കാല്‍മുട്ടുവേദനയ്ക്ക് ആയുര്‍വേദ പരിഹാരം
ശരീരഭാരം ഏറ്റവും കൂടുതലായി താങ്ങുന്ന ഒരു സന്ധിയാണ് കാല്‍മുട്ട്. കാല്‍മുട്ടുവേദന എല്ലാ പ്രായക്കാരെയും ബാധിക്കാവുന്ന പൊതുവായ ഒരു രോഗമാണ്. കാല്‍മുട്ടിനെ ആശ്രയിച്ച് നിലകൊള്ളുന്ന അസ്ഥികള്‍, തരുണാസ്ഥികള്‍, ലിഗ്‌മെന്റുകള്‍, ടെന്‍ഡനുകള്‍, പേശികള്‍ എന്നിവയ്ക്കുണ്ടാകുന്ന ക്ഷതമോ ക്ഷീണമോ കാല്‍മുട്ടില്‍ വേദനയ്ക്കു കാരണമായിത്തീരും. പുരുഷന്മാരെ അപേക്ഷിച്ച് പ്രായമായ സ്ത്രീകളില്‍ കാല്‍മുട്ടിനു വേദന കൂടുതലായി കാണപ്പെടുന്നു.

കാരണങ്ങള്‍

സന്ധിവാതങ്ങള്‍, മുട്ടുചിരട്ടയ്ക്കു വരുന്ന തേയ്മാനം, കാല്‍മുട്ടിനുള്ളിലുള്ള കൊഴുത്ത ദ്രാവകത്തിന്റെ അളവു കുറവ്, മറ്റു വാതരോഗങ്ങള്‍, അസ്ഥിക്കും തരുണാസ്ഥിക്കും ചുറ്റുമുണ്ടാകുന്ന നീര്‍ക്കെട്ട് എന്നിവയെല്ലാം മുട്ടുവേദനയ്ക്കുള്ള കാരണങ്ങളാണ്.

അസ്ഥികളെയും പേശികളെയും യഥാസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ടെന്‍ഡനുകള്‍ക്ക് പരിക്കു പറ്റുക, വാതരോഗങ്ങളില്‍ കാണപ്പെടുന്നതുപോലെ തരുണാസ്ഥികള്‍ക്ക് പൊട്ടല്‍ സംഭവിക്കുക, സന്ധികളില്‍ നീര്‍ക്കെട്ട് ഉണ്ടാകുക എന്നീ സന്ദര്‍ഭങ്ങളില്‍ കാല്‍മുട്ടുവേദന അസഹനീയമാകുന്നു. പ്രായം ഏറിയവരില്‍ സന്ധിവാതം, അസ്ഥികള്‍ ദ്രവിച്ചുപോകുന്ന അവസ്ഥ, ഗൗട്ട് രോഗം, ഏതെങ്കിലും തരത്തിലുള്ള അണുബാധ എന്നിവ ശക്തമായ കാല്‍മുട്ടു വേദനയ്ക്ക് കാരണമായിത്തീരാറുണ്ട്. അമിതമായി വ്യായാമം ചെയ്യുന്നവരിലും കായികതാരങ്ങളിലും ഉണ്ടാകുന്ന കാല്‍മുട്ടുവേദന വിശ്രമം കൊണ്ടുതന്നെ ശമിക്കാറുണ്ട്.

സന്ധിഗത വാതം

കാല്‍മുട്ടുവേദനക്കാരില്‍ ഏറ്റവും അധികം കാണപ്പെടുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തെ സന്ധിഗത വാതം എന്ന പേരില്‍ ആയുര്‍വേദത്തില്‍ അറിയപ്പെടുന്നു. പേരുപോലെ തന്നെ, വാതം കാല്‍മുട്ടിലെ സന്ധികളില്‍ ആരംഭിച്ചു വര്‍ധിക്കുന്നു. തന്മൂലം കലശലായ നീരും വേദനയും ഉണ്ടാകുകയും കാല്‍മുട്ടിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതം സംഭവിക്കുകയും ചെയ്യുന്നു.

പ്രായം കൂടുന്തോറും രോഗസാധ്യത വര്‍ധിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വാതരോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ദഹനത്തകരാറുകള്‍ ഉണ്ടാക്കുകയും പോഷകങ്ങളെ ശരീരം വലിച്ചെടുക്കുന്നതിനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യുന്നു. ഇവയെല്ലാം വാതം വര്‍ധിച്ച് സന്ധികള്‍ക്ക് വേദനയും നീരും ഉണ്ടാകുന്നതായി ആയുര്‍വേദം കണക്കാക്കുന്നു.

രോഗം തിരിച്ചറിയാം

കാല്‍മുട്ടുവേദനകളില്‍ തന്നെ ചില പ്രത്യേകതരം ലക്ഷണങ്ങള്‍ പ്രകടമായാല്‍ അതു കാല്‍മുട്ടുകളില്‍ ഉണ്ടാകുന്ന വാതരോഗങ്ങള്‍ തന്നെയാണെന്ന് തീര്‍ച്ചയാക്കാം. ചുവപ്പുനിറം, കാല്‍മുട്ടിനു പിടുത്തം, മുട്ടിനും ചുറ്റും ഉണ്ടാകുന്ന നീര്‍ക്കെട്ട്, സന്ധികളിലെ വളരെ മൃദുവായതും ചൂടോടുകൂടിയതുമായ ചര്‍മ്മം, മുട്ട് ചലിപ്പിക്കുമ്പോള്‍ പൊടിയുന്നതുപോലെയോ പൊട്ടുന്നതുപോലെയോ ഉണ്ടാകുന്ന ശബ്ദം, മുട്ടുകള്‍ നിവര്‍ത്താന്‍ പ്രയാസം എന്നിവയെല്ലാം അതിലെ പ്രധാന ലക്ഷണങ്ങളാണ്.

കാല്‍മുട്ടുവേദനയും നീരും ആരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. എന്നാല്‍ ചില പ്രത്യേക തരം ജീവിതശൈലികളും ശാരീരിക പ്രത്യേകതകളും, ഈ അവസ്ഥ സംജാതമാക്കുന്നതിന് കൂടുതല്‍ കാരണമാകാറുണ്ട്. നടക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ കാല്‍മുട്ടിന് ആയാസം ഉണ്ടാകുന്ന തരം അമിതവണ്ണം, വളരെ ദുര്‍ബലമായ പേശികള്‍, വളരെ കഠിനമായ വ്യായാമ മുറകള്‍, കായിക പ്രവൃത്തികള്‍ എന്നിവ മൂലം ലിഗ്‌മെന്റുകള്‍ക്ക് ഉണ്ടാകുന്ന ക്ഷതങ്ങളും പരിക്കുകള്‍ എന്നിവയെല്ലാം അതില്‍ പ്രധാനമായവയാണ്.

പരിഹാരമാര്‍ഗങ്ങള്‍


വേദനയും നീരും കുറയുന്നതിനുള്ള ഔഷധങ്ങള്‍ ചെയ്യുക. കാല്‍മുട്ടിനു ചുറ്റുമുള്ള പേശികളെയും ലിഗ്‌മെന്റുകളെയും ടെന്‍ഡനുകളെയും ശക്തിപ്പെടുത്തുന്നതിനുള്ള ഔഷധ ചികിത്സ, വാതത്തെ കുറയ്ക്കുന്നതിനുള്ള ചികിത്സ എന്നിവയാണ് കാല്‍മുട്ടു വേദനയില്‍ പ്രധാനമായും ചെയ്യുന്നത്.അഭ്യംഗം

ഔഷധ തൈലങ്ങള്‍ ഉപയോഗിച്ച് ശരീരം മുഴുവന്‍ തിരുമ്മുന്ന അഭ്യംഗം എന്ന ചികിത്സാക്രമം, നാഡീഞരമ്പുകള്‍ക്ക് ഉത്തേജനം പ്രദാനം ചെയ്യുന്നു. വാതത്തെ ശമിപ്പിക്കുന്നതും, സന്ധികള്‍ക്ക് സ്‌നിഗ്ദ്ധത വരുത്തി ചലന ശേഷിയെ വര്‍ധിപ്പിക്കുന്നതുമാണ്.

കിഴി

ഔഷധ ചൂര്‍ണങ്ങള്‍, നവരയരി, ഔഷധച്ചെടികളുടെ ഇലകള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കിഴികള്‍ കാല്‍മുട്ടില്‍ തിരുമ്മുന്നത് ഇവയിലെ ഔഷധാംശം നേരിട്ട് കാല്‍മുട്ടുകളില്‍ പ്രവര്‍ത്തിക്കുന്നതിനും അതു മൂലം വേദന, നീര് എന്നിവ കുറയ്ക്കുന്നതിനും സഹായകമാകും.

പിഴിച്ചില്‍

ഔഷധ തൈലങ്ങള്‍ നേരിയതോതില്‍ ചൂടാക്കി ശരീരം മുഴുവന്‍ ഒഴിച്ച് തിരുമ്മുന്ന പിഴിച്ചില്‍ വാതത്തെ ശമിപ്പിക്കും. പേശികള്‍ക്ക് ബലവും ദൃഢതയും പ്രദാനം ചെയ്യുന്നതിനും സന്ധികള്‍ക്ക് അയവു വരുത്തുന്നതിനും ഇത് സഹായകമാണ്.

ജാനുവസ്തി

കടലമാവോ, ധാന്യപ്പൊടിയോ കുഴച്ച് കാല്‍മുട്ടിനു ചുറ്റും വച്ച് അതിനുള്ളില്‍ ചെറുചൂടുള്ള തൈലം ഒഴിച്ച് കുറച്ചുസമയം നിറുത്തുന്ന ചികിത്സയാണ് ജാനുവസ്തി. ഇത് കാല്‍മുട്ടുകളിലെ ദ്രാവകത്തിന്റെ അളവ് ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നതിനും സന്ധികളുടെ ചലനശേഷിയെ സുഗമമാക്കുന്നതിനും സഹായകമാണ്. കാല്‍മുട്ടില്‍ കലശലായ വേദന ഉണ്ടാകുന്ന അവസരങ്ങളിലാണ് ഈ ചികിത്സ പ്രധാനമായും ചെയ്യുന്നത്. സന്ധിഗതവാതം, അസ്ഥിദ്രവിക്കല്‍, വാതരോഗങ്ങള്‍ എന്നിവ മൂലം കാല്‍മുട്ടില്‍ അതിശക്തമായ വേദന ഉണ്ടാകുമ്പോഴും ഈ ചികിത്സയ്ക്ക് ഏറെയും പ്രധാന്യമുണ്ട്. ഇതു വേദനയെ കുറയ്ക്കുകയും മുട്ടിന്റെ പിടുത്തത്തെയും ചലനശേഷിക്കുറവിനെയും പരിഹരിക്കുകയും ചെയ്യുന്നു.

ഉപനാഹം

ഔഷധച്ചെടികളുടെ ഇലയും, പൊടികളും അരച്ച് കുഴമ്പു രൂപത്തിലാക്കി കാല്‍മുട്ടില്‍ പൊതിഞ്ഞ് തുണികൊണ്ട് കെട്ടുന്ന ചികിത്സാരീതിയാണ് ഉപനാഹം. സന്ധിവാതം, കാല്‍മുട്ടിലെ പരിക്കുകള്‍ മൂലം ഉണ്ടാകുന്ന വേദന, കാല്‍മുട്ടില്‍ ഏതെങ്കിലും ഒരു ഭാഗത്തായി മാത്രം ഉണ്ടാകുന്ന നീര്, വേദന എന്നിവയെ കുറച്ച് രക്തസഞ്ചാരം വര്‍ധിപ്പിച്ച് പരിക്കുകളെ സുഖപ്പെടുത്തി പേശികള്‍ക്ക് ബലവും ദൃഢതയും നല്‍കാന്‍ ഇത് ഉത്തമമാണ്.

ഇതു ശ്രദ്ധിക്കാം സ്ഥിരമായി കാല്‍മുട്ടിനു വേദന ഉണ്ടാകുന്നവരില്‍ സ്വയം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. കാല്‍ നീട്ടിവച്ചു ശരീരത്തിന് മതിയായ വിശ്രമം നല്‍കുക എന്നത് അതില്‍ പ്രധാനപ്പെട്ടതാണ്. നാം ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തി കാല്‍മുട്ടുകള്‍ക്കോ, അനുബന്ധ പേശികള്‍ക്കോ ആഘാതം കൂടുതലായി ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കണം. ഔഷധ തൈലങ്ങള്‍ ഉപയോഗിച്ചു തിരുമ്മുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക എന്നിവയെല്ലാം തന്നെ കാല്‍മുട്ടുകളിലെ അസ്വസ്ഥതയും വേദനയും താല്‍ക്കാലികമായി കുറയ്ക്കും.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം