സ്ത്രീകളുടെ ആരോഗ്യം ആയുര്‍വേദത്തിലൂടെ...
സ്ത്രീയായിരിക്കുക എന്നത് കഠിനമായ കാര്യമാണ്. പ്രത്യേകിച്ച് ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ആര്‍ത്തവവിരാമകാലത്തും ഒട്ടേറെ ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഇത് അവരുടെ മനസിലും ശരീരത്തിലും ഒേട്ടറെ മാറ്റങ്ങള്‍ വരുത്തും. ചിലപ്പോള്‍ ഭാവനിലയില്‍ വലിയ വ്യതിയാനങ്ങള്‍ക്ക് ഇത് കാരണമാകാം. നാല്‍പ്പത്തിയഞ്ച് വയസ് മുതല്‍ അറുപത്തിയഞ്ച് വയസ് വരെയുള്ള സ്ത്രീകളിലെ വിഷാദരോഗത്തിനും ആത്മഹത്യാപ്രവണതയ്ക്കും പലപ്പോഴും കാരണമാകുന്നത് ഹോര്‍മോണിലെ മാറ്റങ്ങളാണ്.

മധ്യകാലഘട്ടം പുതിയതും അധികവുമായ സമ്മര്‍ദ്ദങ്ങളുടെ കാലം കൂടിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ശരിയായ പരിചരണം നല്കിയില്ലെങ്കില്‍ പലവിധ ഗുരുതര രോഗങ്ങളും പടിപടിയായി കടന്നുവരും. സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം, ക്ഷീണത്തിനും അതികഠിന വേദനയ്ക്കും കാരണമാകുന്ന ഫൈബ്രോമയാള്‍ജിയ, അസ്ഥിക്ഷയം തുടങ്ങിയ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതകളുണ്ട്. ശരിയായ രീതിയില്‍ കര്‍ക്കടക ചികിത്സ നേടിയാല്‍ സ്ത്രീകള്‍ക്ക് വളരെ ഫലപ്രദമായി ഇത്തരം പ്രശ്‌നങ്ങളില്‍നിന്ന് പ്രതിരോധം നേടാനാവുമെന്നാണ് വിശ്വാസം.

ആയുര്‍വേദവിധി അനുസരിച്ച് കര്‍ക്കടകമെന്നത് ശരീരം ഇളപ്പമാകുന്നതും രോഗങ്ങള്‍ പിടികൂടാന്‍ സാധ്യതയുള്ളതുമായ കാലമാണ്. രോഗത്തെ പ്രതിരോധിക്കുന്നതും പുനരുജ്ജീവനം സാധ്യമാക്കുന്നതുമായ ചികിത്സകള്‍ക്ക് അനുയോജ്യമായ കാലമാണിത്. ഈ കാലയളവില്‍ മനുഷ്യശരീരത്തില്‍ അധികമായി വിഷാംശം അടിഞ്ഞുചേരുന്നതായും ഇവ പുറത്തുകളയേണ്ടത് ആവശ്യമായും വരുന്നു. ഇതിനും പുറമെ ആയുര്‍വേദ മരുന്നുകള്‍ ഏറ്റവും ഫലപ്രദമാകുന്ന കാലവുമാണിത്.

ചികിത്സ രണ്ടു തരത്തില്‍

ആയുര്‍വേദരീതി അനുസരിച്ച് രണ്ടു തരം ചികിത്സകളുണ്ട്. ശമന ചികിത്സയും ശോധനാചികിത്സയും. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിങ്ങനെ അഞ്ച് രീതികളാണ് ശോധനാചികിത്സയില്‍ ഉള്ളത്. ഇവയെ ആകെയാണ് പഞ്ചകര്‍ം എന്നു പറയുന്നത്. ശരീരത്തിലെ രോഗകാരണമാകാവുന്ന ഘടകങ്ങളെ ലക്ഷ്യമിട്ട് അവയെ ഒഴിവാക്കാനും ശരീരത്തിന്റെ ആരോഗ്യവും സന്തുലനാവസ്ഥയും പുന:സ്ഥാപിക്കാനുമാണ് ഇതുവഴി ശ്രമിക്കുന്നത്.

മനസും ശരീരവും സുഖമാക്കുന്ന ചികിത്സാരീതിയാണ് പഞ്ചകര്‍മ്മ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മനസിന്റെ സൗഖ്യം മെച്ചപ്പെടുത്താനും ലക്ഷ്യം വച്ചാണ് ഈ ചികിത്സ. ആയുര്‍വേദ മരുന്നുകളും തൈലങ്ങളും മരുന്നു കൂട്ടുകളും നല്കിയുള്ള ചികിത്സയില്‍ പൂര്‍ണമായും സസ്യാഹാരമാണ് നല്കുന്നത്.

പച്ചമരുന്നും തൈലങ്ങളും ഉപയോഗിച്ച് പേശികളിലും ലസീകകളിലും തിരുമ്മുന്നതും ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചുള്ള വിരേചനവുമാണ് പഞ്ചകര്‍മ്മ ചികിത്സ.
അഭ്യംഗം

ഏഴു ദിവസത്തേക്ക് എണ്ണ തേച്ചുള്ള കുളിയാണ് അഭ്യംഗം. ശരീരത്തിന് ശക്തി വീണ്ടെടുക്കാന്‍ ഇത് സഹായിക്കുന്നു. തലയുടെ ഉച്ചിയിലും ചെവിയിലും ഉപ്പൂറ്റിയിലും എണ്ണ തേച്ച് പിടിപ്പിച്ച് ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് ഈ രീതി. അഭ്യംഗത്തിലൂടെ യൗവനം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് അഷ്ടാംഗഹൃദയം പറയുന്നത്.

സ്വേദനം

ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചുള്ള ആവിയിലെ കുളിയാണ് സ്വേദനം. മരുന്നുകള്‍ക്കൊപ്പം നീരാവിയും ശരീരത്തിലേക്ക് എത്തുന്നു. ഇതിനുശേഷം ചൂടുവെള്ളത്തില്‍ കുളിക്കണം. അധികമായ കൊഴുപ്പ് നീക്കം ചെയ്ത് ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വേദനം സഹായിക്കും.

ധാര

മലര്‍ന്നുകിടക്കുന്ന രീതിയില്‍ നെറ്റിയില്‍ അരമണിക്കൂര്‍ നേരത്തേക്ക് തുടര്‍ച്ചയായി എണ്ണ ധാരധാരയായി ഒഴിക്കുന്നതാണ് ഈ ചികിത്സ. മാനസികസമ്മര്‍ദവും തലവേദനയും സുഖപ്പെടുന്നതിന് ഇത് സഹായിക്കും. കൂടാതെ ഓര്‍മശക്തി വീണ്ടെടുക്കുന്നതിനും ഇതുവഴി കഴിയും.

പിഴിച്ചില്‍

ഇത് രണ്ടാംഘട്ട ചികിത്സയാണ്. ശരീരമാകമാനം എണ്ണ തേച്ചുപിടിപ്പിച്ച് പ്രത്യേകമായി തയാറാക്കിയ തടിമേശയില്‍ കിടത്തി സവിശേഷമായ രീതിയില്‍ തിരുമ്മുന്നതാണ് ഈ രീതി. ഹൃദയത്തിലേക്കും നാഡികളിലേക്കുമുള്ള രക്തയോട്ടം കൂട്ടുന്നതിനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുന്നതിനും ഇതുവഴി കഴിയും.

ഇതു ശ്രദ്ധിക്കാം

1. ചികിത്സാകാലത്ത് ശരീരവും മനസും സ്വസ്ഥമാക്കി വയ്ക്കണം
2. ഈ കാലയളവില്‍ ജലജന്യരോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ട് രണ്ടുലിറ്റര്‍ തിളപ്പിച്ചാറ്റിയ വെള്ളമെങ്കിലും ദിവസവും കുടിക്കണം
3. ദ്രാവകരൂപത്തിലുള്ളതും എളുപ്പത്തില്‍ ദഹിക്കാന്‍ സാധ്യതയുളളതുമായ സസ്യാഹാരം മാത്രമേ കഴിക്കാവൂ. സസ്യേതര ഭക്ഷണം കഴിക്കരുത്.
4. രാത്രിയില്‍ നല്ല ഉറക്കം വേണം. പകല്‍സമയത്ത് ഉറങ്ങരുത്.
5. എല്ലാകാര്യത്തിലും മിതത്വം പാലിക്കണം. വ്യായാമത്തിലും ആഹാരത്തിലും ചിന്തയിലും മിതത്വം വേണം.

ഡോ. എസ്. സജികുമാര്‍
ചീഫ് ഫിസിഷ്യന്‍, ധാത്രി
ആയുര്‍വേദ ഹോസ്പിറ്റല്‍ & പഞ്ചകര്‍മ്മ സെന്റര്‍, എറണാകുളം