രാജാക്കാട്: ശക്തമായ കാറ്റിലും മഴയിലും രാജാക്കാട് പുന്നസിറ്റിക്കു സമീപം റോഡിലേക്കു വൻ മരം ഒടിഞ്ഞുവീണ് ഗതാഗതം പൂർണമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തോട്ടം തൊഴിലാളികൾ പണിക്കായി എത്തുന്ന സമയത്ത് തിരക്കേറിയ റോഡിലേക്കു മരം വീണതിനെത്തുടർന്ന് ഇരുവശങ്ങളിലും വാഹനങ്ങളുടെ വലിയ നിര രൂപപ്പെടുകയും പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടൻതന്നെ രാജാക്കാട് അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. ഫയർ ഓഫീസർമാരായ നോബിൻ വർഗീസ്, എം.എസ്. അഖിൽ, ജിപ്സൺ ജോസി, അഖിലേഷ് കുമാരൻ, സന്ദീപ് സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഗ്നിരക്ഷാ സേനാംഗങ്ങൾ ചെയിൻസോ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് മരം പൂർണമായും മുറിച്ചുമാറ്റിയത്. തുടർന്ന് റോഡ് വൃത്തിയാക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കി.
Tags : Nattuvishesham Local news Tree falls isrupts traffic