എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിഷ്വൽ ആർട്സിൽ ബിരുദ കോഴ്സ്
ഫിലിം, ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്കു സങ്കേതികവിദ്യയും കലാബോധവും പകർന്നു നൽകുന്നതിനു തമിഴ്നാട് ഗവണ്മെന്റ് രൂപീകരിച്ച എംജിആർ ഗവണ്മെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിഷൽ ആർട്സിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിൽ നാലു വർഷത്തെ ബിരുദ കോഴ്സ് ഇവിടെ മാത്രമാണെന്നു ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.
സിനിമോട്ടോഗ്രാഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രാഫി, ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിംഗ്, ഫിലിം എഡിറ്റിംഗ്, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിലാണു ബിരുദ കോഴ്സ്. തമിഴ്നാട് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയുടെ അംഗീകരമുള്ളതാണു കോഴ്സുകൾ. ട്യൂഷൻ ഫീസ് 15,000 രൂപ. 200 രൂപയാണ് അപേക്ഷാ ഫീസ്. മേയ് 25നകം അപേക്ഷിക്കണം.
ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ്ടു പാസായവർക്കും ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ വൊക്കേഷണൽ കോഴ്സ് പാസായവർക്കും അപേക്ഷിക്കാൻ യോഗ്യരാണ്. ഓരോ കോഴ്സിനും 14 സീറ്റുകൾ വീതമാണുള്ളത്.
യോഗ്യതാ പരീക്ഷയുടെ മാർക്കിനു പുറമെ അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും മാർക്കു കൂടി പരിഗണിച്ചാണ് അഡ്മിഷൻ.
പ്രായം ജൂലൈ ഒന്നിന് 24 വയസ് കവിയരുത്. ഒന്നിലധികം കോഴ്സുകൾക്ക് പ്രത്യേകം അപേക്ഷിക്കണം. http://www.tndipr.gov.in/televisiontraininginstitute.aspx. ഫോണ്: 044 22542212.