ചന്ദ്രമതിയുടെ യാത്രകള്‍
തനി നാട്ടിന്‍പുറത്തുകാരി. തുട്ടുകട നടത്തിപ്പാണ് ജോലി. വൈകുന്നേരം വരെ ചായയും പലഹാരങ്ങളും വിറ്റ് മിച്ചംവരുന്ന തുക കൊണ്ട് ഉപജീവനം. വയസ് 62 ആയി. പറഞ്ഞുവരുന്നത് കണ്ണൂര്‍ കാട്ടാമ്പള്ളി വള്ളുവന്‍കടവിലെ പൂക്കോടന്‍ ചന്ദ്രമതിയെക്കുറിച്ചാണ്. ഇങ്ങനെയുള്ള ഒരു വീട്ടമ്മയെ കുറിച്ച് എന്ത് പറയാന്‍ എന്നാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ കാര്യം അല്‍പം ഗൗരവം നിറഞ്ഞതാണ്. കഴിഞ്ഞ 12 വര്‍ഷമായി ചന്ദ്രമതി ഇന്ത്യയില്‍ സഞ്ചാരത്തിലാണ്. ഇന്ത്യയില്‍ ചന്ദ്രമതി കാണാത്ത സ്ഥലങ്ങള്‍ കുറവാണ്. അപ്രതീക്ഷിതമായി തുടങ്ങിയ യാത്രയാണ് ചന്ദ്രമതിയെ സഞ്ചാരപ്രിയയാക്കിയത്. വര്‍ഷത്തില്‍ മൂന്നിലധികം തവണ ഇവര്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യും. അപ്പോഴൊക്കെ തുകടയ്ക്ക് അവധിയാണ്. ചായയും പലഹാരവും വിറ്റുകിട്ടുന്ന പണം കൂട്ടിവച്ചും ലോണെടുത്തുമൊക്കെയാണ് യാത്ര. ബസിലും ട്രെയിനിലും കൂടാതെ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്രചെയ്തിട്ടുണ്ട് സഞ്ചാരപ്രിയയായ ഈ നാട്ടിന്‍പുറത്തുകാരി. കാട്ടാമ്പള്ളിയില്‍ അനാദിക്കട നടത്തിയിരുന്ന കോളിയോട്ട് വളപ്പില്‍ വിജയനാണ് ചന്ദ്രമതിയുടെ ഭര്‍ത്താവ്. 2004ലാണ് വിജയന്‍ മരിച്ചത്. അതിനുശേഷമാണ് ചിറക്കല്‍ പഞ്ചായത്തോഫീസിനു മുന്‍വശത്തുള്ള തട്ടുകടയില്‍ ചന്ദ്രമതി എത്തുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തെ തട്ടുകട സ്വാശ്രയ കുടുംബശ്രീ ഏറ്റെടുത്ത് അതിലെ അംഗമായ ചന്ദ്രമതിയെ നടത്തിപ്പ് ഏല്‍പ്പിക്കുകയുമായിരുന്നു. പഞ്ചായത്തോഫീസിലെ ജീവനക്കാര്‍ക്ക് ചായയും പലഹാരങ്ങളും നല്‍കുക എന്നതാണ് ജോലി. മോട്ടോര്‍ വൈന്‍ഡിംഗ് മെക്കാനിക്കായ നിഷാദ് മകനാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് 2006ല്‍ ചന്ദ്രമതി അപ്രതീക്ഷിതമായി ഒരു യാത്രപോകുന്നത്.


ആദ്യയാത്ര ഡല്‍ഹിയിലേക്ക്

ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്കാണ് ആദ്യയാത്ര. അതിനുശേഷമാണ് ചന്ദ്രമതി യാത്രയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പുണ്യസ്ഥലങ്ങളാണ് പ്രധാനമായും തെരഞ്ഞെടുക്കാറ്. കുടുംബശ്രീ ടൂറുകളും ട്രാവല്‍ ഏജന്‍സികള്‍ സംഘടിപ്പിക്കുന്ന യാത്രകളുമാണ് ഇന്ത്യയെ കാണാന്‍ തട്ടുകടക്കാരിയായ ചന്ദ്രമതിയെ സഹായിച്ചത്. ട്രാവല്‍ ഏജന്‍സികള്‍ ഒരുക്കുന്ന യാത്രകളില്‍ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെയാണ് മിക്കപ്പോഴും ചന്ദ്രമതിയുടെ യാത്ര.

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന വാഗ മുതല്‍ കന്യാകുമാരി വരെ ചന്ദ്രമതി കാണാത്ത സ്ഥലങ്ങള്‍ വിരളമാണ്. മിക്ക സ്ഥലങ്ങളിലും ഒന്നിലധികം തവണ പോയിട്ടുണ്ട്.

ഇഷ്ടം ബസ് യാത്ര

ട്രെയിന്‍ യാത്രയെക്കാള്‍ മിക്കപ്പോഴും പ്രത്യേക ബസിലാണ് യാത്ര. കാഴ്ചകണ്ടുള്ള അത്തരം യാത്രകളാണ് ഏറെ ഇഷ്ടമെന്നും ചന്ദ്രമതി പറയുന്നു. മംഗലാപുരത്തു നിന്നും ഡല്‍ഹിയിലേക്കാണ് ഒരു തവണ വിമാനത്തില്‍ പോയത്. അവിടെ നിന്ന് കേദാര്‍നാഥിലേക്ക് ഹെലികോപ്റ്ററിലും. യമുനോത്രിയില്‍ 9 മണിക്കൂര്‍ വടിയും കുത്തി നടന്നിട്ടുണ്ട്. ചില യാത്രകള്‍ ഏറെ സാഹസം നിറഞ്ഞതാണെന്നും അവ ആ സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പിന്നീട് രസകരമായ ഓര്‍മയാകും ചന്ദ്രമതിക്ക്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചന്ദ്രമതി ഏപ്രിലില്‍ മറ്റൊരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണിപ്പോള്‍. ദ്വാരക അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് യാത്ര. 14000 രൂപയാണ് യാത്രാ ചെലവ്. ഈ തുക ഉണ്ടാക്കാനുള്ള ചിന്തയിലാണ് ചന്ദ്രമതി ഇപ്പോള്‍.

ഷിജു ചെറുതാഴം
ചിത്രം: ആഷ്‌ലി ജോസ്