കളി കാര്യമായി, റിന്‍ഷ താരമായി
കളി കാര്യമായി, റിന്‍ഷ താരമായി
Monday, October 22, 2018 2:43 PM IST
വീട്ടിലെ 'ലഹള' ഒഴിവാക്കാനാണ് റഷീദും മറിയംബിയും ആ പണിയൊപ്പിച്ചത്. മക്കളായ റിന്‍ഷ മറിയത്തെയും മുഹമ്മദ് റിഷാനെയും താമസസ്ഥലത്തിനടുത്തുള്ള തയ്‌ക്കോണ്ടോ ക്ലാസില്‍ ചേര്‍ത്തു. ഇവരെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് റഷീദ് - മറിയംബി ദമ്പതികള്‍ക്ക്. മുഹദ് റയാനും മിന്‍ഹ മറിയവും. വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഒന്നും രണ്ടും പറഞ്ഞ് മൂന്നു പേരും 'പൊരിഞ്ഞവഴക്കായിരിക്കും'. ചിലപ്പോള്‍ 'കയ്യാങ്കളിയില്‍' വരെ എത്തും കാര്യങ്ങള്‍. ഏറ്റവും ഇളയവന്‍ റയാന്‍ ഇതൊക്കെ കണ്ട് ചിരിച്ച് നടക്കും.

പ്രശ്‌നത്തിനൊരു പരിഹാരം വേണമല്ലൊ എന്ന് ചിന്തിച്ചപ്പോഴാണ് റഷീദിന് തയ്‌ക്കോണ്ടോ ക്ലാസിനെ കുറിച്ച് ഓര്‍മ വന്നത്. റിന്‍ഷയും റിഷാനും അങ്ങനെയാണ് തയ്‌ക്കോണ്ടോ ക്ലാസിലെത്തുന്നത്. വെറുതെ ഒരു രസത്തിന് തുടങ്ങിയ തയ്‌ക്കോണ്ടോ പഠനം ഇരുവരും ഗൗരവമായി എടുത്തു. പഠിച്ചുപഠിച്ചു വന്നപ്പോള്‍ കളി കാര്യമായി. ആയോധനമുറകള്‍ അസാമാന്യ മെയ്‌വഴക്കത്തോടെ ഇരുവരും പഠിച്ചെടുത്തു. അടിക്കാനും തടുക്കാനുമുള്ള അടവുകള്‍ മന:പാഠമാക്കി. അങ്ങനെ പൂച്ചക്കുട്ടികള്‍ പുലിക്കുട്ടികളായി. ഇരുവരും തയ്‌ക്കോണ്ടോ താരങ്ങളായി. നേപ്പാളില്‍ നടന്ന ആറാമത് ദക്ഷിണേഷ്യന്‍ ഇന്‍വിറ്റേഷന്‍ തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ റിന്‍ഷ മറിയം സ്വര്‍ണമെഡലണിഞ്ഞു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഒടുവിലെ വിശേഷം.

രാജ്യത്തിന്റെ അഭിമാനം

കണ്ണൂര്‍ പിലാത്തറ സ്വദേശിയായ എം.പി. റഷീദും മറിയംബിയും കുടുംബസമേതം ബംഗളൂരുവില്‍ ഇലക്‌ട്രോണിക് സിറ്റിയിലാണ് താമസം. റഷീദിന് ബംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസാണ്.

റിന്‍ഷ മറിയം ഇലക്‌ട്രോണിക് സിറ്റി ക്രൈസ്റ്റ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 2018 ജൂലൈ 13 മുതല്‍ 15 വരെയാണ് നേപ്പാളില്‍ ദക്ഷിണേഷ്യന്‍ ഇന്‍വിറ്റേഷന്‍ തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് നടന്നത്. 10 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 2000ല്‍ അധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലാണ് റിന്‍ഷ സര്‍ണമെഡലണിഞ്ഞ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്. ജയ്പൂരില്‍ നടന്ന ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലണിഞ്ഞാണ് നേപ്പാളില്‍ മത്സരത്തിനായ് റിന്‍ഷ പോയത്.


ബംഗളൂരുവില്‍ നടന്ന സംസ്ഥാന തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ (രണ്ടു തവണ 2016, 17), 2017 ഒക്ടോബറില്‍ ഗോവയില്‍ നടന്ന സൗത്ത് ഇന്ത്യന്‍ സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍, വയനാട് നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്നിനങ്ങളില്‍ സ്വര്‍ണമെഡല്‍ എന്നിവയും റിന്‍ഷയുടെ നേട്ടങ്ങളില്‍പ്പെടുന്നു.

പഠനത്തിലും മിടുക്കി

ആയോധന കലയില്‍ മുഴുകിയപ്പോഴും റിന്‍ഷ പഠനത്തില്‍ പിന്നോക്കം പോയില്ല. പഠനത്തില്‍ മിടുമിടുക്കിയാണ്. അവസാന വര്‍ഷം ക്ലാസില്‍ മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിഷയങ്ങളിലും 96 ശതമാനത്തിലധികം മാര്‍ക്കുണ്ട്.

ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ വീതം മൂന്നു ദിവസമാണ് തയ്‌ക്കോണ്ടോ ക്ലാസ്. തയ്‌ക്കോണ്ടോ പഠിക്കാന്‍ തുടങ്ങിയ ശേഷം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ട് എന്നാണ് റിന്‍ഷയുടെ അഭിപ്രായം.

ലക്ഷ്യം ഐപിഎസ്

യാത്ര ഇഷ്ടപ്പെടുന്ന റിന്‍ഷയ്ക്ക് അമ്മയുണ്ടാക്കുന്ന എല്ലാ ഭക്ഷണവും കൊതിയോടെ കഴിക്കുന്ന ശീലം കൂടിയുണ്ട്. സ്‌കൂളിലും താമസസ്ഥലത്തുമായി നിരവധി സുഹൃത്തുക്കള്‍ റിന്‍ഷയ്ക്കുണ്ട്. അവര്‍ക്ക് പ്രതിരോധത്തിന് ആവശ്യമായ അടവുകളും ഫിസിക്കല്‍ ഫിറ്റ്‌നസിന് ആവശ്യമുള്ള വഴികളും റിന്‍ഷ പകര്‍ന്നു നല്‍കാറുണ്ട്. ആരാകണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേ റിന്‍ഷയ്ക്കുള്ളു 'ഐപിഎസ് ഓഫീസറാകണം, അനീതിക്കെതിരേ പൊരുതണം'.

ഷിജു ചെറുതാഴം