x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍ ത​ക​രു​ന്ന​ത് പ​തി​വാ​കു​ന്നു


Published: June 10, 2026 03:18 AM IST | Updated: June 10, 2026 03:18 AM IST

കാ​സ​ര്‍​ഗോ​ഡ്: കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ല്‍ ത​ന്നെ ജി​ല്ല​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് പ​തി​വാ​കു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ര്‍​ത്തു​ന്നു. ദേ​ലം​പാ​ടി അ​ഡൂ​ര്‍ പൊ​നോ​ര​ത്ത് പു​തു​താ​യി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്ന് ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ജി​ല്ല. ഭി​ത്തി​നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​ശാ​സ്ത്രീ​യ​ത​യു​മാ​ണ് പു​തു​മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു​വീ​ഴാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട​യി​ലെ സി​എ​സ്‌​ഐ പ​ള്ളി​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു. 10 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കൂ​റ്റ​ന്‍ മ​തി​ലാ​ണ് ഈ ​മാ​സം അ​ഞ്ചി​ന് ഉ​ച്ച​കഴിഞ്ഞ് 2.15ഓടെ ​നി​ലം​പൊ​ത്തി​യ​ത്. അ​തു​പോ​ലെ ഉ​പ്പ​ള​യി​ലും കാ​റ​ഡു​ക്ക ക​ര്‍​മം​തോ​ടി​യി​ലും സ​മാ​ന അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. ഭാ​ഗ്യ​ത്തി​നാ​ണ് ഇ​വി​ടെ​യൊ​ക്കെ ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത്. സ്ഥ​ല​ത്തി​ന്‍റെ ചെ​രി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ല​ത​ര​ത്തി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്കാ​റു​ണ്ട്.

ചെ​ങ്ക​ല്ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ചു​ള്ള ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യാ​ണ് ആ​ദ്യ​ത്തേ​ത്. ഇ​താ​കു​മ്പോ​ള്‍ ഉ​യ​രം കു​റ​ഞ്ഞ ഭി​ത്തി​ക​ള്‍ മാ​ത്ര​മേ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യൂ. കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും ബീ​മു​ക​ളും ചേ​ര്‍​ത്ത് ക​ല്ല് കെ​ട്ടു​ന്ന രീ​തി​യാ​ണ് മ​റ്റൊ​ന്ന്. ഉ​രു​ള​ന്‍ ചെ​ങ്ക​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള​താ​ണ് അ​ടു​ത്ത​ത്. ഇ​തി​ല്‍ ക​ല്ലു​ക​ള്‍ ത​മ്മി​ലു​ള്ള പി​ടി​ത്തം വ​ര്‍​ധി​ക്കു​ക​യും ഭി​ത്തി​ക്കു ബ​ലം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യും. ക​രി​ങ്ക​ല്‍ ഉ​പ​യോ​ഗി​ച്ചും ക​മ്പി​യും സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തും ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്കാ​റു​ണ്ട്. ഇ​വ​യ്ക്കു ചെ​ല​വ് കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ചെ​ല​വ് കു​റ​ഞ്ഞ ആ​ദ്യ​ത്തെ രീ​തി​ക​ളാ​ണ് ഭൂ​രി​ഭാ​ഗം പേ​രും പി​ന്തു​ട​രു​ന്ന​ത്.

സം​ര​ക്ഷ​ണ​ഭി​ത്തി ര​ണ്ടു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​ര്‍​മി​ക്കു​മ്പോ​ള്‍ ഒ​രു​മി​ച്ച് മ​ണ്ണി​ടു​ന്ന​തി​നു പ​ക​രം​ഘ​ട്ടം​ഘ​ട്ട​മാ​യി മ​ണ്ണ് നി​റ​യ്ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ പ​റ​യു​ന്നു. ര​ണ്ടു മീ​റ്റ​ര്‍ വ​രെ മാ​ത്ര​മേ മ​ണ്ണ് ഒ​ന്നി​ച്ച് നി​റ​യ്ക്കാ​ന്‍ പാ​ടു​ള്ളൂ. വ​ലി​യ ഭി​ത്തി ഘ​ട്ടം​ഘ​ട്ട​മാ​യി നി​ര്‍​മി​ക്കു​ന്ന​തും ബ​ലം വ​ര്‍​ധി​ക്കാ​ന്‍ സ​ഹാ​യി​ക്കും. ത​ട്ടു​ക​ളാ​യി തി​രി​ച്ച് ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തും ഇ​ടി​യാ​തി​രി​ക്കാ​ന്‍ ഗു​ണം ചെ​യ്യും. ഒ​രു​മി​ച്ച് മ​ണ്ണി​ട്ടാ​ല്‍ മ​ഴ​യി​ല്‍ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി മ​ണ്ണ് പു​റ​ത്തേ​ക്കു ത​ള്ളു​ക​യും ഭി​ത്തി ത​ക​രു​ക​യും ചെ​യ്യും.

 

 

Tags : Nattuvishesham Local news protective walls

Recent News

Corehub Up