കോട്ടയം: പതിനൊന്ന് ഹൃദയങ്ങള്‍ മാറ്റിവച്ച് ഇന്ത്യയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന പദവി കോട്ടയം മെഡിക്കല്‍ കോളജിനു സമ്മാനിച്ച ഡോ. ടി.കെ. ജയകുമാര്‍ സൂപ്രണ്ട് പദവി ഒഴിഞ്ഞ് ഇനി മുഴവന്‍ സമയവും ഹൃദ്യോഗ ശസ്ത്രക്രിയ വിഭാഗത്തില്‍ തുടരും. ആയിരക്കണക്കിന് ആളുകളുടെ ഹൃദയകാവലാളായും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മികവിന്റെ കേന്ദ്രമായി കോട്ടയം മെഡിക്കല്‍ കോളജിനെ മാറ്റാന്‍ നേതൃത്വം നല്‍കുകയും ചെയ്താണ് ഡോ. ടി.കെ. ജയകുമാര്‍ സ്ഥാനമൊഴിഞ്ഞത്.
സൂപ്രണ്ട് പദവിയിലിരിക്കുമ്പോഴും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തിലെ തന്റെ സേവനത്തിനു കുറവ് വരാതിരിക്കാന്‍ ഡോ. ടി.കെ. ജയകുമാര്‍ ശ്രദ്ധാലുവായിരുന്നു എന്നതാണ് അദ്ദേഹത്തെ മറ്റു ഡോക്ടര്‍മാരില്‍നിന്നു വ്യത്യസ്തമാക്കിയത്. സൂപ്രണ്ടായിരിക്കുമ്പോള്‍ ദിവസവും രാവിലെ 7.45ന് ശസ്ത്രക്രിയാ മുറിയിലെത്തുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് ഒന്നുവരെ ഹൃദയശസ്ത്രക്രിയയൂടെ ലോകത്താണ്. അതിനുശേഷം രോഗികളെ കാണും. ഇതിനിടിയില്‍ സൂപ്രണ്ടിന്റെ ചുമതലകളും നിര്‍വഹിക്കും.
ജോലികള്‍ എല്ലാം പൂര്‍ത്തീകരിച്ചു വീട്ടിലെത്തുമ്പോള്‍ രാത്രി വൈകും. ഉറക്കം കഷ്ടിച്ച് നാലു മണിക്കൂര്‍ മാത്രം പിറ്റേ ദിവസവും വീണ്ടും മെഡിക്കല്‍ കോളജിലേക്ക്. തിരക്കിനിടയിലും ഹൃദയശസ്ത്രക്രിയാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോട്ടവും സംഭവിക്കാന്‍ ഡോ. ജയകുമാര്‍ ഇടനല്‍കിയിട്ടില്ല. 2018 ലെ പ്രളയകാലത്ത് മെഡിക്കല്‍ കോളജിനെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി ഇദ്ദേഹം മാറ്റി. ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ നേതൃത്വമികവ് എടുത്തു പറയേണ്ടതാണ്.
കോവിഡ് കാലത്തും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുമായി രാജ്യത്താകെ ശ്രദ്ധ നേടാന്‍ കഴിഞ്ഞു. 93 വയസുള്ള തോമസ് ഏബ്രഹാമിനെയും 88 വയസുള്ള ഭാര്യ മറിയാമ്മയെയും ചികിത്സിച്ച് ഇന്ത്യയില്‍ കോവിഡ് മുക്തരാകുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തികളാക്കി. മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു ജീവന് നഷ്ടപ്പെട്ട സാഹചര്യത്തിലും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പൊതുജനങ്ങളോടും സര്‍ക്കാരിനോടും സുതാര്യമായ സമീപനം സ്വീകരിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളജിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് വലിയ പുരോഗിയുണ്ടാക്കാന് ഇദ്ദേഹത്തിന്റെ ഭരണകാലത്ത് കഴിഞ്ഞു. ചികിത്സാമികവിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും പുരോഗതിയുടെയും ആരോഗ്യഭരണ മികവിന്റെയും കേന്ദ്രമായി മെഡിക്കല്‍ കോളജിനെ മാറ്റി.
526 കിടക്കകളുള്ള അത്യാധുനിക സര്‍ജിക്കല്‍ ബ്ലോക്ക്, കാര്‍ഡിയോളജി-കാര്‍ഡിയോതൊറാസിക് ബ്ലോക്ക് രണ്ടാംഘട്ടം, സൂപ്പര്‍സ്പെഷാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക്, സ്ട്രോക്ക് യൂണിറ്റ്, ട്രോമ കെയര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങള്‍ എന്നിവ കോട്ടയം മെഡിക്കല്‍ കോളജിനെ രാജ്യത്തെ തന്നെ മികച്ച ചികിത്സാ കേന്ദ്രമാക്കി ഇന്നു മാറ്റിയിട്ടുണ്ട്.
രോഗീസൗഹൃദ ആശുപത്രി എന്ന ലക്ഷ്യത്തോടെ ഒപി വിഭാഗങ്ങള്‍ ആധുനികവത്കരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സൂപ്രണ്ടിന്റെ ചുമതല ഒഴിഞ്ഞതോടെ അദേഹത്തിന് ഇനി ഹൃദ്രോഗ ശസ്ത്രക്രിയകളില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാം. ഡോ. ടിജി തോമസ് ജേക്കബില്നിന്നാണ് ഡോ. ജയകുമാര്‍ 2016ല്‍ സൂപ്രണ്ട് സ്ഥാനം ഏറ്റെടുത്തത്. ഇപ്പോള്‍ അദ്ദേഹത്തിന് തിരികെ ചുമതല കൈമാറിയിരിക്കുകയാണ്.
Tags : Nattuvishesham Local news Dr. T.K. Jayakumar resigns from the post of Superintendent