ഫാഷന്‍ ഓഫ് അസംപ്ഷന്‍
ഫാഷന്‍ ഓഫ് അസംപ്ഷന്‍
Thursday, September 13, 2018 3:16 PM IST
ഇരുവശവും കാണികള്‍ തിങ്ങിക്കൂടിയ റാംപിലൂടെ അതിസുന്ദരിയായ മോഡല്‍ ചുവടുവച്ചു. ചില്ലി റെഡ് ബ്രൈഡല്‍ ലെഹങ്കയും ആഭരണങ്ങളും അവളുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടി. ആത്മവിശ്വാസം നിറഞ്ഞ ചുവടുകള്‍ക്കും സൗന്ദര്യത്തിനുമപ്പുറം അവിടെ ചര്‍ച്ചയായത് അവളുടെ വസ്ത്രമായിരുന്നു. ആരാണ് ഡിസൈനര്‍ എന്നതായിരുന്നു അവിടെ ഉയര്‍ന്ന ചോദ്യം.

നമുക്കെല്ലാവര്‍ക്കും നല്ലത് അഥവാ മികച്ചത് എന്നു തോന്നുന്ന ഓരോ വസ്ത്രത്തിനു പിന്നിലും ഇതുപോലെ ഓരോ ഡിസൈനര്‍ ഉണ്ടാകും. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തോടെയും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പേരുകള്‍ ഫാഷന്‍ ലോകം ഓര്‍ത്തിരിക്കും.

തുടക്കത്തില്‍ ഫാഷന്‍ രംഗത്തേക്കു കടന്നു വരുന്നവരുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഈ മാറ്റം പ്രകടമായി തന്നെ കാണാം. പ്രധാന സര്‍വകലാശാലകള്‍ക്കു കീഴില്‍ ഫാഷന്‍ ടെക്‌നോളജി എന്ന ഒരു വിഭാഗം തന്നെയുണ്ട്. എല്ലാവര്‍ഷവും നിരവധി കുട്ടികളാണ് ബിരുദതലത്തിലും ബിരുദാനന്തര ബിരുദതലത്തിലും ഈ കോഴ്‌സ് പഠിക്കാന്‍ ചേരുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍

ഇന്‍ഡസ്ട്രിയല്‍ ഓറിയന്റഡ് ആയാണ് കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഒരാള്‍ക്ക് ഫാഷന്‍ രംഗത്ത് ഏതു മേഖലയില്‍ വേണമെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഫാഷന്‍ ഡിസൈനിംഗ് എന്ന ഒരു കോഴ്‌സ് മാത്രം ചെയ്യുന്ന ഒരാള്‍ക്ക് ആ മേഖല മാത്രമായിരിക്കും അറിയുക. എന്നാല്‍ ഫാഷന്‍ ടെക്‌നോളജി എന്ന കോഴ്‌സ് ഫാഷന്റെ എല്ലാ മേഖലയും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്നു. പരിചയപ്പെടുത്തുക മാത്രമല്ല, പ്രഫഷണല്‍ രീതിയിലാണ് ക്ലാസ് എടുക്കുന്നതും.

ആദ്യ വര്‍ഷം കുട്ടികളുടെ ഉള്ളിലെ കഴിവുകളെ പാകപ്പെടുത്തിയെടുക്കുകയും തിയറി വശങ്ങള്‍ പരിചയപ്പെടു ത്തുകയും ചെയ്യും. രണ്ടാം വര്‍ഷം മുതലാണ് കുട്ടികള്‍ പ്രധാനമായും പ്രാക്ടിക്കല്‍ വശങ്ങള്‍ മനസിലാക്കിത്തുടങ്ങുക. പൂര്‍ണമായും പ്രാക്ടിക്കല്‍ തലത്തിലുള്ള പഠനമാണ് മൂന്നാം വര്‍ഷം നടക്കുക.

കേരളത്തില്‍ ആദ്യം

2002ല്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജാണ് കേരളത്തില്‍ ആദ്യമായി ഫാഷന്‍ ടെക്‌നോളജി എന്ന കോഴ്‌സ് ആരംഭിക്കുന്നത്. ഡിസൈനിംഗില്‍ മാത്രം ഒതുങ്ങാതെ ഫാഷന്‍ മേഖലയുടെ എല്ലാത്തലങ്ങളെക്കുറിച്ചും പഠിപ്പിക്കുക എന്നതാണ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന്റെ ലക്ഷ്യമെന്ന് അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പാല്‍ സിസ്റ്റര്‍ ചെറുകുസുമം സിഎംസി പറയുന്നു. 2012,13 അധ്യയന വര്‍ഷത്തില്‍ എംഎസ്‌സി ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ എന്ന ബിരുദാനന്തര ബിരുദ കോഴ്‌സും അസംപ്ഷനില്‍ ആരംഭിച്ചു. മറ്റു പ്രഫഷണല്‍ കോഴ്‌സുകള്‍ പോലെ തന്നെ ജോലി സാധ്യതയുണ്ട് എന്നതാണ് ഈ രംഗത്തേക്കു വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. കഠിനാധ്വാനവും സര്‍ഗാത്മകതയുമുള്ള ഏതൊരാള്‍ക്കും ശോഭിക്കാന്‍ കഴിയുന്ന മേഖലയാണ് ഫാഷന്‍ ടെക്‌നോളജി എന്നും സിസ്റ്റര്‍ ചെറുകുസുമം പറഞ്ഞു.

ഫാഷന്‍ ഷോ നടത്താം

തന്റെ ഭാവനയില്‍ വിരിയുന്ന വസ്ത്രമണിഞ്ഞ്, റാംപിലൂടെ ചുവടുവയ്ക്കുന്ന മോഡലിനെ കാണാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ ഡിസൈനര്‍മാരും. എന്നാല്‍ വളരെ വിരളമായി മാത്രമേ തുടക്കക്കാരെ തേടി അത്തരം അവസരങ്ങള്‍ എത്താറുള്ളു. പക്ഷേ അസംപ്ഷനിലെ ബിരുദ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതിനുള്ളില്‍ രണ്ടു ഫാഷന്‍ ഷോകളാണ് നടത്താറുള്ളത്. ആദ്യത്തേതില്‍ മോഡലും ഡിസൈനറുമെല്ലാം കോളജില്‍ നിന്നു തന്നെയാണെങ്കില്‍ രണ്ടാമത്തെ ഷോയില്‍ വിദ്യാര്‍ഥികള്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രമണിഞ്ഞ് റാംപില്‍ എത്തുന്നത് പ്രഫഷണല്‍ മോഡലുകളായിരിക്കും. സിലബസിന്റെ ഭാഗമായാണ് ഇവര്‍ ഫാഷന്‍ ഷോ നടത്തുന്നത്.

ഇന്‍േറണ്‍ഷിപ്പ്

പലപ്പോഴും ഫാഷന്‍ രംഗത്തെ നിറപ്പകിുള്ള ലോകം കണ്ടാണ് കുട്ടികള്‍ ഈ കോഴ്‌സിന് ചേരുന്നത്. എന്നാല്‍ റാംപിലും സിനിമയിലുമൊക്കെ കാണുന്നത് ഇതിന്റെ ഒരു വശം മാത്രമാണ് എന്ന് തിരിച്ചറിയുകയാണ് പ്രധാനം. ഇതിനു പഠന കാലത്തെ ഇന്‍േറണ്‍ഷിപ്പ് പ്രോഗ്രാം വളരെയധികം സഹായിക്കും. കൂടാതെ രണ്ടാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് നിഫ്റ്റില്‍ ഒരാഴ്ചത്തെ പരിശീലനവും അതിനുശേഷം ഒരു മാസം നീളുന്ന ഇന്‍േറണ്‍ഷിപ്പും നല്‍കും. പിജി വിദ്യാര്‍ഥികള്‍ക്ക് ബുട്ടീക് ഇന്‍േറണ്‍ഷിപ്പ് ആണ് നല്‍കുന്നത്.


ഫീസ്

മറ്റ് റെഗുലര്‍ കോഴ്‌സുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന്റെ ഫീസ് അല്‍പം കൂടുതലാണ്. തിയറി പഠനത്തിനു പുറമേ പ്രാക്ടിക്കല്‍ കൂടുതലായി നല്‍കുന്നു എന്നതിനാലാണ് ഈ വ്യത്യാസം. എങ്കില്‍ പോലും ഒരു സാധാരണ കുടുംബത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥിക്കു താങ്ങാന്‍ സാധിക്കുന്നതാണ് കോഴ്‌സ് ഫീസ്. അസംപ്ഷനില്‍ യുജി കോഴ്‌സിന് സെമസ്റ്ററിന് 29000 രൂപയും പിജിക്ക് 30000 രൂപയുമാണ് ഫീസ്.

കടല്‍പോലെ അവസരങ്ങള്‍

ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് അവസരങ്ങളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനേഴ്‌സ്, മെര്‍ച്ചന്‍ഡൈസേഴ്‌സ്, മേക്കപ്പ്ആര്‍ട്ടിസ്റ്റ് തുടങ്ങി പല മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ് ഫാഷന്‍ രംഗത്തെ സാധ്യതകള്‍. നമ്മള്‍ സ്വന്തമായി എത്രത്തോളം പരിശ്രമിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മെ തേടിയെത്തുന്ന അവസരങ്ങള്‍. ഒന്നില്‍ ഒതുങ്ങി നില്‍ക്കുന്നവര്‍ ആകാതെയിരിക്കുകയാണു പ്രധാനം. അതി നൂതനമായ ആശയങ്ങള്‍ക്കു പിന്നാലെ പായാനുള്ള ഉത്സാഹവും ഉന്മേഷവും ഉണ്ടാകണം. ഇന്ന് ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്നവരെല്ലാം അങ്ങനെയാണ് എന്നു മനസിലാക്കുകയും അതിനൊപ്പം പ്രയത്‌നിക്കുകയും ചെയ്താല്‍ ഫാഷന്‍ മേഖലയില്‍ നിങ്ങള്‍ക്കും സ്വന്തമായൊരിടം നേടിയെടുക്കാന്‍ സാധിക്കും.

എന്താണ് ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി?

ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി എന്നത് മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി കോഴ്‌സാണ്. ഡിസൈനിംഗില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഫാഷന്‍ ലോകത്തെ പൂര്‍ണമായി വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്നു എന്നത് കോഴ്‌സിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി)യിലെ അധ്യാപകരാണ് ഈ കോഴ്‌സിന്റെയും സിലബസ് ചിട്ടപ്പെടുത്തിയി രിക്കുന്നത്.

ഫാഷന്‍ ഡിസൈനിംഗ്, അപ്പാരല്‍ മെര്‍ക്കന്‍ഡൈസിംഗ്, ടെക്‌സ്‌റ്റൈല്‍ സയന്‍സ്, ഗാര്‍മെന്റ് പ്രൊഡക്ഷന്‍ ടെക്‌നോളജി എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.

കുട്ടികളെ ഈ രംഗത്ത് കൂടുതല്‍ മികവുറ്റവരാക്കുക എന്നതാണ് എംഎസ്‌സി ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് എന്ന ബിരുദാനന്തര ബിരുദ കോഴ്‌സിലൂടെ ഉദ്ദേശിക്കുന്നതെന്ന് അസംപ്ഷന്‍ കോളജ് ഫാഷന്‍ ടെക്‌നോളജി വിഭാഗം മേധാവി ലിസ് തങ്കം മാത്യു പറയുന്നു. വരയ്ക്കാന്‍ അറിയാം എന്നതു കൊണ്ടു മാത്രം ഒരാള്‍ക്ക് ഫാഷന്‍ ഡിസൈനര്‍ ആകാന്‍ സാധിക്കില്ലെന്നും അതിനു കഠിനാധ്വാനം വളരെ പ്രധാനമാണെന്നും ലിസ് പറഞ്ഞു.

ഡിസൈനിംഗില്‍ നിന്ന് അല്‍പം മാറി അധ്യാപനത്തിലേക്കു കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംഎസ്‌സി ചെയ്യാം. യുജി കോഴ്‌സിന് 30 സീറ്റും പിജിക്ക് 15 സീറ്റുമാണുള്ളത്.

നെറ്റ് എന്ന കടമ്പ

അധ്യാപന രംഗത്തേക്കു കടന്നു വരാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതലായി എംഎസ്‌സിക്കു ചേരുന്നത്. എന്നാല്‍ നെറ്റ് പരീക്ഷ ഇവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കാരണം, ഫാഷന്‍ ടെക്‌നോളജിക്കോ ഫാഷന്‍ ഡിസൈനിംഗിനോ പ്രത്യേകമായി നെറ്റ് പരീക്ഷയില്ല. ഹോം സയന്‍സിലോ ഫൈന്‍ ആര്‍ട്‌സിലോ ആണ് ഇവര്‍ പരീക്ഷ എഴുതുക. ഫാഷന്‍ ടെക്‌നോളജി എന്നത് ഹോം സയന്‍സിലെ ഒരു ഭാഗം മാത്രമാണ്. മാത്രമല്ല അതിലേ മറ്റു വിഷയങ്ങളൊന്നും ഇവര്‍ക്ക് അറിയില്ല എന്നതും ഇവരെ കുഴപ്പത്തിലാക്കുന്നു.

അഞ്ജലി അനില്‍കുമാര്‍
ഫോട്ടോ അനൂപ് ടോം