വൈക്കം: വൈക്കം - എറണാകുളം റോഡിലെ വീതി കുറഞ്ഞ ഇത്തിപ്പുഴ പാലത്തില്‍ നടപ്പാതയില്ലാത്തത് വാഹന യാത്രികർക്കും കാല്‍നടക്കാർക്കും അപകടക്കെണിയാകുന്നു.
വീതികുറഞ്ഞ പാലത്തില്‍ വാഹനങ്ങളുടെ അനിയന്ത്രിത പ്രവാഹമാണ്. 1956ല്‍ പണികഴിപ്പിച്ച പാലം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. ഗതാഗതം പാലം നിര്‍മിച്ച കാലത്തുണ്ടായിരുന്നതിന്റെ നൂറിരട്ടിയായി വര്‍ധിച്ചു. പാലത്തിലേക്കുള്ള സമീപറോഡ് മൂന്നു തവണ തകര്‍ന്നു. തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്.
നടപ്പാതയില്ലാത്തതിനാല്‍ പാലത്തിലൂടെയുള്ള കാല്‍നടയാത്ര ഏറെ അപകടകരമാണ്. വലിയ വാഹനങ്ങൾ പാലത്തിലേറുമ്പോൾ വാഹനം ദേഹത്തു തട്ടാതെ തലനാരിഴയ്ക്കാണ് ജീവന് രക്ഷിച്ചെടുക്കുന്നത്.
നൂറുകണക്കിന് വിദ്യാര്‍ഥികളാണ് രാവിലെയും വൈകുന്നേരവും പാലത്തിലൂടെ സഞ്ചരിക്കുന്നത്. ഇവരുടെ യാത്രയും ഏറെ ദുരിതം നിറഞ്ഞതാണ്. പാലത്തില്‍ നടപ്പാത സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതു സംബന്ധിച്ച് മറവന്തുരുത്ത്, ഉദയനാപുരം പഞ്ചായത്ത് അധികൃതരും പൊതുജനങ്ങളും പൊതുമരാമത്തു വകുപ്പിന് നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും തുടർനടപടി ഉണ്ടായില്ല.
പാലത്തില്‍ വഴിവിളക്കില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുകയാണ്. ഇരുള്വീണാല് പാലം ഇരുട്ടിലാണ്. ഇതു കാല്‍നടയാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഗ്രാമീണറോഡുകളില്നിന്നു പ്രധാന നിരത്തിലേക്കുവരുന്ന വാഹനങ്ങള്‍ക്കും വഴിവിളക്കില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഉദയനാപുരം, മറവന്തുരുത്ത് പഞ്ചായത്തുകള്‍ ഫണ്ട് അനുവദിക്കാന്‍ തയാറാണെങ്കിലും വൈദ്യുതിവകുപ്പ് അനുഭാവപൂർവം പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം സമീപ റോഡില്‍ മുമ്പ് രൂപപ്പെട്ട ഗര്‍ത്തത്തിന്റെ അപാകതകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ നടപ്പാത ഉള്‍പ്പെടെ സ്ഥാപിച്ച് പാലം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.