ഇരിട്ടി: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ പ്രിയർക്ക് വിഷമില്ലാത്ത മത്സ്യങ്ങൾ ലഭ്യമാക്കാൻ പഴശി പദ്ധതി പ്രദേശത്തെ ശുദ്ധജല മത്സ്യ കൃഷിയിൽ നിന്ന് മത്സ്യ വിപണനം തുടങ്ങി. ഫിഷറീസ് വകുപ്പുമായി ചേർന്ന് പഴശിരാജ സ്വാശ്രയ സംഘം പഴശി പദ്ധതിയുടെ പെരുവമ്പറമ്പിൽ തയാറാക്കിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ അധ്യക്ഷത വഹിച്ചു. കൂട് മത്സ്യ കൃഷി പദ്ധതി പ്രകാരം 15 യൂണിറ്റ് കൂടുകളിലായി 36000 തിലാപ്പിയും രണ്ട് ഹെക്ടർ കുളത്തിൽ 60000 ആസാം വാള, 15 ഹെക്ടർ പ്രദേശത്ത് കാർപ്പ് തുടങ്ങിയവയാണ് തയറാക്കിയിക്കുന്നത്. 500 ഗ്രാം മുതൽ അഞ്ചു കിലോവരെയുള്ള മത്സ്യങ്ങൾ ലഭ്യമാണ്.
പ്രകൃതി ദത്തമായ കുളത്തിൽ വളർന്ന മത്സ്യങ്ങളെ ജീവനോടെ പിടിച്ചുനൽകുന്നതിനുള്ള സംവിധാനവും വിപണന കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഴശി പദ്ധതി പ്രദേശത്ത് ഈ വർഷം മൂന്ന് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്ന് ഷിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ. ജുഗുനു പറഞ്ഞു.
മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് കർഷകർക്ക് സബ്സിഡിയും ലഭ്യമാക്കുന്നുണ്ട്. വിളവെടുപ്പ് ചടങ്ങിൽ പായം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. രാധാകൃഷ്ണൻ, പടിയൂർ പഞ്ചായത്ത് അംഗം കെ.കെ. പ്രഭാകരൻ, പഴശിരാജാ ഫിഷ് ഫാം സെക്രട്ടറി പി.വി. വിനോദൻ, പ്രസിഡന്റ് എ.കെ. നാരായണൻ, പി.എം. ദിവാകൻ, ഫിഷറീസ് അസിസ്റ്റന്റ് ഓഫീസർ റിജുൻരാജ്, ഫിഷറീസ് ജില്ലാ പ്ലാനിംഗ് മാനേജർ സി.വി. ശിശിര, പ്രമോട്ടർമാരായ സീന, അഞ്ജുറോസ്, കെ.പി. ദീപ എന്നിവർ പ്രസംഗിച്ചു.