നളന്ദ യൂണിവേഴ്സിറ്റിയിൽ പിജി കോഴ്സുകൾ
Wednesday, February 26, 2020 10:59 PM IST
ലോകത്തെ ഏറ്റവും പുരാതന സർവകലാശാലകളിൽ ഒന്നായ നളന്ദയുടെ പുനവതാരമായ നളന്ദ യൂണിവേഴ്സിറ്റി അക്കാഡമിക് മികവും പ്രതിബദ്ധതയുമുള്ളവരിൽ നിന്നു വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിഹാറിലെ നളന്ദ ജില്ലയിൽ തന്നെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ഇക്കോളജി ആൻഡ് എൻവയണ്മെന്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മാനേജ്മെന്റ് എന്നീ വകുപ്പുകളുടെ കീഴിൽ എംഎ/ എംഎസ്സി/ എംബിഎ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സസ്റ്റൈനബിൾ ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിലാണ് എംബിഎ കോഴ്സ് നടത്തുന്നത്. രണ്ടു വർഷം ദൈർഘ്യമുള്ളതാണു കോഴ്സ്.
ഒരു വർഷത്തെ പഠനത്തിനു ശേഷം ഡിപ്ലോമ നേടി പഠനം അവസാനിപ്പിക്കാനും അവസരമുണ്ട്. സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, സെൽഫ് ഇൻട്രൊഡക്ടറി നോട് എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. എംബിഎക്ക് 50000 രൂപയും മറ്റു പിജി കോഴ്സുകൾക്ക് 28000 രൂപയുമാണ് വാർഷിക ഫീസ്. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ് 500 രൂപ.
അപേക്ഷാ ഫീസ് 1000 രൂപ. സ്കൂൾ ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷാ ഫീസ് 500 രൂപ.
55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാൻ മാസ്റ്റേഴ്സ് ബിരുദം വേണം.