തലശേരി: കോടതികളിലെ കേസുകളും കോടതിയിലെത്തുന്നതിന് മുമ്പുള്ള തർക്കങ്ങളും വേഗത്തിലും ചെലവില്ലാതെയും സൗഹാർദ്ദപരമായി പരിഹരിക്കാനുള്ള അവസരമൊരുക്കി ജില്ലയിൽ 13ന് പ്രത്യേക ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കും.
ദേശീയ നിയമസേവന അഥോറിറ്റിയുടെയും സംസ്ഥാന നിയമസേവന അഥോറിറ്റിയുടെയും നിർദേശപ്രകാരം, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അദാലത്ത് നടക്കുന്നത്. ജില്ലയിൽ തലശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ് എന്നീ അഞ്ച് കേന്ദ്രങ്ങളിലായി അദാലത്ത് നടക്കും.
മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, ബാങ്ക് വായ്പ കുടിശികകൾ, സാമ്പത്തിക തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തർക്കങ്ങൾ, വിവിധ സിവിൽ കേസുകൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി-ജല ബിൽ കുടിശികകൾ, വിവാഹമോചനം ഒഴികെയുള്ള കുടുംബ തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും.
ലോക് അദാലത്തിലൂടെ ഒത്തുതീർപ്പാകുന്ന കേസുകളിൽ അടച്ച കോടതി ഫീസ് നിയമപ്രകാരം പൂർണമായി തിരികെ ലഭിക്കും. ദീർഘകാലമായി നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് വേഗത്തിലും ശാശ്വതമായും പരിഹാരം കണ്ടെത്താൻ ലോക് അദാലത്ത് ഫലപ്രദമായ മാർഗമാണെന്ന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.