കൊച്ചി: കുടുംബങ്ങളുടെ വളർച്ചയ്ക്കും കൂട്ടായ്മയ്ക്കുമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന് അന്പതു വയസ്. കേരളത്തിൽ ആദ്യമായി വിവാഹ ഒരുക്ക കോഴ്സ് ഉൾപ്പടെ സംഘടിപ്പിച്ചു ദാന്പത്യ, കുടുംബ പ്രേഷിതരംഗത്തു മാതൃകാപരമായ ഇടപെടലുകൾ നടത്താൻ അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിനായി.
1976 ജൂൺ 10 നാണ് അതിരൂപത കുടുംബപ്രേഷിത കേന്ദ്രം ആരംഭിച്ചത്. ദാമ്പത്യ, കുടുംബ പരിപോഷണത്തിനായി വിവിധ പരിശീലന പരിപാടികളും വിധവാ ശാക്തീകരണം ലക്ഷ്യമാക്കി കൂട്ടായ്മകളും ആരംഭിക്കാൻ കേന്ദ്രത്തിനായിട്ടുണ്ട്. കാലടി ജീവാലയ, കലൂർ റിന്യൂവൽ സെന്റർ എന്നിവിടങ്ങളിൽ കുടുംബപ്രേഷിതകേന്ദ്രത്തിന്റെ പരിശീലന പരിപാടികൾ നടക്കുന്നുണ്ട്.
സുവർണ ജൂബിലി സമാപന സമ്മേളനം 13 ന് ഉച്ചകഴിഞ്ഞ് 2.30ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കും. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി റോജി എം. ജോൺ മുഖ്യപ്രഭാഷണം നടത്തും. അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജിമ്മി പൂച്ചക്കാട്ട്, മുൻ ഡയറക്ടർ ഫാ. ഡോ. അഗസ്റ്റിൻ കല്ലേലി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോസഫ് മണവാളൻ, അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ. ജോസ് പുതുശേരി,
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി, മിഷണറി കപ്പിൾസ് കൂട്ടായ്മ കോ ഓർഡിനേറ്റർമാരായ റൂബി- മേജോ, അതിരൂപത യൂദിത് ഫോറം കോ ഓർഡിനേറ്റർ ഡെയ്സി അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും. ജൂബിലി സ്മരണിക ചടങ്ങിൽ പ്രകാശനം നടത്തും. കുടുംബപ്രേഷിത കേന്ദ്രത്തിന്റെ മുൻ ഡയറക്ടർമാരെയും തെരഞ്ഞെടുക്കപ്പെട്ട കുടുംബപ്രേഷിത ഇടവകയെയും ആദരിക്കും. കുടുംബപ്രേഷിത കേന്ദ്രം ഒരുക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് ഡയറക്ടർ സംസാരിക്കും. കലാപരിപാടികളും ഉണ്ടാകും.
Tags : Local News Nattuvishesham Ernakulam