ഓപ്പറേഷൻ തണ്ടർ യജ്ഞത്തിന്റെ ഭാഗമായി റാന്നിയിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയ വിദേശമദ്യം.
പത്തനംതിട്ട: പുതിയ അധ്യയനവർഷം ആരംഭിച്ചതോടെ സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവ് ഓപ്പറേഷൻ തണ്ടർ ആരംഭിച്ചു. പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ്, സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ ആദ്യ ആഴ്ചയിൽ ജില്ലയിലുടനീളം 170 മിന്നൽ റെയ്ഡുകളാണ് സംഘടിപ്പിച്ചത്. വിദ്യാർഥികളെ ലക്ഷ്യമിട്ടെത്തുന്ന ലഹരി മാഫിയകളെയും ഇടനിലക്കാരെയും തടയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളുടെ പരിസരങ്ങളിലുള്ള കടകൾ, തട്ടുകടകൾ, ആളൊഴിഞ്ഞ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനുപുറമേ പ്രധാന പാതകളിലെ രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 43 അബ്കാരി കേസുകൾ എക്സൈസ് സംഘം കണ്ടെടുത്തു. ഇതേതുടർന്ന് 37 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 280.700 ലിറ്റർ വിദേശമദ്യം, വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 190 ലിറ്റർ കോട, ഒരു വാഹനം, തൊണ്ടിമുതലായി 4850 രൂപ എന്നിവ കസ്റ്റഡിയിലെടുത്തു.
റാന്നി എക്സൈസ് റേഞ്ച് ഓഫീസ് സംഘം വെച്ചൂച്ചിറ - ചാത്തൻതറ റോഡരികിലെ വീട്ടിൽ നിന്ന് 43 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വച്ചു വില്പന നടത്തിയ കുറ്റത്തിന് കഴുത്തുട്ടുപുരയിടം കെ.എസ്. നസീർ (പളുങ്കൻ, 51) നെ തൊണ്ടിസഹിതം പിടികൂടി കേസ് രജിസ്റ്റർ ചെയ്തു.
ലഹരിമരുന്ന് വില്പനയ്ക്കെതിരേ നടത്തിയ പരിശോധനകളിൽ 13 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു 14 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 0.457 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം തൊണ്ടിയായി പിടിച്ചെടുത്തു.
പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് പഴകുളം ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാൾ പിടിയിലായി. അടൂർ പള്ളിക്കൽ ഭവദാസ്മുക്ക് മുറിയിൽ പൊന്മാനകിഴക്കേതിൽ എച്ച്. ലൈജു (40) വിനെയാണ് 400 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കൂടാതെ പുകയില ഉത്പന്നങ്ങൾക്കെതിരേയുള്ള പരിശോധനയിൽ (കോട്പ) 48 കേസുകൾ കണ്ടെത്തുകയും നിയമലംഘകരിൽ നിന്നായി 9600 രൂപ പിഴ ഈടാക്കുകയും ചെയ്തു.
വരും ദിവസങ്ങളിലും സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. ലഹരി വിപണനത്തെയോ ഉപയോഗത്തെയോ കുറിച്ച് സ്കൂൾ അധികൃതർക്കോപൊതുജനങ്ങൾക്കോ പത്തനംതിട്ട ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമിലോ ഉദ്യോഗസ്ഥരെയോ നേരിട്ടോ വിവരങ്ങൾ അറിയിക്കാം.
എക്സൈസ് ഓപ്പറേഷൻ തണ്ടർ : 9447178000.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, പത്തനംതിട്ട: 9447178055.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്),
പത്തനംതിട്ട: 9496002863.
സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് സ്പെഷൽ സ്ക്വാഡ്, പത്തനംതിട്ട: 9400069473.
എക്സൈസ് കൺട്രോൾ റൂം: 0468-2222873.