ഏനാത്ത് ടൗണിൽ കൂട്ടം കൂടി നിൽക്കുന്ന തെരുവുനായ്ക്കൾ
അടൂർ: രാത്രിസമയങ്ങളിൽ ഏനാത്ത് ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. ടൗൺ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കുനേരേ നായ്ക്കൾ കൂട്ടത്തോടെ കുരച്ചു ചാടുന്നത് പതിവായിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നത്. അപ്രതീക്ഷിതമായി നായ്ക്കൾ കുരച്ചു ചാടുന്നതു കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകാനും സാധ്യതയുണ്ട്.
പഴയ പാലത്തിലേക്ക് പോകുന്ന റോഡിന് സമീപമാണ് ഇവ കൂടുതലും തമ്പടിച്ചിട്ടുള്ളത്. ഇവിടെ ആറ്റുതീരത്തേക്കുള്ള റോഡ് വശത്ത് വലിയതോതിൽ മാലിന്യം തള്ളുന്നുണ്ട്. ഇതിലെ ഭക്ഷണാവശിഷ്ടങ്ങൾ കാരണമാണ് ഈ ഭാഗത്ത് നായ്ക്കൾ കൂട്ടം കൂടിയിരിക്കുന്നത്.
വലിയ വ്യാപാരം നടക്കുന്ന ടൗണായിട്ടും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല. പലയിടങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്.