കൊച്ചി: ടിനി ടോമിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്. സര്‍ക്കാര്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസം. ടിനി ടോമിനെതിരായ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നും അന്‍സിബ ഹസന് പറഞ്ഞു. ടിനി ടോമിനെതിരെ നല്കിയ പരാതിയില്‍ കടവന്ത്ര പോലീസിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍സിബ.
പുറത്തുപറയാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് തന്നെക്കുറിച്ച് പറഞ്ഞത്. അത് ഒരിക്കലും ക്ഷമിക്കില്ല. ഒരാളോടും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ടിനി ടോം എന്നെക്കുറിച്ച് പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ കൂടെയുണ്ട് എന്ന ഒറ്റ ബലത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നിയമപോരാട്ടത്തിലൂടെ ജയിക്കുമെന്ന് ഉത്തമ ബോധ്യമുണ്ട്. സത്യത്തിനൊപ്പമാണ് നില്‍ക്കുന്നത്. ടിനി ടോമിന് ഒരുപാട് സ്വാധീനമുണ്ടായേക്കാം. എന്തൊക്കെയായാലും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഡബിള്‍ ഡാഡി സിന്‍ഡ്രോം എന്ന് ടിനി ടോം എഴുതി അയച്ച സന്ദേശമുണ്ട്. ഇത് അണ്‍പാര്‍ലമെന്ററി വാക്കാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, പാര്‍ലമെന്റില്‍ പോലും ഉപയോഗിക്കുന്ന വാക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡബിള്‍ ഡാഡി സിന്‍ഡ്രോമിന് എനിക്കറിയുന്ന അര്‍ത്ഥം ഒന്നേയുള്ളൂ. തന്റെ പരാതി കേള്‍ക്കാന്‍ അമ്മ നിയോഗിച്ച സമിതിയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്‍സിബ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam