തകർന്നു കിടക്കുന്ന തിരുവല്ല നഗരത്തിലെ ചെയർമാൻസ് റോഡ്.
തിരുവല്ല : നഗര മധ്യത്തിലൂടെയുള്ള ചെയർമാൻസ് റോഡ് അവഗണനയിൽ. നഗരപിതാവിന്റെ പേരിൽ അറിയപ്പെടുന്ന റോഡാണെങ്കിലും നഗരസഭ പണ്ടേ ഇത് അവഗണിച്ചിരിക്കുകയാണെന്ന് പറയുന്നു.
ടൗണിലെ തിരക്ക് ഒഴിവാക്കി എംസി റോഡിലേക്കും ടികെ റോഡിലേക്കും പ്രവേശിക്കാവുന്ന ബൈപാസായി ആളുകൾ ഉപയോഗിച്ചുവരുന്ന റോഡ് നിറയെ കുണ്ടും കുഴികളുമാണ്.
മഴക്കാലം ആരംഭിച്ചതോടെ റോഡിലെ വെള്ളക്കെട്ടിലെ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപെടുന്നത്. ചെയർമാൻസ് റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്രക്കാർ ഈ റോഡിലൂടെ പോകുന്നില്ല. റോഡിന്റെ പുനരുദ്ധാരണം നടത്തിയിട്ട് വർഷങ്ങൾ ആയി.
ചെയർമാൻസ് റോഡ് വികസിപ്പിച്ചാൽ തിരുവല്ല - അമ്പലപ്പുഴ റോഡിൽ നിന്നെത്തുന്നവർക്ക് ഏറെ പ്രയോജനം ചെയ്യും. ബിഎസ്എൻഎൽ ഭവന് മുന്നിലൂടെ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെത്തി ചെയർമാൻസ് റോഡിൽ പ്രവേശിക്കാം.
ഇവർക്ക് ബൈപാസിൽ പ്രവേശിച്ച് കോട്ടയം ഭാഗത്തേക്കും ടികെ റോഡിലെത്തി പത്തനംതിട്ട ഭാഗത്തേക്കും യാത്ര ചെയ്യാം. കുരിശുകവല, എസ്സിഎസ് ജംഗ്ഷൻ, ദീപ ജംഗ്ഷൻ എന്നിവിടങ്ങളിലെ തിരക്കും ഒഴിവാക്കാം.