മുണ്ടക്കയം: റോഡ് വശത്തുള്ള ഗർത്തം വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മുണ്ടക്കയം-പുഞ്ചവയൽ റോഡിലെ മുരിക്കുംവയൽ ശ്രീശബരീശ കോളജിന് സമീപമാണ് റോഡ് വശത്ത് ഗർത്തം രൂപപ്പെട്ടത്.
മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ സംരക്ഷണഭിത്തി തകർന്നാണ് ഗർത്തം രൂപപ്പെട്ടത്. സ്ഥലത്ത് കലുങ്ക് ഇല്ലാത്തതിനാൽ റോഡിലൂടെ മഴവെള്ളം ഒഴുകുന്നതും യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഈ ഭാഗത്ത് റോഡിന്റെ വശങ്ങളിൽ കാട് വളർന്നുനിൽക്കുന്നതിനാൽ ഗർത്തം പെട്ടെന്ന് കാണാൻ കഴിയാത്തതും അപകടം സൃഷ്ടിക്കുന്നുണ്ട്. സിഗ്നൽ ബോർഡുകളോ സുരക്ഷാ ബാരിക്കേഡുകളോ സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല. വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും മുമ്പ് കലുങ്കിന്റെ സംരക്ഷണഭിത്തി നിർമിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.