സ്ത്രീകളിലെ പൊണ്ണത്തടിയും ആരോഗ്യപ്രശ്‌നങ്ങളും
ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ശരീരഭാരത്തിന്റെ 20 ശതമാനത്തിലധികം കൊഴുപ്പടിയുന്ന അവസ്ഥയാണ് പൊണ്ണത്തടിയാണ്. ബോഡി മാസ്സ് ഇന്‍ഡക്‌സ് (BMS) നോക്കിയാണ് ഒരാളുടെ അധികഭാരം മനസ്സിലാക്കുന്നത്. ഈ ആധുനിക യുഗത്തില്‍, കഴിഞ്ഞ 50 വര്‍ത്തിനിടയില്‍, 150 കോടിയിലധികം ആളുകളിലാണ് പൊണ്ണത്തടിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. പൊണ്ണത്തടിയുള്ള സ്ത്രീകളുടെ മാത്രം എണ്ണം 30 കോടിയാണ്. പ്രധാനമായും അമിതാഹാരവും, വ്യായാമമില്ലായ്മയും, പാരമ്പര്യഘടകങ്ങളുമാണ് പൊണ്ണത്തടിക്ക് കാരണം.

ശരീരത്തില്‍ കൊഴുപ്പടിഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ക്കനുസരിച്ച് പൊണ്ണത്തടിയെ പലതായി തരം തിരിക്കാം. ഉദാ: അരയ്ക്ക് മുകളിലേക്കുള്ള ഭാഗം; ഇടുപ്പ്, തുട, നിതംബം തുടങ്ങിയവ. എന്നാല്‍ അടിവയറില്‍ കൊഴുപ്പടിയുന്നതാണ് ഏറ്റവും അപകടകരം. പൊണ്ണത്തടിയുടെ പരിണിതഫലങ്ങള്‍ ഏറെയാണ്. പ്രധാനമായും ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കാര്‍ഡിയോ വാസ്‌കുലാര്‍ തുടങ്ങി കാന്‍സര്‍ വരെ. വന്ധ്യത കൂടുന്നതിനും പൊണ്ണത്തടി ഒരു കാരണമാണ്. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസും ക്രമമല്ലാത്ത ആര്‍ത്തവവും ഓവുലേഷനും കാരണമാകാം.

ഗര്‍ഭാവസ്ഥയിലും പൊണ്ണത്തടി വില്ലനാകാം മിസ്‌കാരിയേജ്, പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ നോര്‍മല്‍ ഡെലിവറി സാധ്യമാകാതെ വരിക, സിസേറിയന്‍ വേണ്ടി വരിക, ത്രോമ്പോ എംബോളിസം, ജെസ്സ്‌റ്റേഷണല്‍ ഡയബെറ്റിസ് തുടങ്ങിയവ.


പൊണ്ണത്തടിയുള്ള പ്രായമായ സ്ത്രീകളിലും ആര്‍ത്തവവിരാമമായ സ്ത്രീകളിലും സ്തനാര്‍ബുദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍, അാശയ കാന്‍സര്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് നടുവേദന, മുട്ടുവേദന തുടങ്ങിയവയ്ക്കും സാധ്യതയേറെയാണ്.

പൊണ്ണത്തടി വരാതെ നോക്കുന്നതാണ് ഉത്തമം. വ്യായാമം, ജീവിത ശൈലിയിലുള്ള മാറ്റം, കൊഴുപ്പു കുറഞ്ഞ ശരിയായ ആഹാരകൃമം തുടങ്ങിയവ ശീലമാക്കുക. എന്നിരുന്നാലും ചിലരിലെങ്കിലും പൊണ്ണത്തടി പാരമ്പര്യമാണ്. അത്തരക്കാര്‍ക്ക് കഠിനാധ്വാനം കൊണ്ട് മാത്രമേ ശരീരഭാരം ക്രമീകരിക്കാന്‍ കഴിയൂ. വ്യായാമം കൊണ്ടും ആഹാരക്രമീകരണം കൊണ്ടുമൊന്നും ഭാരം കുറയ്ക്കാനാവാത്തവര്‍ക്ക് വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്ന ബാരിയാട്രിക് സര്‍ജറി പ്രയോജനകരമാണ്.

സൗന്ദര്യ സംരക്ഷണത്തിനപ്പുറം ധാരാളം രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും പൊണ്ണത്തടി കുറയ്ക്കുന്നത് വഴി സാധിക്കുന്നു. അമിത വണ്ണം ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാം.

ഡോ.രമണി ഫിലിപ്പ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഗൈനക്കോളജിസ്റ്റ്
ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി, കൊച്ചി