അനശ്വര ഹാപ്പിയാണ്
അനശ്വര ഹാപ്പിയാണ്
Wednesday, October 3, 2018 3:15 PM IST
അനശ്വര രാജന്റെ ഇത്തവണത്തെ ഓണത്തിന് പ്രത്യേകതയുണ്ടായിരുന്നു. സെലിബ്രിറ്റി ആയതിനുശേഷമുള്ള ആദ്യ ഓണമാണിത്. അതിന്റെ ത്രില്ലിലാണ് അനശ്വരയും. പത്തു ദിവസവും പൂക്കളമിട്ട് കോടിയുടുത്ത് ഓണത്തെ വരവേറ്റുവെന്ന് അനശ്വര പറയുന്നു.

ഉദാഹരണം സുജാതയിലെ ആതിരയെന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിയാന്‍ പറ്റിയ വേഷമായതിനാല്‍ ഈ ഒരു സിനിമ കൊണ്ടു തന്നെ അനശ്വര ഒരു സ്റ്റാറായി അരങ്ങേറ്റം കുറിച്ചു. അതും മഞ്ജുവാര്യരുടെ മകളുടെ വേഷത്തില്‍.

വെള്ളിത്തിരയിലേക്ക്

പരസ്യം കണ്ടപ്പോള്‍ ഫോട്ടോ അയച്ചു കൊടുത്തു. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ സംവിധായകന്‍ ലിജു ഏട്ടന്റെ അമ്മയാണ് പരസ്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഒരാഴ്ച കഴിഞ്ഞ ഉടന്‍ തന്നെ ഓഡീഷനിലേക്കുള്ള ക്ഷണം ലഭിച്ചു. എറണാകുളത്തു വച്ചായിരുന്നു. ദേഷ്യത്തോടെ അമ്മയോടു പെരുമാറുന്ന സീനാണ് അഭിനയിക്കാന്‍ പറഞ്ഞത്. സ്‌കൂള്‍ മാറ്റിയപ്പോള്‍ ഉണ്ടായ വികാരപ്രകടനമായിരുന്നു വിഷയം. ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെുവെന്ന വിവരം ലഭിച്ചു. വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സിനിമയെക്കുറിച്ചൊന്നും അറിയില്ല. പേടി ആയിരുന്നു. മഞ്ജുച്ചേച്ചിയാണ് ഓഡീഷന്‍ സമയത്ത് ധൈര്യം പകര്‍ന്നു തന്നത്. എനിക്ക് ചെയ്യാന്‍ പറ്റുന്നതാണെന്ന ഉറച്ച വിശ്വാസം ചേച്ചിക്കുണ്ടായിരുന്നു. ദേഷ്യം വന്നാല്‍ അമ്മയോട് സാധാരണ പെരുമാറുന്നത് അഭിനയിച്ചു കാണിച്ചാല്‍ മതി എന്നായിരുന്നു അമ്മയുടെ ഉപദേശം. എന്റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ അച്ഛനും അമ്മയും ഒരുപോലെ പരിശ്രമിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോഴും പേടി മാറിയില്ല. മഞ്ജുച്ചേച്ചിയുടെ ഒപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ക്യാരക്ടറാണെന്നറിഞ്ഞപ്പോഴുള്ള ത്രില്ലുമുണ്ട്. മഞ്ജുച്ചേച്ചി അഭിനയിക്കുന്നതിന്റെ പത്തിലൊന്നെങ്കിലും അഭിനയിക്കാന്‍ സാധിക്കണമെന്നായിരുന്നു പ്രാര്‍ത്ഥന. സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പ് ഗ്ലോബ് എന്ന ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടെങ്കിലും കാമറയുടെ മുന്നില്‍ നില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു അടുത്ത ആശങ്ക. ഷോര്‍ട്ട് ഫിലിമും, ഫിലിമും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഡയറക്ടര്‍ ഫാന്റം പ്രവീണ്‍ ചേട്ടന്റെ ഒരുപാട് സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആദ്യത്തെ സിനിമയാണെന്നുള്ള പേടി മാറ്റിത്തന്നത് ഫാന്റം ചേട്ടനാണ്. ഷൂട്ടിങ്ങ് ഇടവേളയില്‍ ഞങ്ങള്‍ ശംഖുമുഖത്ത് പോകുമ്പോള്‍ ഫാന്റം ചേട്ടന്‍ കുട്ടികളെപ്പോലെയാണ്. ഒപ്പം കളിക്കാനും സന്തോഷിപ്പിക്കാനും ഉണ്ടായിരുന്നു.

മഞ്ജുച്ചേച്ചി... ദ ഗ്രേറ്റ്

ഷൂട്ടിംഗ് സമയത്ത് വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു മഞ്ജുച്ചേച്ചി. ഡയറക്ടറും പറഞ്ഞത് സംശയമുണ്ടെങ്കില്‍ ചേച്ചിയോട് ചോദിക്കാനാണ്. ചേച്ചിക്ക് സംശയമുണ്ടെങ്കില്‍ എന്നോടു ചോദിക്കാമെന്നും പറഞ്ഞപ്പോള്‍ കൗതുകം തോന്നി. ഷൂട്ടിങ്ങിലുടനീളം സ്വന്തം മകളെപ്പോലെയാണ് പെരുമാറിയതും സംസാരിച്ചതും.

കൂട്ടുകാരോടൊപ്പം ആതിരയെ കണ്ടു

സിനിമ റിലീസായപ്പോള്‍ ഹൈസ്‌കൂള്‍ ഒരു ബാച്ചായിട്ടും യുപി മറ്റൊരു ദിവസം വേറെ ബാച്ചായിട്ടും പോയി കുട്ടികളുടെ ഒപ്പം ഇരുന്ന് സിനിമ കണ്ടു. സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും കരയുകയും ചെയ്തു. എങ്കിലും എല്ലാവരും പ്രശംസിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

വീട്ടുകാരുടെയും സ്‌കൂളിന്റെയും പിന്തുണ

സിനിമയില്‍ വരുന്നതിനു മുമ്പ് സ്‌കൂളിലെ മോണോ ആക്ട് മത്സരങ്ങള്‍ക്കു വേണ്ടി തലേന്നു തന്നെ വീട്ടില്‍ എല്ലാവരുടെയും മുമ്പില്‍ ഒരു ട്രയല്‍ അവതരിപ്പിക്കും. കൂടുതല്‍ ഭംഗിയാക്കാന്‍ വേണ്ടി നല്ല നിര്‍ദ്ദേശങ്ങളും അവര്‍ പറഞ്ഞുതരും. മോണോ ആക്ട് ഞാന്‍ സ്വയം പഠിച്ച് ചെയ്തു തുടങ്ങിയതാണ്. 5 ാം ക്ലാസ് മുതല്‍ ചെയ്യുന്നുണ്ട്. പ്രാരംഭ സമയം മുതല്‍ തന്നെ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള എല്ലാ പിന്തുണയും അവര്‍ തരാറുണ്ട്. സിനിമയുടെ ഷൂിങ്ങ് വെക്കേഷന്‍ സമയത്തായിരുന്നു. അധികം ക്ലാസ് മുടങ്ങിയില്ല. സിനിമ റിലീസ് ചെയ്തതിനു ശേഷമാണ് ക്ലാസുകള്‍ മുടങ്ങിയത്. എങ്കിലും കൂട്ടുകാര്‍ നോട്ട്‌സ് എഴുതിത്തരുമായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും മികച്ച പിന്തുണയാണ് നല്‍കിയത്.

അനശ്വര ആതിരയായി

സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് എവിടെ വേണമെങ്കിലും പോകാമായിരുന്നു. ഇപ്പോള്‍ പുറത്തു പോകുമ്പോള്‍ ആളുകള്‍ പെെട്ടന്ന് തിരിച്ചറിയാന്‍ തുടങ്ങി. ആതിരയെയാണ് അവര്‍ക്ക് പരിചയം. യഥാര്‍ഥ പേര് പലര്‍ക്കും അറിയില്ല. ആതിര എന്നു പേര് വിളിച്ചിട്ടാണ് സംസാരിച്ചു തുടങ്ങുന്നതു തന്നെ. അത്രമാത്രം സ്വാധീനമുണ്ടായിരുന്നു ആ കഥാപാത്രത്തിന്.

പത്താം ക്ലാസും സിനിമയും

കണ്ണൂര്‍ സെന്റ് മേരീസ് സ്‌കൂളില്‍ 10ാം ക്ലാസിലാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞതിനു ശേഷം മാത്രമെ ഇനി അടുത്ത സിനിമയെക്കുറിച്ച് ആലോചിക്കുന്നുള്ളു. എങ്കിലും ഉദാഹരണം സുജാതയിലെ കഥാപാത്രത്തെപ്പോലെ സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്ന കഥാപാത്രം ലഭിക്കുകയാണെങ്കില്‍ അത്തരം നല്ല സിനിമകളുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ട്.

സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങണം

ഫുട്‌ബോള്‍ കളികാണാന്‍ ഇഷ്ടമാണ്. സ്‌കൂളില്‍ മോണോ ആക്ടിനു പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്യാറുണ്ട്. അഭിനയത്തിന്റെ ചുവടുവയ്പ് നാടകത്തിലൂടെയാണ്. മികച്ച അഭിനേത്രിയായി് തിരഞ്ഞെടുക്കപ്പെിട്ടുണ്ട്. പഠനത്തില്‍ ഭാഷാവിഷയങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. ഇംഗ്ലീഷും മലയാളവുമാണ് ഇഷ്ടവിഷയങ്ങള്‍. മോഡലിങ്ങും വൈല്‍ഡ് ലൈഫ് ഫോാേഗ്രഫിയും ഇഷ്ടമാണ്. ഒരു ഇഷ്ടവും കൂടി പറയട്ടെ. സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങണമെന്നുണ്ട്.


ദുല്‍ഖറും ചാര്‍ളിയും

പണ്ടു മുതല്‍തന്നെ ദുല്‍ഖര്‍ ചേനെ ഇഷ്ടമാണ്. ചാര്‍ളി സിനിമ കണ്ടതിനു ശേഷം ചേട്ടന്റെ കട്ട ഫാനായി മാറി. ചാര്‍ളി സിനിമയും ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ്.

സദ്യയോട് ഇഷ്ടം കൂടുതല്‍

പായസത്തോടു കൂടിയുള്ള സദ്യ ഉണ്ണാനാണ് ഇഷ്ടം. ന്യൂ ജനറേഷന്‍ ഭക്ഷണത്തിനോട് താല്‍പര്യമില്ല. ഇഷ്ട ഭക്ഷണം എന്താണെന്ന് ചോദിക്കേണ്ട. കിട്ടിയതൊക്കെ കഴിക്കും. മാഗി, ഷവര്‍മയൊന്നും വേണ്ട. ഞാന്‍ പറഞ്ഞില്ലേ പപ്പടവും, പായസവും ഉള്ള സദ്യ തരൂ... ഞാന്‍ ദാ... റെഡി.

അനശ്വരയെപ്പോലെ ആതിര

അമ്മ പറയാറുണ്ട്, ഉദാഹരണം സുജാതയിലെ ആതിരയുടെ സ്വഭാവങ്ങളില്‍ പലതും എനിക്ക് ഉള്ളതു കൊണ്ടാണ് ആ കഥാപാത്രത്തിലേക്ക് പെട്ടെന്ന് അലിയാന്‍ കഴിഞ്ഞതെന്ന്. സിനിമയിലെ ആതിരയുടെ അത്രയും പഠിത്തത്തില്‍ പിന്നിലല്ലാെ. എങ്കിലും അയുമായുള്ള കളികളും മറ്റും അതു പോലെത്തന്നെയാണ്. പലരും അത് പറയുകയും ചെയ്തു.

ഇമോഷണല്‍ ആണ്. ദേഷ്യം വരാറുണ്ട്. ആതിരയുടെ അത്രയ്ക്ക് ദേഷ്യമില്ല. ഒരു പകുതി ആതിര. സങ്കടം വന്നാല്‍ ഞാന്‍ അത് കഴിയുന്നത്ര എന്നില്‍ ഒതുക്കും. പുറമെ പ്രകടിപ്പിക്കാറില്ല.

സ്ലിം ബ്യൂിയുടെ രഹസ്യം

ഞാന്‍ മെലിഞ്ഞിാണ്. വണ്ണം വയ്ക്കാത്തതിന്റെ രഹസ്യം എന്റെ സുഹൃത്തുക്കളാണ് കളിയാക്കി പറഞ്ഞു തന്നത്. ഞാന്‍ ഒരു സംസാരജീവിയാണ്. നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരിക്കും. ഭയങ്കര ഇഷ്ടമാണ്. ഭക്ഷണം കഴിക്കുമ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കും. അതു കണ്ടിട്ടാണ് സുഹൃത്തുക്കള്‍ പറയുന്നത്, ഞാന്‍ വണ്ണം വയ്ക്കില്ലെന്ന്. കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഞാന്‍ സമയം കൊടുക്കുന്നില്ലത്രെ!

യാത്രകള്‍

യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കാണാനും ഭയങ്കര ഇഷ്ടമാണ്. എവിടെപ്പോയാലും ഞാന്‍ കളിച്ചു വളര്‍ന്ന ഈ സ്ഥലം തന്നെയാണ് ഏറെ ഇഷ്ടം. എങ്കിലും മണാലിയില്‍ പോകാന്‍ ആഗ്രഹമുണ്ട്.

കംഫര്‍ട്ടബിള്‍ ആയ വേഷം

എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വേഷമാണ് എന്റെ ഇഷ്ടം. സുജാതയുടെ ലൊക്കേഷനിലാണ് ചുരിദാര്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഉപയോഗിക്കുന്നത്. അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കുറവോ മറ്റൊരു വസ്ത്രത്തോടും ഇല്ല.

ബ്യൂട്ടി പാര്‍ലറിലേക്ക് നോ

ബ്യൂട്ടി പാര്‍ലറിലേക്ക് മുടി വെട്ടാന്‍ മാത്രമാണ് പോകുന്നത്. സൗന്ദര്യസംരക്ഷണത്തിനു വേണ്ടി മറ്റൊന്നും പാര്‍ലറില്‍ ചെയ്യാറില്ല.

യോഗ ബുദ്ധിമുട്ടാണ്

യോഗയും എക്‌സര്‍സൈസുമൊന്നും ചെയ്യാറില്ല. രാവിലെ എഴുന്നേറ്റ് ഇതൊക്കെ ചെയ്യേണ്ടേ... അത് ബുദ്ധിമുട്ടാണ്. സ്‌ക്രിപ്പിങ്ങ് ചെയ്യാറുണ്ട്. പലരും ഉപദേശിക്കാറുള്ളത് യോഗയും എക്‌സര്‍സൈസും ചെയ്ത് ശരീരം മെയിന്റയിന്‍ ചെയ്യാനാണ്. ഇതൊന്നും ചെയ്യാറില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്നു തോന്നി. സ്‌കൂളില്‍ സ്‌പോര്‍്ട്‌സില്‍ സജീവമാണ്.

മറക്കാനാവാത്തത്

സിനിമയിലേക്ക് ചേക്കേറിയതു തന്നെയാണ് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം. ഒരിക്കലും മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ട്. ഷൂട്ടിങ്ങ് പകുതിയായപ്പോള്‍ മഞ്ജുച്ചേച്ചി എനിക്കൊരു പുസ്തകം തന്നു. മാധവിക്കുട്ടി എഴുതിയ നീര്‍മാതളം പൂത്തകാലം എന്ന പുസ്തകം. അനശ്വരയ്ക്ക് ആമിയുടെ ആശംസകള്‍ എന്ന് എഴുതിയ പുസ്തകമാണ്. പിന്നീട് ടെലിവിഷനിലൂടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് മനസ്സിലായത്. ഇതേ പുസ്തകത്തിന്റെ ഒരു കോപ്പി പണ്ട് മാധവിക്കുട്ടി മഞ്ജുച്ചേച്ചിയ്ക്ക് സമ്മാനിച്ചതായിരുന്നുവെന്ന്. അങ്ങനെ ചേച്ചിയുടെ സ്‌നേഹം പിടിച്ചുപറ്റാനായതില്‍ ഒരുപാട് സന്തോഷമുണ്ട്.

മുത്തപ്പന്റെ വിശ്വാസി

ഈശ്വരവിശ്വാസിയാണ്. അമ്പലത്തില്‍ പതിവായി പോകാറുണ്ട്. ഇഷ്ടദൈവം മുത്തപ്പനാണ്. പറശ്ശിനിക്കടവ് ക്ഷേത്രം എന്റെ ഏറ്റവും ഇഷ്ടപ്പെ അമ്പലമാണ്. മുത്തപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ടാണ് പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം എടുക്കുന്നത്. പറശ്ശിനിക്കടവില്‍ ഇഷ്ടംപോലെ വഴിപാടുകള്‍ നടത്താറുണ്ട്. ആഗ്രഹിച്ച പല കാര്യങ്ങളും പ്രാര്‍ഥിക്കുകയും അതു നടക്കുകയും ചെയ്തിട്ടുണ്ട്.

പാചകം ഇഷ്ടമാണ്

ഇഷ്ടമുള്ള ജോലിയാണ് കുക്കിങ്ങ്. പുസ്തകം നോക്കി പല ഐറ്റവും പരീക്ഷിക്കും. പരീക്ഷണങ്ങളില്‍ ചിലത് പരാജയപ്പെടാറുമുണ്ട്. പാചകം ചെയ്തു കഴിഞ്ഞാല്‍ അടുക്കളയും പരിസരവും വൃത്തികേടാവും. അ വഴക്കും പറയും. വിഭവങ്ങള്‍ കഴിക്കാന്‍ ചേച്ചിയോടായിരിക്കും സാധാരണ പറയാറുള്ളത്. ഞാന്‍ ആദ്യം കഴിച്ചുനോക്കാറില്ല.

സുനില്‍ വല്ലത്ത്