തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മലയോര ജില്ലയും ഫുട്ബോള്‍ ആവേശത്തില്‍. നാടിന്റെ മുക്കും മൂലയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും നിറങ്ങളായ നീലയും മഞ്ഞയും കൊടിതോരണങ്ങള്ക്കൊണ്ട് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകര്‍ ഏറെയെങ്കിലും പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട് എന്നി രാജ്യങ്ങള്‍ക്കും ആരാധകരുണ്ട്.
സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, റൊണാള്‍ഡോ, എംബാപേ എന്നിവര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും പലയിടങ്ങളിലും ഉയര്‍ന്നുകഴിഞ്ഞു.
പല ബോര്‍ഡുകളിലും ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. താരങ്ങളുടെ ഫാന്‍സുകാരാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കുളമാവ് വടക്കേപ്പുഴ ചെക്ക്ഡാമില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് പ്രദേശത്തെ ആരാധകര്‍ ലോകകപ്പിനെ വരവേറ്റത്. ഇപ്പോള്‍ എവിടെയും സൗഹൃദക്കൂട്ടായ്മകളിലും അന്തിച്ചര്‍ച്ചകളിലും ലോകകപ്പ് ആവേശമാണ് നിറയുന്നത്.
ലോകകപ്പ് ആവേശം പടിവാതില്ക്കല് എത്തിയതോടെ പ്രിയ താരങ്ങളുടെ ജഴ്സിയും മറ്റും വാങ്ങാന്‍ സ്പോര്‍ട്സ് ഐറ്റങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ആവശ്യക്കാരേറി. പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം വിവിധ വര്‍ണങ്ങളിലുള്ള ജഴ്സികള്‍ വന്‍തോതില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും ജഴ്സികള്ക്കുതന്നെയാണ് ഡിമാൻഡ്. തൊടുപുഴയിലും മറ്റും ചൂടപ്പം പോലെയാണ് ഇവ വിറ്റു പോകുന്നത്.
ഇതിനു പുറമേ വവിധ രാജ്യങ്ങളുടെ കൊടികള്‍, തൊപ്പി, തോരണം, പില്ലോ, കീ ചെയിന്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട്. തൊപ്പിയും മറ്റും വലിയ തോതില്‍ വില്‍പ്പന നടക്കുന്നുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതോടെ വില്‍പ്പന ഇനിയും തകൃതിയാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള അവസരങ്ങളും കാണികള്‍ക്കായി വിവിധയിടങ്ങളില്‍ ഒരുക്കുന്നുണ്ട്. ക്ലബുകളുടെയും ടീമുകളുടെ ഫാന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്നത്. ഇതിനായി വലിയ സ്ക്രീനുകളും സജ്ജമാക്കും. ഇത്തരം കേന്ദ്രങ്ങളിലെല്ലാം വലിയ തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ കളി കാണാനെത്തും.
Tags : Nattuvishesham Local news World Cup football fans