എടക്കര: മലയോര ജനതയുടെ സ്വപ്ന പാതയായ നിലന്പൂർ-മേപ്പാടി മലയോര പാത സാക്ഷാത്കരിക്കുന്നതിനായി നാടൊന്നിക്കുന്നു. പാത യാഥാർഥ്യമാക്കുന്നതിന് വേണ്ടിയുള്ള കർമ സമിതി രൂപീകരണ യോഗം ഇന്ന് വൈകുന്നേരം നാലിന് പോത്തുകൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത്, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും കർമ സമിതി രൂപീകരണ യോഗം നടക്കുക. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനകൾ, മലയോര ഹൈവേ ആക്ഷൻ കൗണ്സിൽ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
നിലവിൽ പാലക്കാട് മണ്ണാർക്കാട്, കാളികാവ്, എടക്കര വഴിയുള്ള മലയോര പാത മുണ്ടേരി ഫാം ഗേറ്റിൽ എത്തി നിൽക്കുകയാണ്. പാലുണ്ട മുതൽ ചാത്തംമുണ്ട വരെയുള്ള രണ്ടാം റീച്ചിലെ നാല് കിലോമീറ്റർ ദൂരം മാത്രമാണ് ഇനി നിർമിക്കേണ്ടത്. ഈ ഭാഗത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. മുന്പ് തയാറാക്കിയ അലൈൻമെന്റ് പ്രകാരം മലയോര പാത മുണ്ടേരി അരണപ്പുഴ വഴി വയനാട് ജില്ലയിലെ മേപ്പാടിയിലെത്തുന്ന രൂപത്തിലായിരുന്നു. എന്നാൽ ഏഴ് കിലോമീറ്റർ ദൂരം വരുന്ന വനപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.
ഇതേത്തുടർന്ന് മുണ്ടേരിയിൽ നിന്ന് മേപ്പാടിയിലേക്കുള്ള മലയോര പാതയുടെ ഭാഗം ഒഴിവാക്കി പകരം മേപ്പാടി-കള്ളാടി തുരങ്ക പാതയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുകയായിരുന്നു. പഴയ അലൈൻമെന്റ് പ്രകാരം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുകയാണ് കർമ സമിതിയുടെ ലക്ഷ്യം.
പാത യാഥാർഥ്യമായാൽ മലപ്പുറം ജില്ലയിൽ നിന്ന് വയനാട് ജില്ലയിലേക്ക് നേരിട്ട് പ്രവേശിക്കാനാകും. നിലവിൽ നാടുകാണിച്ചുരം വഴി തമിഴ്നാട്ടിലെത്തിയോ താമരശേരി ചുരം വഴിയോ മാത്രമേ ചുറ്റിവളഞ്ഞ് വയനാട് ജില്ലയുമായി ബന്ധപ്പെടാനാകൂ. ഈ രണ്ട് ചുരങ്ങളും കാലവർഷങ്ങളിൽ നിരന്തര ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്. മുണ്ടേരി-മേപ്പാടി പാതയിൽ ചുരങ്ങളോ കയറ്റങ്ങളോ ഇല്ലാത്തതും മലപ്പുറം ജില്ലയിൽ നിന്ന് വയനാട്ടിലും തമിഴ്നാട്ടിലുമെത്താൻ ദൂരം വളരെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.
വയനാട് ജില്ലയിലെ ജനങ്ങൾക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വളരെ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ഈ പാത സഹായകരമാകും. അതിലുപരി മലപ്പുറം ജില്ലയുടെ സമഗ്ര വികസനം സാധ്യമാക്കാൻ ഉതകുന്ന പാതയും കൂടിയാണ് മുണ്ടേരി-മേപ്പാടി മലയോര പാത.