നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി
പത്തനംതിട്ട: ലോകത്തിലെ ആദ്യ എക്യുമെനിക്കൽ പള്ളിയായ നിലയ്ക്കൽ സെന്റ് തോമസ് പള്ളിയെ കൂടി ഗവി ടൂറിസം പദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യം. ഈ ആവശ്യമുന്നയിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി ട്രസ്റ്റ് ഭാരവാഹികൾ മന്ത്രി പി.സി. വിഷ്ണുനാഥിനു നിവേദനം നൽകി.
കേരളത്തിലെ അറിയപ്പെടുന്ന ഒരു പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമാണ് നിലയ്ക്കൽ പള്ളി. കേരളത്തിലെ ഒമ്പത് ക്രൈസ്തവ സഭകളുടെ സംയുക്ത നേതൃത്വത്തിലാണ് പള്ളി പ്രവർത്തിക്കുന്നത്. തീർഥാടകരും സന്ദർശകരുമായി ദിവസേന നൂറുകണക്കിനാളുകൾ നിലയ്ക്കൽ പള്ളിയിലേക്ക് എത്തുന്നുണ്ട്.
വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായഏഴര പള്ളികളിൽ ഒന്നായ നിലയ്ക്കൽ പള്ളിക്ക് ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുണ്ട്. വിവിധ സഭകളുടെ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായാണ് നിലയ്ക്കൽ പള്ളി നിലകൊള്ളുന്നത്.
നിലവിൽ കെഎസ്ആർടിസി ഗവി ടൂറിസം പാക്കേജ് നടത്തിവരുന്നത് പള്ളിയുടെ പ്രവേശന കവാടമായ ആങ്ങമൂഴിയിലൂടെയാണ്. ഗവി ടിക്കറ്റ് കൗണ്ടർ നിലയ്ക്കൽ പള്ളിയിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഗവി പാക്കേജിന്റെ എല്ലാ ബസുകളും ടിക്കറ്റ് കൗണ്ടറിൽ എത്തുന്ന സാഹചര്യത്തിൽ, ഈ ബസുകൾ നിലയ്ക്കൽ പള്ളിയിലേക്കും സർവീസ് തുടരുകയാണെങ്കിൽ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ചരിത്രപ്രസിദ്ധമായ പള്ളിയെക്കുറിച്ച് അറിയാനും സന്ദർശിക്കാനും പ്രാർഥിക്കാനും അവസരം ലഭിക്കും.
റോഡ് മെച്ചപ്പെടുത്തണം
നിലയ്ക്കൽ പള്ളിയിലേക്കുള്ള പാത കാനനപ്രദേശത്തു കൂടിയുള്ളതാണ്. ആങ്ങമൂഴിയിൽ നിന്ന് ആരംഭിച്ചു പള്ളിവരെയുള്ള റോഡിന്റെ സ്ഥിതി ഏറെ ശോചനീയമാണ്. റോഡിന്റെ ദുരവസ്ഥ തീർഥാടകരുടെയും സന്ദർശകരുടെയും യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
നിലയ്ക്കൽ പള്ളിയിലേക്കുള്ള റോഡ് അടിയന്തരമായി നവീകരിക്കുന്നതിനൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പള്ളിയെ ഒരു പ്രധാന മത-പൈതൃക ടൂറിസം കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.