മാന്നാർ: കാൽപന്തുകളിയുടെ മാസ്മരിക ലോകത്തേക്ക് മാറാൻ രണ്ടു ദിനങ്ങൾ മാത്രം ശേഷിക്കെ നാടാകെ ആവേശത്തിമർപ്പിലാണ്. അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ ഇത്തവണ പോരടിക്കും. 39 ദിവസങ്ങളിലായി 104 മത്സങ്ങളാണ് ലോകകപ്പിലുള്ളത്.
എന്നും ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളിക്ക് ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രികളാണ്. ഗ്രാമവീഥികൾ ഉൾപ്പെടെ എല്ലാ ചെറിയ ജംഗ്ഷനിലും ലോകകപ്പിനെ വരവേറ്റ് വിവിധ ടീമുകളുടെ ഫ്ലെക്സ് ബോർഡുകളും കളിക്കാരുടെ കൂറ്റൻ കട്ട് ഔട്ടുകളും ടീമിന്റെ ജേഴ്സിയുടെ നിറം ചാലിച്ച കൊടി തോരണങ്ങളും നിറഞ്ഞു കഴിഞ്ഞു.
കൂടുതൽ ആരാധകരുള്ള ടീമുകളുടെയും കളിക്കാരുടെയും ഫ്ലക്സുകളാണ് അധികമായി എങ്ങും കാണുന്നത്.
അർജന്റീന, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഉറുഗ്വ, ഇംഗ്ലണ്ട്, സ്പെയിൻ, നെതർലാൻഡ് തുടങ്ങിയ ടീമുകൾക്കാണ് ആരാധക പിന്തുണ കൂടുതൽ. ചിലയിടങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ ടീമുകളുടെ ഫ്ലക്സും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. തോരാമഴ വകവയ്ക്കാതെയാണ് ആരാധകർ കോടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത്.
മാന്നാർ പടിഞ്ഞാറ് പാവുക്കര പന്തഴാറ്റിൽചിറ, കിളുന്നേരി, കുട്ടംപേരൂർ, പൈനുംമൂട്, പരുമല സെന്റ് ഫ്രാൻസിസ് ജംഗ്ഷൻ, റെഡ് സ്റ്റാർ നഗൾ, കടപ്ര സൈക്കിൾ മുക്ക്, മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെല്ലാം ഫുട്ബോൾ ആവേശം നിറഞ്ഞുകഴിഞ്ഞു.