മരുതൂർ പിയുപി സ്കൂളിലെ ഓഫീസ് മുറി മോഷ്ടാക്കൾ തകർത്ത നിലയിൽ.
കല്ലൂര്‍ക്കാട്: മരുതൂര്‍ പിയുപി സ്കൂളിൽ മോഷണം. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് മോഷണം നടന്നത്. സ്കൂളിലെ ലാപ്ടോപ്പാണ് മോഷ്ടിക്കപ്പെട്ടത്. പ്രദേശവാസിയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ലാപ്ടോപ്പ് തിരികെ കിട്ടി. പ്രദേശവാസിയായ അഭിജിത് രാത്രി ഒന്നരയോടെ സ്കൂളിനു സമീപമുള്ള കനാല്‍ റോഡുവഴി വീട്ടിലേയ്ക്കു പോകുമ്പോള്‍ സ്കൂൾ റോഡില്‍ നിന്നും കറുത്ത വേഷം ധരിച്ച രണ്ട് പേര് വരുന്നതു കണ്ടു.
പ്രദേശവാസി കണ്ടെന്നു മനസിലായതോടെ അയാളെ ആക്രമിച്ച് മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തെ തുടർന്ന് സ്ഥലത്തുനിന്ന് ഓടിയ അഭിജിത് സുഹൃത്തുക്കളെ വിവരം അറിയിക്കാനായി ഫോൺ തിരഞ്ഞപ്പോൾ അതു നഷ്ടപ്പെട്ടതായി മനസിലാക്കി തിരികെ വന്നപ്പോഴാണ് ഫോണിനൊപ്പം ലാപ്ടോപ്പും കിട്ടിയത്.
സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കുന്ന പരിപാടിയോടനുബന്ധിച്ച് ഇന്നലെ സ്കൂളിൽ ഭാരവാഹികൾ എത്തിയിരുന്നു. ഭാരവാഹികൾക്കായി പ്രധാനാധ്യാപികയുടെ മുറി തുറന്ന സമയത്താണ് സ്കൂള്‍ അധികൃതരും മറ്റുള്ളവരും മോഷണവിവരം അറിഞ്ഞത്. ഭിത്തിയുടെ മുകളിൽ ഓഫീസ് മുറി വേർതിരിച്ച് സ്ഥാപിച്ചിരുന്ന പലക പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. പുറത്തു നിന്ന് ഭിത്തിയിൽ ചവിട്ടിക്കയറിയതെന്നു സംശയിക്കുന്ന അടയാളങ്ങളും കണ്ടെത്തി.
രാവിലെ താമസിച്ച് ഉണർന്ന അഭിജിത് ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് സ്കൂളിലേതാണെന്നു മനസിലാക്കിയത്. ലാപ്ടോപ്പ് തിരിച്ചേൽപ്പിക്കാൻ അഭിജിത് സ്കൂളിലെത്തിയതോടെ മോഷണം സ്ഥിരീകരിച്ച് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കല്ലൂര്‍ക്കാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പു നടത്തി.
Tags : Local News Nattuvishesham Ernakulam