കോളജ് മാറ്റം തീയതി നീട്ടി
സർവകലാശാലയുടെ കീഴിലുളള കോളജുകളിൽ മൂന്നാം സെമസ്റ്റർ യു.ജി ബിരുദ വിദ്യാർഥികളുടെ (സിബിസിഎസ്എസ്) 2018 2019 അധ്യയന വർഷത്തിലെ കോളജ് മാറ്റത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ നാലുവരെ നീട്ടി.
പരീക്ഷാഫീസ്
2018 ഒക്ടോബറിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി ഓണ്‍ലൈൻ സ്പെഷൽ സപ്ലിമെന്ററി (2015 സ്കീം) ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ ഒക്ടോബർ ഒന്നുവരെയും 50 രൂപ പിഴയോടെ ഒക്ടോബർ നാലുവരെയും 125 രൂപ പിഴയോടെ ഒക്ടോബർ ആറുവരെയും അപേക്ഷിക്കാം.
ഒക്ടോബർ 22 ന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഓണ്‍ലൈനായും ഓഫ്ലൈനായും രജിസ്റ്റർ ചെയ്യുന്നവർക്ക് ഒക്ടോബർ ഒന്നുവരെയും 50 രൂപ പിഴയോടെ ഒക്ടോബർ നാലുവരെയും 125 രൂപ പിഴയോടെ ഒക്ടോബർ ആറുവരെയും അപേക്ഷിക്കാം.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്
സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ 2018 2019 വർഷത്തെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ ഒന്നിലേയ്ക്കും പത്രികകൾ പിൻവലിയ്ക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ മൂന്നിലേക്കും തെരഞ്ഞെടുപ്പ് ഒക്ടോബർ ഒന്പതിലേക്കും മാറ്റി.
വൈവ
2018 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ വൈവാ ഒക്ടോബർ മൂന്ന്, എട്ട് തീയതികളിൽ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) ആറാം സെമസ്റ്റർ (2014 സ്കീം) പ്രാക്ടിക്കൽ പരീക്ഷകൾ (ഐഇടി ട്രെയിനിംഗ് റിപ്പോർട്ട് ഇവാല്യുവേഷൻ ആൻഡ് വൈവ) ഒക്ടോബർ മൂന്നിന് അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
എംടെക് സ്പോട്ട് അഡ്മിഷൻ
സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ്, ഫ്യൂച്ചർ സ്റ്റഡീസ് പഠന വകുപ്പുകളിൽ നടത്തി വരുന്ന എഐസിടിഇ അംഗീകൃത എംടെക് പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ. ഒബിസി, എസ്സി/എസ്ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി അതാതു ഡിപ്പാർട്ട്മെന്റിൽ ബുധനാഴ്ച 11ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും വിദ്യാഭ്യാസ യോഗ്യതകൾക്കും സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 9446967394.
ഒന്നാം വർഷ ബിരുദ പ്രവേശനം 2018: സ്പോട്ട് അഡ്മിഷൻ 25ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ /യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ 201819 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അതത് കോളജുകളിൽ 25ന് സ്പോട്ട് അഡ്മിഷൻ നടത്തും. 25നു രാവിലെ ഒന്‍പതു മുതൽ 12വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. ഈ സമയത്തിനകം ഹാജരാകുന്ന വിദ്യാർഥികളിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി 26ന് രാവിലെ പത്തിന് പ്രവേശനം നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 26ന് രാവിലെ 10ന് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാകണം. ഏതെങ്കിലും കോളജിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികളെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല. ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവരെയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (ടിസി ഉൾപ്പടെ ) ഹാജരാക്കാൻ കഴിയുന്നവരെയുമാണ് 26ന് പ്രവേശനത്തിനായി പരിഗണിക്കുക.സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ അധിക സമയം അനുവദിക്കുന്നതല്ല. വിദ്യാർഥികളെ നിലവിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിലേയ്ക്കും കോഴ്സുകളിലേയ്ക്കും മാത്രമേ സ്പോട്ട് അഡ്മിഷനു വേണ്ടി പരിഗണിക്കുകയുള്ളു.സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർബന്ധമായും കോളജിൽ ഹാജരാക്കണം.
സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്ന ഒഴിവുകളുടെ എണ്ണം സർവകലാശാല അഡ്മിഷൻ പ്രസിദ്ധപ്പെടുത്തും. കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ബന്ധപ്പെട്ട കോളജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
ഇന്നു തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നും ഒഴിവുള്ള സീറ്റിലേയ്ക്ക് കാറ്റഗറി പരിഗണിച്ച് അഡ്മിഷൻ നടത്തും. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഇല്ലെങ്കിൽ മെറിറ്റ് അടിസ്ഥാനമാക്കി 25നു തയാറാക്കിയ റാങ്ക് പട്ടികയിൽ നിന്ന് പ്രവേശനം നടത്താം. ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് അതത് കോളജുകളിൽ ഇന്ന് ഉച്ചക്ക് 12നകം ഹാജരാകണം. അപേക്ഷകൾ ഒന്നുംതന്നെ സർവകലാശാലയിൽ അയയ്ക്കേണ്ടതില്ല.
ഒന്നാം വർഷ പി.ജി പ്രവേശനം 2018
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ/
യു.ഐ.റ്റി/ഐ.എച്ച്.ആർ.ഡി കോളേജുകളിൽ 2018 19 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ (പി.ജി) പ്രവേശനത്തിനായി ഒന്നും രണ്ടും അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുകയും എന്നാൽ നിശ്ചിത സമയത്തിനുളളിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ നൽകിയിട്ടുളള റീകണ്‍സിഡർ ടാബ് ഉപയോഗിച്ച് അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷിക്കാം.
ബിരുദാനന്തരബിരുദ (പി.ജി.) പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം വരുത്താനും അവസരം നൽകും. ഇന്നു രാവിലെ 10വരെ സ്വന്തം ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. ഓണ്‍ലൈൻ അപേക്ഷയിൽ നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ അടക്കം തിരുത്തലുകൾ വരുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം. 25നു രാവിലെ 10നുശേഷം ഓണ്‍ലൈൻ അപേക്ഷയിൽ യാതൊരു വിധത്തിലുമുള്ള തിരുത്തലുകളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ഇതിനായി സർവകലാശാലയെ നേരിട്ട് സമീപിക്കേണ്ടതില്ല.