എംജിയിൽ ഒന്നാംഘട്ട ബിരുദ അലോട്ട്മെന്റായി
കോട്ടയം: ബിരുദ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്മെന്റ് നിശ്ചയിച്ച തീയതിക്ക് അഞ്ചു ദിവസം മുന്‍പു പ്രസിദ്ധീകരിച്ച് എംജി സർവകലാശാല. ആറിനു പ്രസിദ്ധീകരിക്കാനിരുന്ന ഒന്നാം ഘട്ട യുജി അലോട്ട്മെന്റാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.
പ്രവേശനത്തിന് അർഹത നേടിയവർ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത്, ഓണ്‍ലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് 10ന് വൈകുന്നേരം 4.30നകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം.
യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ കോളജിൽ ഹാജരാക്കണം. 10നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിന് ഇവരെ പരിഗണിക്കില്ല. ഒന്നാം വർഷ ബിരുദ ക്ലാസുകൾ 24ന് തുടങ്ങും.