മൂവാറ്റുപുഴ: നെല്ലാട്-വാളകം റോഡില്‍ പുളിക്കായത്ത് പാലം പൊളിച്ചിട്ട് അഞ്ച് മാസമായിട്ടും നിര്‍മാണം പൂര്ത്തീകരിക്കാത്തതിനെതിരേ പ്രതിഷേധം വ്യാപകം. എംസി റോഡിന് ബദലായി മണ്ണൂരില്‍ നിന്നും വാളകം പെരുവംമൂഴി വഴി രാമമംഗലത്തേക്കും ഏറ്റുമാനൂരിലേക്കും നൂറുകണക്കിന് വാഹനങ്ങളും നാല് ബസുകളും സര്‍വീസ് നടത്തുന്നത് ഇതുവഴിയാണ്. പാലം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
നെല്ലാട് കവലയില്‍ നിന്നും 300 മീറ്റര്‍ ദൂരം മാത്രമുള്ള പാലത്തിന്റെ അക്കരെയുള്ളവര്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കായി നെല്ലാട് എത്തുന്നതിന് രണ്ടര കിലോമീറ്റര്‍ പഞ്ചായത്ത് വഴിയിലൂടെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ദിവസേന നെല്ലാട് ഭാഗത്തേക്ക് സ്കൂളുകളിലും കോളജുകളിലും കിന്‍ഫ്രാ പാര്‍ക്കിലെ കമ്പനികളിലേക്കും മൂവാറ്റുപുഴയിലേക്കും പോകേണ്ടവർ യാത്രാ ദുരിതം നേരിടുന്നു. തോട് മറികടക്കുന്നതിനായി ഒരു താല്‍ക്കാലിക ഇടവഴി നിര്‍മിച്ചിട്ടുണ്ട്. കാലവര്‍ഷത്തില്‍ റോഡില്‍ വെള്ളം കയറുന്ന ഇവിടെ മഴ കൂടിയാല്‍ ഇത് മുങ്ങിപ്പോകും. പാലം പൊളിച്ചതുമൂലം അക്കരെയുള്ളവര്‍ എത്താതായതോടെ നെല്ലാട് കവലയിലെ വ്യാപാരികള്‍ക്കും ഇരുട്ടടിയായിരിക്കുകയാണ്.
പാലം പൊളിച്ച് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടെങ്കിലും തിരിഞ്ഞു പോകേണ്ട ഭാഗങ്ങളില്‍ ദിശാബോര്‍ഡ് ഇല്ലാത്തതിനാല്‍ ദൂരെ നിന്നും പെരുമ്പാവൂര്‍, നെടുമ്പാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പലപ്പോഴും വഴി തെറ്റുന്നുണ്ട്. വാഹനങ്ങള്‍ വഴി തിരിഞ്ഞു പോകുന്ന മഞ്ചനാട്, ചെറുനെല്ലാട് എംഎല്‍എ റോഡില്‍ മഞ്ചനാട് ഭാഗത്ത് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ തിരിയുമ്പോള്‍ അപകടം സംഭവിക്കുന്നതും പതിവാണ്. പാലത്തിന്റെ സ്ലാബ് വാര്‍ക്ക കഴിഞ്ഞ ആഴ്ച കഴിഞ്ഞു. അപ്രോച്ച് റോഡ് കൂടി പൂര്‍ത്തിയായി പാലം തുറന്നുകൊടുക്കാന്‍ ഇനി എത്രനാള്‍ വേണ്ടിവരുമെന്ന ഉത്കണ്ഠയിലാണ് നാട്ടുകാര്‍.
Tags : nattu vishesham public has been suffering