പുല്ലാട്: ടച്ച് വെട്ടലിന്റെ മറവിൽ കെഎസ്ഇബി കഴിഞ്ഞദിവസം പുല്ലാട് ഭാഗത്ത് മുറിച്ചിട്ടത് ടാപ്പ് ചെയ്തു കൊണ്ടിരുന്ന 14 റബർ മരങ്ങൾ. കോയിപ്രം പഞ്ചായത്ത് എട്ടാം വാർഡ് പരിധിയിൽ കൊച്ചുതുണ്ടിൽ കെ. തോമസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള റബർ മരങ്ങളും മഹാഗണിയുമാണ് കെഎസ്ഇബിയുടെ യന്ത്രവത്കൃത ടച്ച് വെട്ടലിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി മുറിച്ചു നീക്കിയത്. ഉടമയ്ക്ക് നോട്ടീസോ മറ്റോ നൽകാതെയാണ് കരാറുകാർ മരങ്ങൾ മുറിച്ചിട്ടത്. കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ തട്ടാൻ സാധ്യതയുള്ളവയെന്ന പേരിലാണ് മരങ്ങൾ മുറിച്ചത്. പുല്ലാട് മാടോലിൽപ്പടിയിൽ നിന്ന് പൂവത്തൂർ റോഡരികിലാണ് പുരയിടം. വസ്തു ഉടമ സ്ഥലത്തില്ല. ഒന്പതു മാസം മുന്പ് ഇവർക്ക് നോട്ടീസ് നൽകിയതനുസരിച്ച് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലൈനിൽ തട്ടാൻ സാധ്യതയുള്ള വൃക്ഷ ശിഖരങ്ങൾ മുറിച്ചു നീക്കിയിരുന്നു.
വീണ്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ വസ്തുവിൽ കടന്നുകയറി മരങ്ങൾ മുറിക്കുകയായിരുന്നുവെന്ന് തോമസ് മാത്യു പറഞ്ഞു. ഇദ്ദേഹം നിലവിൽ തിരുവനന്തപുരത്താണ് താമസം. ടാപ്പ് ചെയ്യാൻ ആരംഭിച്ചിട്ട് നാല്, അഞ്ച് വർഷങ്ങൾ മാത്രമായ മരങ്ങളാണ് നശിപ്പിച്ചത്. ഇവ പാഴ്തടികളായി മുറിച്ചിടുകയായിരുന്നു. ടച്ച് വെട്ടലിനു കെഎസ്ഇബി കരാർ നൽകിയിരിക്കുന്നവരാണ് മുറിക്കാനെത്തിയത്. ഇവരുടെ യന്ത്രവത്കൃത വെട്ടലാണ് നടന്നിട്ടുള്ളത്. വസ്തുവിൽ അനധികൃതമായി കടന്നുകയറി മതിലിനും തകരാർ വരുത്തിയതായി തോമസ് മാത്യു പറഞ്ഞു.
വൈദ്യുത ലൈനിൽ യാതൊരു കാരണവശാലും തട്ടാൻ സാധ്യതയില്ലാത്ത മരങ്ങളും മുറിച്ചു. നേരത്തെ 11 കെവി ലൈനിനോടു ചേർന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുനീക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥരെ എത്തിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തതാണ്.
മരം മുറിച്ചതിനു പിന്നാലെ ഇതിനു വില പറയാൻ തടി വ്യാപാരികളെത്തിയതും ദുരൂഹത പരത്തുന്നു. മുറിച്ചിട്ട മരങ്ങൾ നിസാര വിലയ്ക്ക് എടുക്കാൻ ചിലർ എത്തിയിരുന്നുവത്രേ.
സംഭവത്തിൽ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർക്കും സ്ഥലം എംഎൽഎയ്ക്കും പരാതി നൽകിയതായി തോമസ് മാത്യു പറഞ്ഞു. യാതൊരു നീതികരണവുമില്ലാത്ത നടപടിയാണ് കെഎസ്ഇബിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പരാതിയിൽ അദ്ദേഹം കുറ്റപ്പെടുത്തി. വിഷയം വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായും നടപടിക്ക് നിർദേശമുണ്ടായതായും അബിൻ വർക്കി എംഎൽഎ അറിയിച്ചു.
വെട്ടിയിടാൻ കരാറുകാർ
ടച്ച് വെട്ടലിനായി ക്രെയിനുൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് കെഎസ്ഇബി കരാർ നൽകിയതോടെ നിയമങ്ങൾ മറികടക്കുന്നു. 11 കെ. വി ലൈനിലേക്ക് 2.6 മീറ്റർ ദൂരത്തിനുളളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനാണ് കെഎസ്ഇബി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതു ശരിയല്ലെന്നും 1.76 മീറ്റർ മാത്രമേ വൈദ്യുത ലൈനിന്റെ ഇരുവശങ്ങളിലേക്കും നിർദേശിച്ചിരിക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു.
ഫലവൃക്ഷങ്ങൾ അടക്കം മൂടോടെ മുറിച്ചിടുന്നതാണ് പ്രതിഷേധത്തിനു കാരണമായത്. നേരത്തെ ശിഖരങ്ങൾ കോതി നിർത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞവർഷങ്ങളിൽ വൃക്ഷങ്ങൾ കടപുഴകി നഷ്ടം വർധിച്ചുവെന്ന പേരിൽ ലൈനിന്റെ തൊട്ടടുത്ത മരങ്ങൾ തന്നെ മുറിച്ചു മാറ്റുകയാണ്. ദുരന്ത നിവാരണ നിയമം മുഖവിലയ്ക്കെടുത്താണ് നടപടികൾ. എന്നാൽ ഉടമകൾക്ക് നോട്ടീസ് നൽകി വേണം മരങ്ങൾ മുറിക്കേണ്ടതെന്ന് ജില്ലാ കളക്ടറും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർദേശങ്ങൾ പാലിക്കാനും കരാറുകാർ തയാറായിട്ടില്ല.
തെങ്ങ്, പ്ലാവ്, ആഞ്ഞിലി, റബർ അടക്കം മൂടോടെയും പകുതി വച്ചും മുറിച്ചിട്ടു. കവിയൂരിൽ കഴിഞ്ഞയാഴ്ച തെങ്ങുകൾ മൂടോടെ നശിപ്പിച്ചത് പ്രതിഷേധത്തിനു കാരണമായിരുന്നു. യാതൊരു കാരണവശാലും വൈദ്യുതലൈനിനു ഭീഷണിയാകാത്ത തെങ്ങുകളാണ് മുറിച്ചുനീക്കിയത്.
തെങ്ങിന്റെ രണ്ട് ഓലമടൽ വെട്ടിയാൽ തീരുന്ന സാഹചര്യത്തിൽ പോലും തെങ്ങിന്റെ മണ്ട വെട്ടി വീഴ്ത്തുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പല സ്ഥലത്തും ഇതിനെതിരേ രംഗത്തു വന്നെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥർ അവഗണിച്ച് മുന്നോട്ടു പോകുകയായിരുന്നു.