കുട്ടികളുടെ മനോഭാവം രൂപീകരിക്കാം
മുതിര്‍ന്നവരെപ്പോലെ സംസാരിക്കുകയും, എല്ലാവരോടും നിഷേധാത്മകമായും ധിക്കാരപരമായും പെരുമാറി കൈയടി നേടുന്ന ചില കുട്ടി ഹീറോകളെ മാധ്യമങ്ങളില്‍ കാണാറുണ്ട്. സീരിയലുകളിലും സിനിമകളിലുമൊക്കെ കുട്ടികളും കൗമാരക്കാരും ഇത്തരക്കാരെ വീരാരാധനയോടെയാണ് നോക്കിക്കാണുന്നത്. അവരെ അനുകരിക്കാന്‍ സ്വാഭാവികമായും ഉള്‍പ്രേരണ ഉണ്ടാകുകയും മാതാപിതാക്കളോടും സഹോദരങ്ങളോടും സഹപാഠികളോടും ചിലപ്പോള്‍ അതു പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മറ്റുള്ളവരോട് ഭവ്യതയോടെ പെരുമാറാന്‍ നാം ബോധപൂര്‍വം മാര്‍ഗനിര്‍ദേശം നല്‍കേണ്ടതുണ്ട്.

മാതാപിതാക്കളുടെ പിന്തുണ

ഇത്തരം മാധ്യമമാതൃകകള്‍ക്കൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ ലഭിക്കുന്ന സമയത്തിന്റെ പരിമിതിയും പ്രശ്‌നം രൂക്ഷമാക്കുന്നു. ക്ഷീണിതരായിരിക്കുമ്പോള്‍ പല കാര്യങ്ങളും നമ്മുടെ ശ്രദ്ധയില്‍നിന്ന് വഴുതിപ്പോകും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും, അതിമാനുഷരായ സാങ്കല്‍പിക ഹീറോകളെയും അനുകരിക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് യാഥാര്‍ഥ്യബോധം കാട്ടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ പോകുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് നീലച്ചിത്രങ്ങള്‍ കണ്ട് സ്വന്തം സഹോദരിയോട് അപമര്യാദയായി പെരുമാറിയ ഒരു പതിനൊന്നാം ക്ലാസുകാരനെ കൗണ്‍സലിംഗില്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ഞാന്‍ ഇക്കാര്യം ഓര്‍ത്തു.

നിങ്ങളുടെ കുട്ടി നിങ്ങളോട് ഈയിടെയായി എതിര്‍ത്ത് സംസാരിക്കുന്നുണ്ടോ? നിങ്ങളോട് രൂക്ഷമായി പെരുമാറുകയോ അവഗണിക്കുകയോ ചെയ്യുന്നുണ്ടോ? എതിര്‍ത്തു സംസാരിച്ചതിന് കഠിനമായി മര്‍ദിച്ചപ്പോള്‍ അപ്പന്റെ തലയ്ക്കടിച്ച് ഇറങ്ങിപ്പോയ ഒരാണ്‍കുട്ടിയുടെ കഥയാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. അപ്പന്റെ തലപൊട്ടി ചോര ഒലിക്കുന്നത് കണ്ട അവന്‍ എവിടെയോപോയി ഒളിച്ചിരുന്നു. ഒരുദിവസം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് കൗണ്‍സലിംഗിനെത്തിയത്. അനിയന്ത്രിതമായ കോപത്തില്‍ നിന്ന അവനോട് തെറ്റായ സമീപനം സ്വീകരിച്ച പിതാവാണ് അവനെ ഇത്തരത്തിലാക്കിയതെന്നു പറയുമ്പോള്‍ മാതാപിതാക്കള്‍ക്ക് ദേഷ്യം തോന്നരുത്.

പോരായ്മകള്‍ മനസിലാക്കണം

പണ്ടത്തെ മാതാപിതാക്കള്‍ക്ക് മക്കള്‍ എല്ലാവരും ഒരുപോലെയല്ലെന്നും എല്ലാവരും എല്ലാം തികഞ്ഞവരല്ലെന്നുമുള്ള ബോധമുണ്ടായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് തീരെകുറഞ്ഞുപോയതിന്റെ അപമാനഭാരം മൂലം പിതാവിനെ പ്രോഗ്രസ് കാര്‍ഡ് കാണിക്കാതിരുന്ന ആളാണ് നടന്‍ ഇന്നസെന്റ്. സഹോദരങ്ങളോടുപോലും ഇക്കാര്യം പറയാതെ അദ്ദേഹം പ്രോഗ്രസ് കാര്‍ഡ് ബുക്കിന്റെയുള്ളില്‍ തന്നെ സൂക്ഷിച്ചു . ഒരുദിവസം ആരുമില്ലാത്ത സമയം നോക്കി പ്രോഗ്രസ് കാര്‍ഡ് അപ്പന്റെ നേരെ നീട്ടാന്‍ തുടങ്ങിയപ്പോഴാണ് അപ്പന്‍ അതില്‍ പണ്ടേ ഒപ്പിട്ടു കഴിഞ്ഞിരുന്നുവെന്നു കണ്ടത്. അപ്പന്‍ വഴക്കു പറയുകയോ, മോശമായി പ്രതികരിക്കുകയോ ചെയ്യാതെ തന്റെ മകന്റെ പോരായ്മ സ്വാഭാവികമാണെന്ന് അംഗീകരിച്ച് അവനോടൊപ്പം സ്‌നേഹത്തോടെ നിന്നതുകൊണ്ട് ഇന്ന് അദ്ദേഹം മറ്റെല്ലാരെക്കാളും അസൂയാര്‍ഹമായ സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു.

കുട്ടികളുടെ കഴിവും കഴിവുകേടും ക്ഷമയോടും യാഥാര്‍ഥ്യബോധത്തോടും കൂടി മനസിലാക്കി അംഗീകരിക്കുവാന്‍ തയാറാകുമ്പോള്‍ അവര്‍ വളരും. കുട്ടികളില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടാകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യം ഉദിക്കാം. എങ്ങനെ അവരുടെ ആദരം നേടാം എന്ന ചിന്ത ഇവിടെ ഉണ്ടാകാം.

തെറ്റു കണ്ടാല്‍ തിരുത്തണം

നിങ്ങളുടെ മകന്‍/ മകള്‍ നിങ്ങളുടെ കുട്ടിയാണ്; സുഹൃത്തോ സഹപാഠിയോ അല്ലെന്നോര്‍ക്കുക. നിങ്ങളുടെ ജോലി അവനെ ഈ ലോകത്തില്‍ വിജയപ്രദമായി ജീവിക്കാന്‍ പരിശീലിപ്പിക്കുക എന്നതാണ്. മറ്റുള്ളവരോടും നിങ്ങളോടും ബഹുമാനത്തോടെ പെരുമാറാന്‍ അവന്‍ പഠിക്കണം. അവന്‍ അതിരുകടക്കുമ്പോള്‍ അത് ക്ഷമയോടെ മനസിലാക്കുകയും നിയന്ത്രിക്കാന്‍ ബുദ്ധിപൂര്‍ം പെരുമാറുകയും ചെയ്യണം. അവനെ സ്‌നേഹത്തോടെ എന്നാല്‍ അധികാരത്തോടെ തന്നെ തിരുത്താന്‍ കഴിയണം. നിങ്ങള്‍ അവന്റെ രക്ഷാകര്‍ത്താവും, അധ്യാപകനും, പരിശീലകനും നിയന്ത്രിക്കുന്നയാളും ആകുന്നതിനുപകരം അവനെ അഴിച്ച് വിടുന്ന ആളായിത്തീരരുത്.

നിങ്ങളുടെ കുട്ടിയാണോ നിങ്ങളുടെ വീട് ഭരിക്കുന്നത്? ചില വീടുകളില്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്ന തുപോലെ കാണാം. മുതിര്‍ന്നവരുടെ റോളെടുക്കുന്ന കുട്ടികളെ പുകഴ്ത്തുന്ന മാതാപിതാക്കളുമുണ്ട്. അവര്‍ പ്രായമായ മാതാപിതാക്കളോടു പോലും തിക്കയറുമ്പോള്‍ പുഞ്ചിരിച്ച് അവരുടെ പ്രാഗത്ഭ്യത്തെ പ്രശംസിക്കുന്നവര്‍ വലിയവിനയാണ് വരുത്തിവയ്ക്കുക. ചില വീടുകളില്‍ കുട്ടികള്‍ ആണ് എല്ലാം തീരുമാനിക്കുക. നിങ്ങളുടെ കുട്ടി കാര്‍ക്കശ്യവും ബഹുമാനമില്ലായ്മയും മേല്‍ക്കോയ്മയും കാണിച്ചാല്‍ അതിനു നേരെ ഒരിക്കല്‍പോലും നിശബ്ദത പാലിക്കരുത്. സൗമ്യതയോടെ ഇത്തരത്തിലുള്ള സംഭാഷണം ഈ വീട്ടില്‍ അനുവദനീയമല്ല എന്നു തന്നെ പറയാനുള്ള അധികാരഭാവം പിതാവിനുണ്ടാകണം. തീരെ കൊച്ചുകുട്ടിയാകുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന്റെ ശിക്ഷയും മോശമായ ഫലങ്ങളും മനസിലാക്കി കൊടുക്കണം. കൗമാരപ്രായത്തില്‍ ഇക്കാര്യം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

കുിയുടെ പക്ഷം ചേരരുത്

മാതാപിതാക്കള്‍ തമ്മില്‍ എപ്പോഴും നല്ല സ്‌നേഹത്തിലധിഷ്ഠിതമായ ധാരണയുണ്ടാകണം. ഒരാള്‍ നിയന്ത്രിക്കുവാന്‍ ശ്രമിക്കുമ്പോള്‍ മറ്റേയാള്‍ കുട്ടിയുടെ പക്ഷത്തുനിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് വലിയ വിപത്തിന് വഴിതെളിക്കും. രണ്ടുപേരും ഒറ്റക്കൊയി നിന്ന് തീരുമാനങ്ങളെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. നിയമം ലംഘിച്ചാലുണ്ടാകുന്ന ശിക്ഷയും ഒരാള്‍ ഇടപെട്ട് താറുമാറാക്കരുത്. അപ്രകാരം ഇടപൊല്‍ ധ്രുവീകരണവും വര്‍ധിച്ച സ്വഭാവഭ്രംശവും സംഭവിക്കാം.


ബാല്യത്തിലേ ശീലിപ്പിക്കാം

കുട്ടിയെ ചെറുപ്പത്തില്‍ തന്നെ സാമൂഹ്യ ഇടപെടല്‍ ശീലിപ്പിക്കണം. ദയവായി, നന്ദി എന്നൊക്കെ പറയുവാനും വളരെ നേരത്തെ പരിശീലിപ്പിക്കുന്നത് നല്ലതാണ്. ക്ഷമിക്കണമെന്നോ നന്ദി ഉണ്ടെന്നോ പറയുന്നത് ഒരുതരം എംപതിയാണ്. അതു മറ്റുള്ളവരില്‍ നമ്മെപ്പറ്റി മതിപ്പ് ജനിപ്പിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.

ഉത്തരവാദിത്വബോധം എങ്ങനെ സൃഷ്ടിക്കാം, നാം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും നാം പൂര്‍ണ ഉത്തരവാദികളാണെന്ന ബോധ്യം കുട്ടികള്‍ക്കുണ്ടാകണം. ബഹുമാനമില്ലാതെ പെരുമാറുന്ന കുട്ടിയെ ബഹുമാനത്തോടെ തന്നെ തിരുത്തണം. ഒച്ചവയ്ക്കുകയും, ആക്രോശിക്കുകയും പൊട്ടിത്തെറിക്കുകയും, കരയുകയും, നെഞ്ചത്തടിക്കുകയും ശപിക്കുകയും ഒക്കെ ചെയ്തുകൊണ്ട് കുട്ടിയെ തിരുത്താന്‍ ശ്രമിക്കുന്നവരുണ്ട്. അല്ലെങ്കില്‍ കുറ്റം പങ്കാളിയില്‍ ആരോപിച്ചുകൊണ്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കും. നിന്നെ കണ്ടുപഠിച്ചതാണ്, നിന്റെ സഹോദരന്റെയോ അപ്പന്റെയോ അമ്മയുടെയോ തനി സ്വഭാവമാണ് എന്നൊക്കെ പറയരുത്. സ്വയം രക്ഷിക്കുന്നവരുമുണ്ട്. ഇതു കുട്ടിയുടെ ദുഃസ്വഭാവം ശക്തിപ്പെടുത്തുവാനേ സഹായകമാകൂ. അവന്റെ ആദരവില്ലാത്ത പെരുമാറ്റം നിങ്ങളെ വളരെ അസ്വസ്ഥനാക്കുന്നുവെന്ന് അവന്‍ അറിയുവാന്‍ ഇടയായാല്‍, അതും അവനെ തിരുത്താനുള്ള നിങ്ങളുടെ കഴിവുകേടാണ് പ്രകടമാക്കുക.

ഇവിടെ ശാന്തതയാണാവശ്യം. കുട്ടിയെ സമാധാനത്തില്‍ അടുത്തു വിളിച്ച് കൈകള്‍ തോളിലിട്ട് സൗമ്യമായി കാര്യം പറയുക. ഒച്ചയുണ്ടാക്കി അവനെയും മറ്റുള്ളവരെയും അസ്വസ്ഥരാക്കരുത്. എന്റെ ഒരു സുഹൃത്തിന്റെ രീതി കണ്ട് എനിക്ക് അഭിമാനം തോന്നി. കുരുത്തക്കേടു കാണിച്ച മകന്റെയടുത്ത് ചെന്ന് അവനെ ചേര്‍ത്തുപിടിച്ച് ചെവിയില്‍ എന്തോ മന്ത്രിച്ചപ്പോള്‍ അവന്‍ സ്‌നേഹത്തോടെ ശാന്തനായി ഇരിക്കുന്നത് കണ്ടു. ഇതിനുശേഷം വ്യക്തമായി നിങ്ങള്‍ ആഗ്രഹിക്കുന്നകാര്യം ഗൗരവത്തോടെ എന്നാല്‍ സൗമ്യമായി പറഞ്ഞുകൊടുക്കുകയും അനുസരിക്കാതിരുന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളും ദോഷവും ബോധ്യപ്പെടുത്തികൊടുക്കുകയും ചെയ്താല്‍ കുട്ടി തീര്‍ച്ചയായും എതിര്‍പ്പില്ലാതെ അനുസരിക്കും.

കുട്ടികളുടെ പെരുമാറ്റത്തെപ്പറ്റിയുള്ള സങ്കല്‍പത്തില്‍ തികഞ്ഞ യാഥാര്‍ത്ഥ്യബോധം ഉണ്ടാകണം. അതുകൊണ്ട് നിങ്ങളുടെ ആഗ്രഹത്തില്‍ കുറഞ്ഞ് പ്രതീക്ഷക്കേണ്ടതായി വന്നേക്കാം.

നിങ്ങളുടെ കുട്ടിയേയും കൊണ്ട് ഒരു മീറ്റിംഗിന് പോകാന്‍ ആഗ്രഹിക്കുകയും അവന് വരാന്‍ ഒട്ടും താല്‍പര്യമില്ല എന്ന് നിങ്ങള്‍ മനസിലാക്കുകയും ചെയ്താല്‍ അവനെ നിര്‍ബന്ധിക്കുകയോ, ഭീഷണിപ്പെടുത്തിയും ആക്രോശിച്ചും കൂടെകൊണ്ടുപോകാതിരിക്കുകയാണ് ഉത്തമം. അല്ലാത്തപക്ഷം തീര്‍ച്ചയായും പ്രശ്‌നം ഉണ്ടാകും. പോകേണ്ടത് അനിവാര്യമാണെങ്കില്‍ ശാന്തതമായും സൗമായും കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ വിജയിക്കാനാകും. കുട്ടികളെയും കൊണ്ട് എവിടെ പോകാന്‍ പ്ലാനിടുമ്പോഴും അവരോടു കൂടി വ്യക്തമായി പറഞ്ഞിരിക്കുന്നത് നല്ലതാണ്. നാം ഒരു ഗ്രൂപ്പില്‍ ആയിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് ബോറടിക്കാതിരിക്കാ ന്‍ ശ്രദ്ധിക്കണം. കളികളിലേര്‍പ്പെടുവാന്‍ അനുവദിക്കാം. അവര്‍ ഒറ്റയ്ക്ക് ബോറടിക്കുന്നുവെന്നു തോന്നിയാല്‍ നാേടൊപ്പം അവരെ കൊണ്ടു നടക്കുകയും അവര്‍ക്ക് വേണ്ട പരിഗണന നല്‍കുകയും ചെയ്യാം. ചില സ്ഥലങ്ങളില്‍ കുികള്‍ പെെന്ന് പോകാന്‍ ധൃതികൂട്ടുകയും ശല്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ അസ്വസ്ഥരാകുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതിനു പകരം സൗമ്യമായി സ്‌നേഹപൂര്‍ം ചെവിയില്‍ കാര്യങ്ങളുടെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തുന്നതു നല്ലതാണ്.

ക്ഷമ കാണിക്കണം

കുട്ടി അക്രമാസക്തനായിരിക്കുമ്പോള്‍ ആശയ വിനിമയം ദുഷ്‌കരമാണ്. കുട്ടിയും രക്ഷാകര്‍ത്താവും ശാന്തരായിരിക്കുമ്പോള്‍ അവരുടെ ഇപ്പോഴത്തെ പെരുമാറ്റത്തെപ്പറ്റിയും, നിങ്ങള്‍ അവരെങ്ങനെ പെരുമാറാനാണ് ആഗ്രഹിക്കുന്നത് എന്നതിനെപ്പറ്റിയും സംസാരിക്കുന്നത് പ്രയോജനപ്രദമാണ്. അവന്‍ ഇപ്പോള്‍ പെരുമാറിയതില്‍ നിന്ന് വ്യത്യസ്തമായി പെരുമാറേണ്ടിയിരിക്കുന്നത് എങ്ങനെയാണെന്നും അതിന്റെ ഗുണം എന്താണെന്നും ചര്‍ച്ച ചെയ്യാം. അപ്പോള്‍ അവന്‍ മോശമായി പെരുമാറുവാനുള്ള കാരണം അവന്‍ വിശദീകരിക്കും. അവന്റെ ചെയ്തികള്‍ ഒരു വീഡിയോ കാമറയില്‍ പകര്‍ത്തിയിരുന്നെങ്കില്‍ എങ്ങനെ ഇരിക്കുമായിരുന്നുവെന്നും ചോദിക്കാം. അതു കാമറയിലാക്കി മറ്റുള്ളവരെ കാണിക്കാന്‍ സൂക്ഷിക്കുന്നത് അപമാനകരമാണ് എന്ന് അവന് തോന്നുന്നുണ്ടെങ്കില്‍, വ്യത്യസ്തമായി പെരുമാറാന്‍ അവന് പ്രേരണയുണ്ടാകും.

വ്യക്തിപരമായി കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം. സാഹചര്യത്തിനനുസരിച്ച് തന്മയത്വത്തോടെ കൈകാര്യം ചെയ്യണം. കൗമാരപ്രായക്കാര്‍ അവരുടെ പ്രായത്തി്യൂനുസരിച്ചുള്ള പ്രത്യേകതകള്‍ പ്രകടിപ്പിക്കുമ്പോള്‍ വിവേകത്തോടെ അവരെ കൈകാര്യം ചെയ്യണം. സംശയങ്ങള്‍ ക്ഷമയോടെ കേട്ടു പക്വതയോടെ ഉത്തരങ്ങള്‍ നല്‍കണം.

ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പാള്‍, നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി