കോഴിക്കോട്: എലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പുറക്കാട്ടിരിയില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്കൂട്ടര്‍ യുവാക്കള്‍ പട്ടാപ്പകല്‍ മോഷ്ടിച്ചു. പുറക്കാട്ടിരി ജുമുഅ മസ്ജിദ് - പാതാര്‍ റോഡിലുള്ള കടവത്ത് പീടികയില്‍ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 11 ബികെ 9232 നമ്പറിലുള്ള മെറൂണ്‍ നിറത്തിലുള്ള സുസുക്കി ആക്സസ് സ്കൂട്ടറാണ് മോഷ്ടിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ടീഷര്‍ട്ടും പാന്റ്സും ധരിച്ച പ്രായം കുറഞ്ഞ രണ്ടു യുവാക്കളാണ് മോഷണത്തിന് പിന്നില്‍.
ഗേറ്റ് തുറന്ന് കോമ്പൗണ്ടിലേക്ക് കയറിയ ഇവര്‍ വീടിന്റെ വരാന്തയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ ലോക്ക് തകര്‍ത്ത് തള്ളിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഹമ്മദലിയുടെ ബന്ധുക്കള്‍ ഇടക്ക് സ്കൂട്ടര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. സ്കൂട്ടര്‍ കണാതായപ്പോള്‍ അവര്‍ കൊണ്ടുപോയതായിരിക്കുമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം വീട്ടുകാര്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് മോഷണം നടത്തുന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : nattu vishesham Scooters stolen