ആലപ്പുഴ: പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ യൂണിഫോമിന്റെ അടിസ്ഥാനത്തിൽ കൺസഷൻ അനുവദിക്കാൻ തീരുമാനം. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പ്രൈവറ്റ് ബസുകളിൽ വിദ്യാർഥികൾക്ക് ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും (തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ) കൺസഷൻ അനുവദിക്കണമെന്നും കൺസഷൻ നൽകാത്ത ബസുകൾക്കെതിരേ നടപടിയെടുക്കുമെന്നും യോഗം അറിയിച്ചു. പ്രൈവറ്റ് ബസുകളിൽ വിദ്യാർഥികൾക്ക് പരമാവധി 40 കി.മീ. വരെ ഒന്നിലധികം ബസുകളിൽ കൺസഷൻ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണെന്ന് അറിയിച്ചു. കൺസഷൻ കാർഡിന്റെ കാലാവധി പരമാവധി 1 വർഷം വരെ ആയിരിക്കും.
ഗവ. അംഗീകൃത സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോളജുകളിൽനിന്നും നൽകുന്ന ഐഡന്റിറ്റി കാർഡിൽ കോഴ്സിന്റെ കാലാവധിയും പ്രാദേശിക വിലാസവും ഉണ്ടെങ്കിൽ അതുപയോഗിച്ച് ബസിൽ യാത്ര ചെയ്യാമെന്നും അല്ലാത്ത വിദ്യാർഥികൾക്ക് എംവി ഡി അനുവദിക്കുന്ന കൺസഷൻ കാർഡോ ലീഡ് ആപ്പ് വഴി നൽകുന്ന കൺസഷൻ കാർഡോ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും യോഗം അറിയിച്ചു.
രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെയാണ് സൗജന്യ നിരക്കിൽ വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ യാത്ര ചെയ്യാൻ കഴിയുന്നത്. 27 വയസുവരെയുള്ള വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. തിരക്കുള്ള സമയങ്ങളിൽ കുട്ടികളെ പിടിഎ പ്രതിനിധികളോ അധ്യാപകരോ ക്രമമായും അപകടരഹിതമായും ബസുകളിൽ കയറ്റി വിടേണ്ടതാണെന്നും അറിയിച്ചു.
സ്കൂൾ ബസുകൾ വിദ്യാർഥികളെ ഇറക്കുന്ന സമയത്ത് റോഡിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കുകയാണെങ്കിൽ സ്കൂൾ കോമ്പൗണ്ടിനകത്ത് വിദ്യാർഥികളെ ഇറക്കുന്നതിനുള്ള സൗകര്യം സ്കൂൾ അധികൃതർ ചെയ്യണമെന്നും യോഗം നിർദേശിച്ചു. ഒരു കൺസഷൻ കാർഡ് ഉപയോഗിച്ച് ഒരു ദിവസം പരമാവധി രണ്ടു യാത്രകൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും യോഗം അറിയിച്ചു.