ആര്‍ത്തവം; അറിയേണ്ടതെല്ലാം
ശരീരവളര്‍ച്ചയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജൈവ പ്രവര്‍ത്തനം മാത്രമാണ് ആര്‍ത്തവം. ആരോഗ്യമുള്ള ശരീരത്തിന്റെ വളര്‍ച്ചയുടെ പ്രധാനഘട്ടമാണെന്നും പെണ്‍കുട്ടി എന്ന നിലയിലുള്ള ഒരു നല്ല അടയാളപ്പെടുത്തലാണെന്നും അമ്മമാര്‍ പെണ്‍മക്കളെ ആദ്യ ആര്‍ത്തവ സമയത്ത് പറഞ്ഞു മനസിലാക്കണം. ആ രീതിയില്‍ വളരെ പോസിറ്റീവായ ഒരു മനോഭാവമാണ് അമ്മമാര്‍ പ്രകടിപ്പിക്കേണ്ടത്. നേരത്തെ സൂചിപ്പിച്ചതുപോലെ തനിക്കെന്തോ അരുതായ്ക സംഭവിച്ചുവെന്നും ഒളിച്ചുവയ്‌ക്കേണ്ട ഒരു കാര്യമാണ് നടന്നത് എന്നുമുള്ള ചിന്ത നല്ലതല്ല. സ്വയം ഉള്‍വലിയാനും, അപകര്‍ഷതാബോധം ഉണ്ടാക്കുവാനും ഇതു കാരണമാകും. അതിനാല്‍ കുട്ടിക്ക് ആത്മവിശ്വാസവും തന്നെക്കുറിച്ചുള്ള മതിപ്പും ഉണ്ടാകുന്ന രീതിയില്‍ മാത്രമേ അമ്മമാര്‍ ആദ്യ ആര്‍ത്തവകാലത്ത് പെരുമാറാന്‍ പാടുള്ളു.

നേരത്തെയെത്തുന്ന ആര്‍ത്തവം

മുന്‍കാലങ്ങളില്‍ വലിയൊരു ശതമാനം പേരിലും പതിൂന്നു വയസു മുതലാണ് ആര്‍ത്തവം കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പത്തുവയസ് മുതല്‍ ആര്‍ത്തവം തുടങ്ങുന്നു. ഒന്‍പത് വയസു മുതല്‍ ശാരീരിക വളര്‍ച്ച ആരംഭിക്കുന്ന കുട്ടികളുമുണ്ട്. പാരിസ്ഥിതിക ഘടകങ്ങള്‍, ഭക്ഷണമാറ്റങ്ങള്‍, പാരമ്പര്യവഴികള്‍ അങ്ങനെ പല ഘടകങ്ങളും നേരത്തെയുള്ള മാസമുറയ്ക്കു കാരണമായി പറയാറുണ്ട്. ഇന്നത്തെ ഫാസ്റ്റ് ഫുഡ് ഭക്ഷണരീതികള്‍ ഒരു പ്രധാന കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോര്‍മോണ്‍ കുത്തിവച്ച മാംസഭക്ഷണങ്ങള്‍ (ചിക്കനും മറ്റും) പതിവാക്കിയ കുട്ടികളില്‍ ഈ പ്രവണത കൂടുതലായി കാണപ്പെടുന്നുണ്ട്.

മാറ്റങ്ങള്‍ തിരിച്ചറിയണം

മാറിടം വളരുന്നതും, മാറിടത്തില്‍ വേദന ഉണ്ടാകുന്നതും വളര്‍ച്ചയുടെ ആദ്യ ചുവടുവയ്പായി കാണാം. (തെലാര്‍ക്കി എന്നാണ് വൈദ്യശാസ്ത്ര ഭാഷയില്‍ ഈ മാറ്റം അറിയപ്പെടുന്നത്). പിന്നീട് കക്ഷം, സ്വകാര്യഭാഗം എന്നിവിടങ്ങളില്‍ രോമവളര്‍ച്ച ഉണ്ടാകുന്നു. ഈ ഒരു മാറ്റം കണ്ടുതുടങ്ങുമ്പോള്‍ തന്നെ അമ്മമാര്‍ കുട്ടികള്‍ക്കു ശാരീരികമാറ്റവും ആര്‍ത്തവവും എന്താണെന്നു പറഞ്ഞുകൊടുക്കണം. വളരെ ലളിതമായി കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ വേണം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍. ഒന്നുകൊണ്ടും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും അമ്മയുടെ സാമീപ്യവും പിന്തുണയുമുണ്ടെന്നുമുള്ള ഒരു വിശ്വാസം അവരില്‍ ഉണ്ടാക്കണം. ആര്‍ത്തവകാലത്തും ഈ ഒരു മാനസികബലം കൊടുക്കല്‍ ആവാം.ആ ദിവസങ്ങളില്‍ ഓര്‍ക്കാം

ഇനി ആരോഗ്യപരമായ കാര്യങ്ങളിലേക്കു കടക്കാം. ആര്‍ത്തവകാലത്ത് ഉപയോഗിക്കുവാന്‍ വൃത്തിയുള്ള സാനിറ്ററി പാഡുകള്‍ ഇന്നു ലഭിക്കും. പണ്ടത്തെപ്പോലെ തുണി കഴുകി ഉണക്കി ഉപയോഗിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഇല്ല. പാഡുകള്‍ വാങ്ങാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ തുണികള്‍ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ വൃത്തിയുള്ള തുണികള്‍ തന്നെ ഉപയോഗിക്കണം. നല്ല വെയിലില്‍ കഴുകി ഉണക്കുന്നതും രോഗാണു നശിക്കുന്നതിനു സഹായിക്കും. പാഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇടയ്ക്കിടെ പാഡുകള്‍ മാറ്റണം. സ്വകാര്യഭാഗങ്ങള്‍ ഇളം ചൂടുവെള്ളത്തില്‍ വൃത്തിയാക്കാവുന്നതാണ്.


സ്വകാര്യഭാഗങ്ങളുടെ ശുചിത്വത്തിന് ഇപ്പോള്‍ വജൈനല്‍വാഷുകള്‍ വിപണിയില്‍ ലഭിക്കും. ഗുണനിലവാരമുള്ള വാഷുകള്‍ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കുവാന്‍. ഇതിനായി ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍

അണ്‌ഡോല്‍പ്പാദനം നടക്കാത്ത ആര്‍ത്തവം (Anovulatory Cycles) ആണ് ആദ്യകാലത്ത് നടക്കുന്നത്. ഏതാണ്ട് പതിനെട്ട് വയസ് മുതലാണ് അണ്‌ഡോല്‍പ്പാദനത്തോടുകൂടിയആര്‍ത്തവം (Ovulatory Cycles) ഉണ്ടാകുക. ആര്‍ത്തവം തുടങ്ങുന്ന സമയത്ത് ഒരുമാസം ആര്‍ത്തവം വരാതിരിക്കുന്നതോ, രണ്ടോ മൂന്നോ മാസം ഇടവിട്ട് വരുന്നതോ പ്രശ്‌നമുള്ള അവസ്ഥയല്ല. എന്നാല്‍ ഒരുമാസത്തില്‍ തന്നെ രണ്ടോ അതില്‍കൂടുതലോ തവണ മാസമുറ ഉണ്ടാകുന്നതും ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യം കുറയുന്നത് പോലുള്ള അവസ്ഥകളും ശ്രദ്ധിക്കണം. അമിതമായ രക്തസ്രാവവും, കുട്ടികള്‍ക്കുണ്ടാകുന്ന ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച എന്നിവയും പരിഗണിക്കേണ്ടതുണ്ട്. ഇത്തരം അവസരങ്ങളില്‍ ഡോക്ടറെ സമീപിക്കാം.

ആര്‍ത്തവകാലത്ത് ചില പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ അതായത് അസഹ്യമായ വയറുവേദന, കാല്‍കഴപ്പ്, തലവേദന, ക്ഷീണം എന്നിവയും പല രക്ഷിതാക്കളെയും കുട്ടികളെയും വിഷമിപ്പിക്കുന്നുണ്ട്. വലിയ വയറുവേദനയുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.

ആര്‍ത്തവകാലത്ത് ഓടിക്കളിക്കുവാനും അധ്വാനിക്കുവാനും പാടുണ്ടോ എന്നു പലരും ചോദിക്കാറുണ്ട്. സാധാരണമായതും മിതമായതുമായ കാര്യങ്ങള്‍ നടത്താവുന്നതാണ്. എന്നാല്‍ അമിതമായ അധ്വാനം പ്രത്യേകിച്ചും അമിത രക്തസ്രാവമുള്ള ആദ്യ ദിവസങ്ങളില്‍ ഒഴിവാക്കാം.

ആര്‍ത്തവവുമായി ബന്ധപ്പെ് ഉണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം നല്‍കുന്ന പരിശോധനകള്‍, ചികിത്സകള്‍ എന്നിവ ഇന്നു ലഭ്യമാണ്. അസഹ്യമായ വേദന ഉള്ള അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന അളവില്‍ വേദന സംഹാരികള്‍ കഴിക്കാവുന്നതാണ്. പരീക്ഷയുള്ള ദിവസങ്ങളില്‍ കടുത്ത വേദന കാരണം പഠിക്കുവാനും, പരീക്ഷ എഴുതുവാനും കഴിയാതെ വിഷമിക്കുന്ന കുട്ടികളുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാം.

അണ്ഡാശയവുമായി ബന്ധപ്പെട്ട് കാണുന്ന പോളിസിസ്റ്റിക് ഓവറി അപാകതകളിലും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സകള്‍ നടത്താം. ക്രമം തെറ്റി വരുന്ന മാസമുറ നേരേയാക്കുവാനും അണ്ഡാശയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചെറിയ ഹോര്‍മോണ്‍ ചികിത്സ നടത്തേണ്ടിവരുന്നുണ്ട്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമുള്ള ചികിത്സ നേടുകയാണ് നല്ലത്.


ഡോ.എസ്. മൃദുലാദേവി
കണ്‍സള്‍ന്റ്‌ഗൈനക്കോളജിസ്റ്റ്, ജി.ജി ഹോസ്പിറ്റല്‍, തിരുവനന്തപുരം