പിജി ഏകജാലകം രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴി പിജി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഒന്‍പതിന് വൈകുന്നേരം നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. ഒന്‍പതിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
പരീക്ഷാകേന്ദ്രം
11ന് ആരംഭിക്കുന്ന എംഎ, എംഎസ്സി, എംകോം (പ്രൈവറ്റ്) പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ 17 മുതൽ ആരംഭിക്കും. ഒന്പതുവരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
ഒന്നും രണ്ടും സെമസ്റ്റർ ബിപിഎഡ് (2014 അഡ്മിഷൻ സപ്ലിമെന്ററി, 2007 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഓഗസ്റ്റ് രണ്ടു മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിപിഇഎസ് (2017 അഡ്മിഷൻ മുതൽ റെഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 24ന് ആരംഭിക്കും. ഒന്പതുവരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം.
ബിഎസ്സി സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബിഎസ്സി ഒക്ടോബർ 2018 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ 10, 11, 12 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷാഭവനിലെ 226ാം നന്പർ മുറിയിൽ ഹാൾടിക്കറ്റുമായി എത്തണം.
പരീക്ഷാഫലം
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ പിജി സിഎസ്എസ് എംഎസ്സി ഹോംസയൻസ് ബ്രാഞ്ച് 10 (എ) ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് ഫാമിലി സയൻസ്, ബ്രാഞ്ച് 10(ഡി) കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.കഴിഞ്ഞ ജൂണ്‍ 21ന് നടന്ന നാലാം സെമസ്റ്റർ ബിഎ പ്രൈവറ്റ് മോഡൽ ഒന്ന് സോഷ്യോളജി (സിബിസിഎസ്എസ്.) പുനഃപരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ അപേക്ഷിക്കാം.
സ്റ്റേറ്റ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമായ സ്റ്റേറ്റ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനും ജോലി, കന്പനി, യോഗ്യത, സ്ഥലം ഇവയ്ക്കനുസരിച്ച് ജോലികൾ തെരഞ്ഞെടുക്കാനും യോഗ്യതയനുസരിച്ച് ജോലികൾക്ക് രജിസ്റ്റർ ചെയ്യാനും വെബ്സൈറ്റിൽ സൗകര്യമുണ്ട്. സ്വയംസംരംഭകരാകാൻ താത്പര്യമുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും തൊഴിൽദാതാവായും രജിസ്റ്റർ ചെയ്യാം. വിവിധ കന്പനികളുടെ തൊഴിൽമേളകളുടെ വിശദാംശങ്ങളും തൊഴിലന്വേഷകർക്ക് ഉപയോഗപ്രദമായ മറ്റു വിവിധ സർക്കാർ സംവിധാനങ്ങളിലേക്കുള്ള ലിങ്കും വെബ്സൈറ്റിൽ ലഭിക്കും