ വിവരം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി പൂർത്തിയാകും മുൻപ് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു.
എന്നാൽ, കൈവരികൾക്ക് ഉയരം കുറവായ ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ചാണ് ഉയരം വർധിപ്പിക്കുന്നത്.
കൈവരികൾ ഇപ്രകാരം നിർമിക്കുന്നത് സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നാണ് സംശയം. നിലവിലുള്ള കൈവരിതൂണിൽനിന്ന് കെട്ടി ഉയർത്തുന്ന പൈപ്പിന്റെ കൈവരികളും അത് നിലനിർത്തിയിരിക്കുന്ന പഴയ കൈവരിയിലെ തൂണുകളും എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു ഇരുചക്രവാഹനം ഇടിച്ചാൽ പോലും തകരാവുന്ന തരത്തിലുള്ള കൈവരികളിൽ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നെന്നാണ് നാട്ടുകാർ പറയുന്നത്.