ആലപ്പുഴ: ശബ്ദമലിനീകരണത്തിനെതിരേ ശബ്ദമുയർത്തി ലൗഡ് സ്പീക്കർ രാജ്യവ്യാപകമായി നിരോധിപ്പിച്ച പി.പി. സുമനൻ (86) അന്തരിച്ചു. ഇരുപതു വർഷത്തിലേറേ ജില്ലാകോടതി മുതൽ സുപ്രീംകോടതി വരെ പോരാടിയാണ് കോളാംബി എന്നറിയപ്പെടുന്ന ലൗഡ് സ്പീക്കർ രാജ്യവ്യാപകമായി നിരോധിപ്പിച്ചത്.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഇടതുപക്ഷ ചിന്തകനുമായ സുമനൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചിത്രകലാ അധ്യാപകൻ, പരിസ്ഥിതി സംരക്ഷകൻ, ലേഖകൻ, പത്രാധിപർക്കുള്ള ആയിരക്കണിക്കിന് കത്തുകളുടെ കർത്താവ്, കവി, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ, ഹിപ്നോട്ടിസം പരിശീലകൻ എന്നീ മേഖലകളിൽ അരനൂറ്റാണ്ടിലേറെക്കാലം സജീവമായിരുന്നു.
രാമങ്കരി വേഴപ്ര പുത്തൻകളത്തിൽ പത്മനാഭന്റെയും ഗൗരിയുടെയും മകനായ സുമനൻ വേഴപ്ര സ്കൂളിലും ആലപ്പുഴ എസ്എസ് സ്കൂൾ ഓഫ് ആർട്സിലെയും വിദ്യാഭ്യാസത്തിനുശേഷം ചിത്രകലാ അധ്യാപകനായി പറവൂർ ഗവ. ഹൈസ്കൂളിലും വേഴപ്ര ഗവ. സ്കൂളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: കെ. സുമതി അമ്മ (റിട്ട. നഴ്സിംഗ് സുപ്രണ്ട്, മെഡിക്കൽ കോളജ്, ആലപ്പുഴ). മക്കൾ: സി.എസ്. രേഖ, ഡോ. സി.എസ്. ചിത്ര (പ്രിൻസിപ്പൽ, ശാന്തി നികേതൻ ബിഎഡ് കോളജ്, ബംഗളൂരു). മരുമക്കൾ: ഡോ. കെ.എ. സുനിൽ, കെ.ബി. ഉണ്ണികൃഷ്ണൻ.
Tags : Nattuvishesham Local news P.P. Suman