കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളുടെ താണ്ഡവം തുടരുന്നു.ആഴ്ചകളോളമായി ഈ മേഖലയിലെ നിരവധി കർഷകരുടെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിക്കുന്നത്.
വീട്ടുമുറ്റത്ത് പോലും കാട്ടാനകളെത്തി കൃഷി നാശം വരുത്തുകയാണ്. ജീവൻ പോലും പണയം വച്ചാണ് ഇവിടെയുള്ള കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. കർഷകരായ കീരിക്കാട്ട് കുട്ടപ്പൻ, പാറേകുന്നേൽ ജോർജ്, എട്ടിയിൽ രാജു, മലേപറമ്പിൽ ഔസേപ്പച്ചൻ, ഒറ്റപ്ലാക്കൽ മൈക്കിൾ, വടുതല ചാക്കോ, വടുതല ആന്റണി തുടങ്ങിയ കർഷകരുടെ കാർഷിക വിളകളാണ് വ്യാപകമായി തകർത്തത്.
കാട്ടാനകളെ തടയാൻ ശാശ്വത പരിഹാരം കാണാൻ നടപടി വേണമെന്ന ആവശ്യമാണ് കർഷകർ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ് കാനാട്ട്, ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, നേതാക്കളായ ഷാജു കാരക്കട, ഒ.കെ. അമ്മദ് തുടങ്ങിയവർ സന്ദർശിച്ചു.