കർണാടകയിലെ സ്വകാര്യ പ്രഫഷണൽ കോളജുകളുടെ കൂട്ടായ്മയായ കണ്‍സോർഷ്യം ഓഫ് മെഡിക്കൽ, എൻജിനിയറിംഗ് ആൻഡ് ഡെന്റൽ കോളജസ് കർണാടക (കോമെഡ്കെ) എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷനു നടത്തുന്ന അണ്ടർ ഗ്രാജ്വേറ്റ് എൻജിനിയറിംഗ് എക്സാമിനേഷൻ മേയ് 12ന്. കംപ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ പരീക്ഷയാണിത്.
150 എൻജിനിയറിംഗ് കോളജുകൾ കോമെഡ്കെയിൽ അംഗങ്ങളാണ്. ഈ കോളജുകളിലെല്ലാം കൂടി 20,000 സീറ്റുകളിലേക്കാണു പ്രവേശനം. കർണാടകയ്ക്കു പുറത്തുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 19. പരീക്ഷാ ഫലം മേയ് 27നു പ്രസിദ്ധീകരിക്കും.
ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് എൻജിനിയറിംഗ് പ്രവേശനത്തിന് അപേക്ഷിക്കാം. ബിആർക്കിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ പരീക്ഷയിൽ കുറഞ്ഞത് 80 സ്കോർ നേടിയിരിക്കണം. ബിആർക്കിനു പ്രത്യേക പരീക്ഷയില്ല.
എൻജിനിയറിംഗ് പ്രവേശനത്തിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ. നെഗറ്റീവ് മാർക്ക് ഇല്ല. പൂർണമായും കംപ്യൂട്ടർ അധിഷ്ടിതമാണ് പരീക്ഷ.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ.
ഓണ്‍ലൈനായി വേണം അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകൾ സ്പീഡ്പോസ്റ്റിൽ അയയ്ക്കണം. അപേക്ഷാ ഫീസ് 1500 രൂപ. ഓൺലൈനായി വേണം ഫീസ് അടയ്ക്കാൻ. അപേക്ഷിക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് സെക്രട്ടറി, കോമെഡ്കെ, 132 സെക്കൻഡ് ഫ്ലോർ, 17 ക്രോസ്, മല്ലേശ്വരം, ബംഗളൂരു 560 055. ഫോണ്‍: 08041132810. ഇമെയിൽ: cont
[email protected]. വെബ്സൈറ്റ്: www.comedk.org.