ബിഗ് ഡാറ്റാ ബയോളജിയിൽ പിജി ഡിപ്ലോമ
വിവര സാങ്കേതിക വിദ്യയുടെ വളർച്ചയും ആരോഗ്യ രംഗത്തും അനുബന്ധ മേഖലകളിലും ഉണ്ടായ കുതിപ്പും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്നതു ശാസ്ത്രമേഖലയ്ക്കു വലിയ വെല്ലുവിളിയായി. അതുകൊണ്ടു തന്നെ ഡാറ്റാ അനലിസ്റ്റുകളും ഡാറ്റാ എൻജിനിയർമാരും ജൈവ, വൈദ്യ ശാസ്ത്രമേഖലയ്ക്കും കൈത്താങ്ങാകുകയാണ്. ഈ സാഹചര്യത്തിലാണു ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി ( ഐബിഎബി) അവതരിപ്പിക്കുന്ന ബിഗ് ഡാറ്റാ ബയോളജിയിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സിന്റെ പ്രസക്തി.
ഈ രംഗത്തു വിഷയാന്തര പഠനം സാധ്യമാക്കാൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബംഗളൂരു (ഐഐഐടിബി) വുമായി സഹകരിച്ചാണു കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ലൈഫ് സയൻസസിൽ ബിഗ് ഡാറ്റായുടെ സാധ്യതകളിലൂന്നിയുള്ള പാഠ്യ പദ്ധതി ആരോഗ്യ പരിപാലന രംഗത്തെ വെല്ലുവിളികൾ നേരിടാനും പര്യാപ്തമക്കുന്ന രീതിയിലാണു രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
യോഗ്യത
ബയോ ടെക്നോളജി, ബയോമെഡിക്കൽ ടെക്നോളജി, ബയോഇൻഫർമാറ്റിക്സ്. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദം അല്ലങ്കിൽ ബയോ ടെക്നോളജി, ബയോഇൻഫർമാറ്റിക്സ്,ബയോകെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.
അഡ്മിഷൻ
ആകെ 25 സീറ്റുകൾ. രാജ്യവ്യാപകമായി നടത്തുന്ന ഓണ്‍ലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വെർബൽ ആപ്റ്റിറ്റ്യൂഡ്. അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്, പ്രോഗ്രാമിംഗ് ആൻഡ് കംപ്യൂട്ടിംഗ് എബിലിറ്റി, ലൈഫ് സയൻസസ് എന്നിവയാണു രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഡൽഹി,ഹൈദരാബാദ്, കോൽക്കത്ത, മുംബൈ,പൂന, ഗോഹട്ടി, ഭോപ്പാൽ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങൾ. 1,000 രൂപയാണ് അപേക്ഷാ ഫീസ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 10,000 രൂപ സ്കോളർഷിപ് ലഭിക്കും.
ഒക്ടോബർ 20നകം ഓണ്‍ ലൈനായി അപേക്ഷിക്കണം. മാതൃകാ പരീക്ഷയ്ക്കു വെബ്സൈറ്റിൽ സൗകര്യമുണ്ടായിരിക്കും. നവംബർ മൂന്നിനാണു പ്രവേശന പരീക്ഷ. ജനുവരിയിൽ ക്ലാസ് ആരംഭിക്കും.
വെബ്സൈറ്റ്: https://ibab.azu rewebsites.net, http://ibab.ac.in, https://www.i iitb.ac.in ഫോൺ: 0802852 8900/01/02.