മഴക്കാലരോഗങ്ങള്‍ തടയാം
വേനലിനുശേഷമെത്തുന്ന മണ്‍സൂണ്‍ മഴ ആസ്വദിക്കുന്നവരാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍. മഴയോടൊപ്പം ധാരാളം അസുഖങ്ങളും നമ്മുടെ നാട്ടില്‍ പെയ്തിറങ്ങാറുണ്ട്. അല്പം ശ്രദ്ധവെച്ചാല്‍ മഴക്കാലരോഗങ്ങളെ ഒഴിവാക്കാനാവും.

രോഗങ്ങള്‍

മണ്‍സൂണ്‍ കാലത്ത് വൈറല്‍ അസുഖങ്ങളായ ജലദോഷം, ചുമ, പനി, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), മലേറിയ, ഡെങ്കി എന്നിവയാണ് പ്രധാനമായും കാണപ്പെടുന്നത്. പനി, തളര്‍ച്ച, ദേഹംവേദന, ചുമ, തൊണ്ടവേദന എന്നിവയാണ് വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍. വൈറസ്മൂലമുണ്ടാകുന്ന അണുബാധയാണ് പനിക്ക് കാരണമാകുന്നത്.

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കും. ഈര്‍പ്പം വര്‍ധിക്കുന്നത് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പ്രത്യേകിച്ച് രോഗപ്രതിരോധശക്തി കുറഞ്ഞവരിലേക്ക് അണുബാധ പെെട്ടന്ന് പകരാന്‍ കാരണമാകും.

കുടിവെള്ളം മലിനമാകുന്നത് മൂലമുള്ള രോഗങ്ങളും മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്നു. മലിനമായ ജലം വയറില്‍ അണുബാധ ഉണ്ടാക്കുകയും വയറിളക്കമുണ്ടാവുകയും ചെയ്യും. ശുചീകരണ പ്രവര്‍ത്തനം ശരിയായരീതിയില്‍ നടക്കാത്തത് ജലം അശുദ്ധമാകുന്നതിന് കാരണമാകുന്നു. ഇത് ജലജന്യരോഗങ്ങള്‍ക്കു വഴിതെളിക്കും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തെരുവിലെ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിക്കുന്നതും അണുബാധ ഉണ്ടാകുന്നതിനു കാരണമാകുന്നു.

മണ്‍സൂണ്‍ കാലങ്ങളില്‍ ടൈഫോയ്ഡ് വര്‍ധിക്കുന്നതായി കണ്ടുവരാറുണ്ട്. എസ്.ടൈഫി എന്ന ബാക്ടീരിയ ആണ് രോഗം പടര്‍ത്തുന്നത്. ഇവ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. ഉയര്‍ന്ന പനി, തലവേദന, തൊലിപ്പുറമേ തടിപ്പ്, വയറുവേദന, വയറിളക്കം എന്നിവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങള്‍.

മഴക്കാലത്തുണ്ടാകുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. രോഗമുണ്ടാകുന്നത് ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് ബാധിക്കുന്നതു മൂലമാണ്. ഈ രോഗം അശുദ്ധമായ ഭക്ഷണം, വെളളം എന്നിവയിലൂടെയാണ് പകരുന്നത്. പനി, തളര്‍ച്ച, തൊലിപ്പുറമേയും കണ്ണുകളിലും മഞ്ഞനിറം, ഇരുണ്ടനിറത്തില്‍ മൂത്രം പോവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

വിരളമായി കണ്ടുവരുന്നതും മഴക്കാലത്ത് ഉണ്ടാകുന്നതുമായ മറ്റൊരു അസുഖമാണ് എലിപ്പനി. അസുഖമുണ്ടാക്കുന്ന അണുക്കള്‍ എലിയുടെ മൂത്രം അല്ലെങ്കില്‍ അസുഖം ബാധിച്ച മറ്റേതെങ്കിലും മൃഗങ്ങളുടെ മൂത്രം വെള്ളത്തില്‍ കലരുകയും ആ വെള്ളവുമായി സമ്പര്‍ക്കമുണ്ടാവുകയും ചെയ്യുമ്പോഴാണ് അസുഖമുണ്ടാകുന്നത്. ചെളിയിലൂടെയോ വെള്ളപ്പൊക്കത്തിലൂടെയോ നടക്കുകയും കാലില്‍ മുറിവുകളോ വ്രണങ്ങളോ ഉണ്ടായിരുന്നാല്‍ അണുബാധയുണ്ടാകാം. പനി, തലവേദന, രക്തംപോകുക, പേശീവേദന, കുളിര്, കണ്ണുകള്‍ക്ക് ചുവപ്പ്, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.


മണ്‍സൂണ്‍ കാലത്ത് ധാരാളം സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കാനിടയാകുന്നു. അത് എലികളും കൊതുകുകളും പെറ്റുപെരുകുന്നതിനു കാരണമാകുന്നു. ഈ സാഹചര്യങ്ങളിലാണ് മലേറിയ, ഡെങ്കി എന്നീ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത്. പനിയും കുളിരും, തലവേദന, സന്ധിവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങള്‍.

ഡെങ്കിയുടെയും മലേറിയയുടെയും ലക്ഷണങ്ങള്‍ ഒരേപോലെയാണെങ്കിലും അവ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ഡെങ്കിപനിക്ക് സാധാരണയായി ശക്തമായ തലവേദനയും എല്ലുകള്‍ക്ക് വേദനയും ഉണ്ടാകാറുണ്ട്. ഇത് പെെട്ടന്ന് അപ്രത്യക്ഷമാകുമെങ്കിലും സാധാരണ തൊലിപ്പുറമേ തടിപ്പുകളായി വീണ്ടും പ്രത്യക്ഷപ്പെടുന്നു. ലാബ് ടെസ്റ്റുകള്‍ വഴിയാണ് രോഗനിര്‍ണ്ണയം ഉറപ്പാക്കുന്നത്.

മുന്‍കരുതലുകള്‍ എടുക്കാം

1. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കുക. കുടിക്കുവാന്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാം. ഈച്ച കയറാതിരിക്കുവാന്‍ ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക.
2. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ നടക്കുമ്പോള്‍ അനുയോജ്യമായ പാദരക്ഷ ധരിക്കുക. പുറത്തുപോയി വന്നതിനുശേഷം സോപ്പ് ഉപയോഗിച്ച് കാല്‍പ്പാദങ്ങള്‍ വൃത്തിയായി കഴുകുക.
3. വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക. ഭക്ഷണം പാകം ചെയ്യുന്നതിനുമുമ്പും കഴിക്കുന്നതിനു മുമ്പും ടോയ്‌ലെറ്റില്‍ പോയി വന്നതിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
4. രോഗലക്ഷണങ്ങള്‍ ഒന്നും നിസാരമായി കാണരുത്. യഥാസമയംതന്നെ അനുയോജ്യമായ വൈദ്യോപദേശം തേടണം. വീട്ടുവൈദ്യവുമായി സമയം കളയരുത്. ചികിത്സയ്ക്ക് കാലതാമസമുണ്ടാകുന്നത് അസുഖങ്ങള്‍ സങ്കീര്‍ണ്ണമാവാന്‍ വഴിതെളിക്കും.
5. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക.

ഡോ. ഗീത ഫിലിപ്‌സ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍,
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി