സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടല്‍: നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി
തേഞ്ഞിപ്പലം: അഫിലിയേറ്റ് ചെയ്ത കോളജുകളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന വിധം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്ന സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടല്‍ സംബന്ധിച്ച് കോളജുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കാലിക്കട്ട് സര്‍വകലാശാലാ കോളജ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.. പ്രോവൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് സര്‍വകലാശാല പോലുള്ള പൊതുസ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാവര്ക്കും എപ്പോഴും എളുപ്പത്തില്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോളജുകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയുക വഴി പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വേഗത്തിലാവാനും ജനങ്ങള്‍ക്ക് സര്‍വകലാശാലയുമായി കൂടുതല്‍ അടുക്കുന്നതിനും സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിന്റിക്കറ്റ് അംഗം കെ.കെ. ഹനീഫ, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍
ഡോ. വി.എൽ. ലജീഷ്, കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡെപ്യൂട്ടി രജിസ്ട്രാര്‍ ആർ. പ്രവീണ, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. സുന്ദര്രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പോര്‍ട്ടല്‍ സര്‍വകലാശാലാ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് വികസിപ്പിച്ചെടുത്തത്. 31ന് മുമ്പ് കോളജുകള്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.