വീട്ടില്‍ തയാറാക്കാന്‍ 10 ഫേസ് പായ്ക്കുകള്‍
വീട്ടില്‍ തയാറാക്കാന്‍ 10 ഫേസ് പായ്ക്കുകള്‍
Monday, November 12, 2018 4:22 PM IST
ഫേഷ്യല്‍ ചെയ്ത് മുഖകാന്തി വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പണവും സമയവും കളയേണ്ട കാര്യമില്ല. വീട്ടിലിരുന്ന് ലഭ്യമാകുന്ന സാധനങ്ങള്‍ കൊണ്ട് മുഖകാന്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. ബ്യൂട്ടിപാര്‍ലറുകളിലും മറ്റും പോയി ഫേഷ്യല്‍ ചെയ്യുമ്പോള്‍ ചര്‍മത്തിന്റെ സ്വഭാവം അറിഞ്ഞിട്ടുവേണം ഫേഷ്യല്‍ ചെയ്യാന്‍. ചിലര്‍ക്ക് ക്രീമുകളും മറ്റും അലര്‍ജിയായിരിക്കും. അങ്ങനെ നോക്കുമ്പോള്‍ പ്രകൃതിദത്ത ഫേഷ്യലാണ് ഏറെ അനുയോജ്യം.

കാരറ്റ്, ബീറ്റ്‌റൂട്ട്, വെള്ളരിക്ക എന്നിവയില്‍ തൈര്, ചന്ദനം, തേന്‍ എന്നിവയൊക്കെ ചേര്‍ത്ത് തയാറാക്കുന്ന കൂട്ട് മുഖത്തിന് കൂടുതല്‍ അഴക് പകരുന്നു. വീട്ടില്‍ തയാറാക്കാവുന്ന പത്ത് ഫേസ്പായ്ക്കുകള്‍ ഇതാ...

1. മുട്ട പായ്ക്ക്

പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയതാണ് മുട്ടയുടെ വെള്ള. അതിനാല്‍ തന്നെ മുഖക്കുരു കുറയ്ക്കാനും ഭേദമാക്കാനും ഇത് സഹായിക്കും. മുട്ടവെള്ളയിലെ ഔഷധഗുണം ചര്‍മത്തിന്റെ ഇലാസ്തികത കൂട്ടുകയും സുഷിരങ്ങള്‍ ചെറുതാക്കുകയും ചെയ്യും. അമിതമായ എണ്ണയില്‍ നിന്ന് പ്രോട്ടീന്‍ വേര്‍തിരിക്കുകയും അതുവഴി ചര്‍മത്തിന് വരള്‍ച്ചയും വലിച്ചിലും ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യും.

മുട്ടയുടെ വെള്ള ഒരു സ്പൂണ്‍ നാരങ്ങാനീരുമായി ചേര്‍ക്കുക. ഇത് മുഖത്ത് തേക്കണം. ഉണങ്ങാനനുവദിച്ച് 10/15 മിനിിനുശേഷം മാസ്‌ക് ഉണങ്ങി പൊളിയാന്‍ തുടങ്ങിയാല്‍ ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. മുഖത്ത് ഫേസ് പായ്ക്ക് ഇട്ടശേഷം സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ വായ ചലിപ്പിക്കുകയോ ചെയ്യരുത്.

2. വാഴപ്പഴം പായ്ക്ക്

എരിച്ചിലുള്ള ചര്‍മത്തിന് ആശ്വാസം നല്‍കാന്‍ വാഴപ്പഴത്തിന് കഴിവുണ്ട്. മുഖക്കുരുവും പാടുകളും മാറ്റാനും ഇത് ഉത്തമമാണ്. വാഴപ്പഴത്തിലടങ്ങിയിുള്ള പൊട്ടാസ്യം ചര്‍മത്തെ മൃദുലമാക്കാന്‍ സഹായിക്കും.

ഒരു വാഴപ്പഴം തൊലികളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് വരണ്ട ചര്‍മത്തില്‍ തേയ്ക്കണം. 10/20 മിനി് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

3. പപ്പായ പായ്ക്ക്

വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയ പപ്പായ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ തടയാന്‍ കഴിവുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും പപ്പായ ഉത്തമമാണ്.

ഒരു പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറു കഷണങ്ങളാക്കുക. കാല്‍ കപ്പ് തേന്‍ ഇതില്‍ ചേര്‍ത്ത് നന്നായി അരയ്ക്കണം. മുഖം വൃത്തിയാക്കിയ ശേഷം ഇത് തേച്ചു പിടിപ്പിക്കുക. കണ്ണിന്റെ ഭാഗത്ത് തേയ്ക്കരുത്. 10/15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

4. നാരങ്ങ ഉപ്പ് പായ്ക്ക്

ഏറെ ഉന്മേഷം നല്‍കുന്ന ഒരു മാസ്‌കാണിത്. കടലുപ്പ് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തമമാണ്. ഒരു സ്വാഭാവിക വിഷനാശിനിയായി ഉപ്പും ബ്ലീച്ചിംഗ് ഏജന്റായി നാരങ്ങ നീരും പ്രവര്‍ത്തിക്കും. ചര്‍മത്തിലെ പാടുകളും നിറഭേദങ്ങളും മാറ്റാന്‍ നാരങ്ങാ നീര് സഹായിക്കും.


കാല്‍ക്കപ്പ് ഉപ്പ് നാരങ്ങാനീരുമായി ചേര്‍ക്കുക. അത് മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ തേച്ചു പിടിപ്പിക്കണം. 10 മിനിറ്റിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

5. തക്കാളി പായ്ക്ക്

തക്കാളി നീര് മുഖത്ത് പുരുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ സഹായിക്കും. തക്കാളി നീര് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. തക്കാളി ഉടച്ച് അല്‍പം മഞ്ഞള്‍പൊടിയും പാലും ചേര്‍ത്ത് തേച്ചാല്‍ നല്ല ഫലം ലഭിക്കും. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത് ഉപയോഗിക്കാം.

6. ഓട്‌സ് പായ്ക്ക്

ഓട്‌സ് പൊടിച്ചതും തക്കാളിയും ചേര്‍ത്ത് നല്ല ഫേസ്പാക്കുണ്ടാക്കാം. തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്‌സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്താല്‍ മുഖത്തിന് സൗന്ദര്യം വര്‍ധിക്കും. ഓട്‌സ് വെള്ളരിക്ക എന്നിവ ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കി മുഖത്തു തേയ്ക്കുന്നതും നല്ലതാണ്. വെള്ളരിക്ക അരച്ച് ഓട്‌സില്‍ കലര്‍ത്തി ഫേസ്പാക്കുണ്ടാക്കാം. ഇത് മൃതചര്‍മം അകറ്റുന്നതിനും ചര്‍മത്തിന് മാര്‍ദവം നല്‍കുന്നതിനും സഹായിക്കും.

7. തേന്‍ പായ്ക്ക്

മധുരമൂറുന്ന തേന്‍ ചര്‍മകാന്തി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. ചര്‍മത്തിന് നിറവും യൗവനശോഭയും വേണമെങ്കില്‍ തേന്‍ ഉപയോഗിച്ച് ഫേസ് പായ്ക്ക് തയാറാക്കാം. തേനില്‍ അല്‍പം നാരാങ്ങനീരും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക.

8. ഉരുളക്കിഴങ്ങ് പായ്ക്ക്

ഉരുളക്കിഴങ്ങിലെ വെളുപ്പിക്കാന്‍ സഹായിക്കുന്ന കടുപ്പം കുറഞ്ഞ ഘടകങ്ങള്‍ തുടര്‍ച്ചയായ ഉപയോഗം വഴി ഫലം നല്‍കും. ഉരുളക്കിഴങ്ങ് അരച്ച് അതില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് ഫേസ്പാക്ക് നിര്‍മിക്കുക. മാസത്തില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാം. മുഖത്ത് തേച്ച് ഉണങ്ങിയശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

9. ബദാം പായ്ക്ക്

ഒരുപിടി ബദാം പരിപ്പ് അരച്ച് അതില്‍ നിന്ന് എണ്ണ എടുക്കുക. ഇതുപയോഗിച്ച് മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ മസാജ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് വഴി രക്തയോട്ടം വര്‍ധിക്കുകയും ചര്‍മകാന്തി ലഭിക്കുകയും ചെയ്യും.

10. ഓറഞ്ച് ഫേസ്പായ്ക്ക്

നാരങ്ങ വര്‍ഗത്തില്‍ പെടുന്ന ഓറഞ്ച് ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ഓറഞ്ച് ഫേസ് പായ്ക്ക് തയാറാക്കാന്‍ ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. അതില്‍ ഏതാനും തുള്ളി പാല്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേയ്ക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയണം.

സീമ