സംരംഭം തുടങ്ങും മുമ്പ്...
ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നതു പോലെ സര്‍വഗുണ സമ്പന്നനായ ഒരു പുരുഷനെയാണ് പട്രീഷ്യയും സ്വപ്‌നം കണ്ടത്. ജീവിതത്തിന്റെ അവസാനത്തോളം കൈപിടിച്ചു കൂടെയുണ്ടാകുന്ന ഒരാളെ. ചെന്നൈയിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന പട്രീഷ്യ ഹിന്ദു ബ്രാഹ്മണ യുവാവുമായി സ്‌നേഹത്തിലായി. അതും തന്നേക്കാള്‍ 13 വയസ് കൂടുതലുള്ള യുവാവുമായി. തങ്ങളുടെ കുടുംബങ്ങള്‍ വിവാഹത്തിനു സമ്മതിക്കുകയില്ലെന്ന് ഉറപ്പായ അവര്‍ രജിസ്ട്രാര്‍ ഓഫീസില്‍ രഹസ്യമായി വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. പട്രീഷ്യ അങ്ങനെ പട്രീഷ്യ നാരായണനായി. വിവാഹക്കാര്യം കോളജ് വിദ്യാഭ്യാസത്തിനുശേഷം പരസ്യമാക്കാമെന്നും തീരുമാനിച്ചു. വിദ്യാഭ്യാസത്തിനുശേഷം വിവാഹവാര്‍ത്ത പരസ്യമാക്കിയതോടെ രണ്ടുവീട്ടിലും ഭൂകമ്പമായി.

ജീവിതം തുടങ്ങിയ അവര്‍ക്ക് വീട്ടുകാരുടെ പിന്തുണ ലഭിച്ചില്ല. അവര്‍ ചെന്നൈയിലെ അണ്ണാനഗറിലേക്ക് മാറി. അധികനാള്‍ കഴിയുംമുമ്പേ അവള്‍ ഒരു കാര്യം മനസിലാക്കി. തന്റെ ഭര്‍ത്താവിന് ജോലിക്കു പോകാന്‍ താത്പര്യമില്ല. കൂടെ മയക്കുമരുന്ന് ഉപയോഗവും. പലപ്പോഴും ഭര്‍ത്താവില്‍നിന്നു മര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടി വന്നു. അവര്‍ക്ക് രണ്ടു കുട്ടികളും ഉണ്ടായി.

വീടില്ല, ഭക്ഷണമില്ല, പണമില്ല എന്ന സത്യം അവളെ അലി. പട്രീഷ്യയുടെ അപ്പന്‍ മകളോട് ഒരു തരത്തിലും ക്ഷമിക്കുവാന്‍ തയാറായതുമില്ല. എങ്കിലും മകള്‍ക്കും മരുമകനും ചെറുമക്കള്‍ക്കും അഭയം നല്‍കി.

അമ്മയില്‍നിന്നു കടം വാങ്ങിയ 100 രൂപ ഉപയോഗിച്ച് പട്രീഷ്യ അച്ചാര്‍, സ്‌ക്വാഷ്, ജാം തുടങ്ങിയവ നിര്‍മിക്കാന്‍ തുടങ്ങി. അത് അമ്മ അവരുടെ ഓഫീസില്‍ കൊണ്ടുപോയി. ആ സാധനങ്ങള്‍ എല്ലാം ഒറ്റ ദിവസംകൊണ്ടുതന്നെ വിറ്റുപോയി. ഇത് പട്രീഷ്യക്ക് ആവിശ്വാസം പകര്‍ന്നു. ആ വരുമാനം മുഴുവനും ഉപയോഗിച്ച് കൂടുതല്‍ സ്‌ക്വാഷും ജാമും അച്ചാറുമുണ്ടാക്കി.

ആയിടയ്ക്കാണ് അപ്പന്റെ സുഹൃത്തിനെ പട്രീഷ്യ കണ്ടുമുട്ടുന്നത്. ഭിന്നശേഷിക്കാര്‍ക്കായി സ്‌കൂള്‍ നടത്തുന്നയാളായിരുന്നു അദ്ദേഹം. രണ്ടു ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്നയാള്‍ക്ക് ഒരു മൊബൈല്‍ കാര്‍ട്ട് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം അവളോടു പറഞ്ഞു. പട്രീഷ്യ ഈ അവസരം ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. രണ്ടു ഭിന്നശേഷിക്കാരെ കാപ്പിയുണ്ടാക്കാന്‍ പഠിപ്പിച്ചു. മറീന ബീച്ചിലെ അണ്ണാ സ്‌ക്വയറില്‍ പട്രീഷ്യ തന്റെ മൊബൈല്‍ കാര്‍ട്ട് സ്ഥാപിച്ചു. 1982കളില്‍ ഇത്തരം മൊബൈല്‍ കാര്‍ട്ടുകളില്‍ വിറ്റിരുന്നത് സിഗററ്റും ചായയും മാത്രമായിരുന്നു.

പട്രീഷ്യ ഇവിടെ വ്യത്യസ്തമായി ചിന്തിച്ചു. ചായ മാത്രമല്ല, അപ്പോഴുണ്ടാക്കിയ ജ്യൂസ്, കാപ്പി, കട്‌ലറ്റ്, ബജി, സമോസ തുടങ്ങിയ ലഘുഭക്ഷണങ്ങളും മൊബൈല്‍ കാര്‍ട്ടിലൂടെ വിറ്റു തുടങ്ങി. പ്രതിദിനം 600/700 രൂപ വരുമാനം നേടിത്തുടങ്ങി. 2003 വരെ പട്രീഷ്യ അവിടെ മൊബൈല്‍ കാര്‍ട്ടില്‍ ബിസിനസ് നടത്തി. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മുതല്‍ രാത്രി 11 വരെ ഈ കാര്‍ട്ട് തുറന്നുവച്ചു.

ഇതിനിടയിലാണ് ചെന്നൈയിലെ സ്‌ളം ക്ലിയറന്‍സ് ബോര്‍ഡ് ചെയര്‍മാന്‍ പട്രീഷ്യയെ ശ്രദ്ധിച്ചു തുടങ്ങിയത്. ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന പട്രീഷ്യക്കു മുമ്പില്‍ ചെയര്‍മാന്‍ ഒരു ഓഫര്‍ വച്ചു. ബോര്‍ഡിന്റെ ഓഫീസിലേക്കാവശ്യമായ പാചകം നടത്താനുള്ള ഓഫര്‍. രണ്ടാമതൊന്ന് ആലോചിക്കാതെ പട്രീഷ്യ അതേറ്റെടുത്തു. ഇഡ്ഡലി ഉണ്ടാക്കി രാവിലെ 5 മുതല്‍ 9 വരെ അതു ബീച്ചില്‍ വിറ്റു. ഒമ്പതു മുതല്‍ ബോര്‍ഡിന്റെ കാന്റീനില്‍ പാചകം. വൈകുന്നേരം മുതല്‍ രാത്രി 11 വരെ മൊബൈല്‍ കാര്‍ട്ടില്‍ വില്‍പ്പന നടത്തി. ഇതോടെ പട്രീഷ്യയുടെ വരുമാനം പ്രതിമാസം 20000 രൂപയിലേക്ക് ഉയര്‍ന്നു. ഏതാനും ജോലിക്കാരെ നിയമിക്കുകയും ചെയ്തു. ഇതിനിടയില്‍ ബാങ്ക് ഓഫ് മധുരയുടെ കാന്റീന്‍ നടത്താനുള്ള ഓഫര്‍ പട്രീഷ്യക്കു വീണുകിട്ടി. രണ്ടാമതൊന്നാലോചിക്കാതെ സ്ലം ബോര്‍ഡിലെ പാചകം ഉപേക്ഷിച്ച് അതേറ്റെടുത്തു.

ഒരു ദിവസം ഭര്‍ത്താവുമായി വഴക്കുണ്ടാക്കി വീിട്ടല്‍ നിന്നിറങ്ങി. ഒരു ബസില്‍ കയറി എങ്ങോെന്നില്ലാതെ പോയി. യാത്ര അവസാനിച്ചത് അവസാന സ്റ്റോപ്പായ നാഷണല്‍ പോര്‍ട്ട് മാനേജ്‌മെന്റ് ട്രെയിനിംഗ് സ്‌കൂളിന്റെ മുമ്പില്‍.. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായിരുന്നു അത്. അവിടെ കയറി. അഡ്മിനിസ്‌ട്രേറ്ററെ കണ്ടു. എന്തിനാണ് വന്നതെന്നു ചോദിച്ചപ്പോള്‍ കാറ്റററെ തേടുന്നതായി കേട്ടു എന്നു മറുപടി പറഞ്ഞു. എഴുന്നൂറു വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണം നല്‍കാനുള്ള ഓര്‍ഡറാണ് പട്രീഷ്യക്കു ലഭിച്ചത്. ആദ്യ വാരത്തില്‍ അവര്‍ നേടിയത് 80,000 രൂപയാണ.് താമസിയാതെ അത് ഒരു ലക്ഷം രൂപയിലേക്ക് ഉയര്‍ന്നു.1998ല്‍ സംഗീത റസ്റ്ററന്റ് ഗ്രൂപ്പിന്റെ ഒരു യൂണിറ്റില്‍ പട്രീഷ്യക്ക് പാര്‍ട്ണര്‍ഷിപ് ഓഫര്‍ ലഭിച്ചു. ജീവിതം ഒരു വിധം കരപിടിച്ചു മുന്നോട്ടു പോകുമ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. നവദമ്പതികളായ മകള്‍ സന്ദീപയും ഭര്‍ത്താവും ഒരു റോഡപകടത്തില്‍ മരിച്ചു. ഇതു പട്രീഷ്യയെ തകര്‍ത്തുകളഞ്ഞു. അതില്‍നിന്നു കരകയറാന്‍ നാളുകളെടുത്തു. എങ്കിലും ബിസിനസിലേക്കു തിരിച്ചുവന്നു.

2006ല്‍ സന്ദീപയുടെ പേരില്‍ ഒരു റസ്റ്ററന്റ് സ്ഥാപിച്ചുകൊണ്ടായിരുന്നു ബിസിനസിലേക്കുള്ള തിരിച്ചുവരവ്. എങ്കിലും മകളുടെ മരണം മുറിവായിത്തന്നെ മനസില്‍ നിന്നു. മുപ്പതു വര്‍ഷത്തെ പോരാത്തിനുശേഷം ഇന്ന് 14 റസ്റ്ററന്റിന്റെ ഉടമയാണ് പട്രീഷ്യ. ഇരുന്നൂറിലധികം പേര്‍ക്കു ജോലിയും നല്‍കുന്നു.

2010ലെ ഫിക്കിയുടെ വിമന്‍ എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡു നേടിയ പട്രീഷ്യയുടെ സംരംഭക ജീവിതം ലക്ഷക്കണക്കിനു വനിതാസംരംഭകര്‍ക്കു പ്രചോദനംപകരുന്നതാണ്.

***** ***** *****
പട്രീഷ്യയുടെ സംരംഭക കഥ ഈ മേഖലയിലേക്കു കാലെടുത്തു വയ്ക്കുന്നവര്‍ക്കുള്ള വ്യക്തമായ പാഠമാണ്. പ്രത്യേകിച്ചും സാധാരണക്കാരായ സ്ത്രീകള്‍ക്ക്.
* ഒരിക്കലും ആത്മവിശ്വാസം കൈവിടരുത്.
* അറിയാവുന്നത് എന്താണോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
* എന്തു പ്രശ്‌നം വന്നാലും പരാതിപ്പെടാതെ അതിനെ കൈകാര്യം ചെയ്യാന്‍ പഠിക്കുക.
* പരാജയത്തെക്കുറിച്ചു നിരാശപ്പെടാതിരിക്കുക. കാരണം ഒന്നും സ്ഥിരമല്ല. വിജയം പോലും.
* ഗുണമേന്മയില്‍ സന്ധി അരുത്.
* ഒരാള്‍ക്കു വിജയിക്കുവാന്‍ വലിയ വിദ്യാഭ്യാസം വേണമെന്നില്ല. വേണ്ടത് സ്വപ്‌നവും അടങ്ങാത്ത ആഗ്രഹവും ചെയ്യുന്ന പ്രവൃത്തിയിലുള്ള ശ്രദ്ധയും നൈപുണ്യവും ക്ഷമയുമാണ്.

ആര്‍ക്കുവേണ്ടി

ഒരു ഉത്പന്നം, സേവനം വിപണിയില്‍ എത്തിക്കുന്നതിനു മുമ്പ് അത് ആര്‍ക്കുവേണ്ടിയാണ് ലഭ്യമാക്കുന്നത് എന്നാലോചിക്കണം. ചിലപ്പോള്‍ ആശയം മികച്ചതാകാം. പക്ഷേ, വിപണിയുടെ ആവശ്യത്തിനു യോജിച്ചതായിരിക്കുകയില്ല.

അപ്പോള്‍ ആദ്യമായി ഉത്പന്നം വാങ്ങി ഉപയോഗിക്കുന്നത് ആരാണെന്നു നിര്‍വചിക്കണം. ഇത്തരത്തില്‍ നിര്‍വചിച്ചു കഴിഞ്ഞാല്‍ ഇവരെ നിരീക്ഷിക്കുകയും കേള്‍ക്കുകയും ചെയ്യുക. ഏത് ഉത്പന്നമാണോ ചെയ്യുന്നത് ആ വ്യവസായത്തെ സംബന്ധിച്ച് കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക. ഇപ്പോഴത്തെ ട്രെന്‍ഡ് മനസിലാക്കുക. ഈ മേഖലയിലെ വിദഗ്ധരുടെ ബ്ലോഗുകള്‍ നോക്കുക. ഏതൊരു ഉത്പന്നവും ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതായിരിക്കണം.

ജോലിക്കു പോകുന്ന വീട്ടമ്മമാര്‍ക്ക് അരയ്ക്കാനും മറ്റും സമയമില്ലെന്ന കണ്ടെത്തലാണ് ഇന്‍സ്റ്റന്റ് ദോശമാവ്, ഇഡ്ഡലി മാവ് എന്നിവയ്ക്ക് വഴി തെളിച്ചത്. 2005ല്‍ 10 പാക്കറ്റ് ദോശമാവില്‍നിന്നാരംഭിച്ച ഐഡി (ഇഡ്ഡലി ദോശ) ഫ്രഷ് നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത് 280 കോടി രൂപ വിറ്റുവരവാണ്. ഇതില്‍ 100 കോടി രൂപ വടയില്‍നിന്നാണ്. ക്വാളിറ്റി മാവാണ് ഐഡിയുടെ വളര്‍ച്ചയ്ക്ക് നിദാനമായത്. നഗരങ്ങളിലാണ് ഇത്തരം ബിസിനസിനു സാധ്യത കൂടുതല്‍.

ഗവേഷണവും വിശകലനവും

ഒരു ആശയം കിട്ടിയാല്‍ അതില്‍ മുന്നോട്ടു പോകുന്നതിനു മുമ്പ് ആ ആശയത്തെക്കുറിച്ച് വിവിധ കോണുകളില്‍നിന്നു വിശകലനം ചെയ്യുക. ഭാവി ഉപഭോക്താക്കളെക്കുറിച്ച് ആലോചിക്കുക. ഈ ഉത്പന്നവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നവരുടെ മാത്രമല്ല, ഈ ഉത്പന്നത്തെ വിപണിയില്‍ സ്വാധീനിക്കുവാന്‍ കഴിയുന്നവരുടെ കാഴ്ചപ്പാടില്‍നിന്നും നോക്കിക്കാണുക.

ഉപഭോക്താവിന് ഈ ഉത്പന്നം വഴി എന്താണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഉത്പന്നം കൊണ്ട് ഉപഭോക്താവിനുണ്ടാകുന്ന നേങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തുക.

അടുത്തത് മത്സരത്തിലുള്ള ഉത്പന്നങ്ങളെയാണ്. എത്ര അനന്യ ആശയമാണെങ്കിലും അതിന് ഒരു ബദല്‍ ഉണ്ടാകാനിടയുണ്ട്. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായത്തിലെ ഒന്നാം നിരയിലും രണ്ടാം നിരയിലുമൊക്കെയുള്ള എതിരാളികള്‍ ആരൊക്കെയാണെന്നു മനസിലാക്കുക. അവരുമായി എത്രത്തോളമായിരിക്കും മത്സരമെന്നു വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്പന്നത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ കണക്കാക്കുക. വില, ഉത്പന്ന മേന്മ, ഭാവി ഭീഷണികള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുത്തുവേണം ഇതു കണക്കാക്കാന്‍.

ഇത് ഉത്പന്നത്തെ അല്ലെങ്കില്‍ സേവനത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും. ഉത്പന്നം/ സേവനം പുറത്തിറക്കുന്നതിനു മുന്നേ ഇതിന്റെ ദൗര്‍ബല്യങ്ങള്‍ പരഹിരിക്കുവാന്‍ ഇതു സഹായിക്കും.

ടെസ്റ്റിംഗ്

ആശയത്തെക്കുറിച്ച് വ്യക്തത വന്നാല്‍ അത് ഉത്പന്നമായി മാറ്റുകയാണ് അടുത്തപടി. അതിന്റെ പ്രോട്ടോടൈപ്പുകള്‍ തയാറാക്കി ഭാവി ഉപഭോക്താക്കളുടെ ഇടയില്‍ വിതരണം നടത്തി അഭിപ്രായം തേടാം. ഇതുവഴി വിപണിയെക്കുറിച്ചുള്ള സര്‍വേയും നടക്കും. സമൂഹത്തിലെ വിവിധ ശ്രേണിയില്‍നിന്നുള്ളവരിലൂടെ ഇതു നിര്‍വഹിക്കണം.

ചെറിയ തോതില്‍ കേക്ക്, മിഠായി തുടങ്ങിയവയുണ്ടാക്കി ബേക്കിംഗ് ബിസിനസില്‍ വിജയിച്ച ധാരാളം പേരുണ്ട്. ലേസിനും മറ്റും ബദലായി കേരളത്തില്‍നിന്നു പുറത്തിറങ്ങുന്ന പ്ലിംഗ് ഇപ്പോഴും ടെസ്റ്റ് മാര്‍ക്കറ്റിംഗിലാണ്.

ആശയം മുതല്‍ ടെസ്റ്റ് മാര്‍ക്കറ്റിംഗ് വരെയുള്ള കാര്യങ്ങള്‍ എല്ലാം നടത്തേണ്ടത് 'ഭാവി ഉപഭോക്താവിനെ' മനസില്‍ കണ്ടുകൊണ്ടായിരിക്കണം. വൈവിധ്യമാര്‍ന്ന ഈ ഉപഭോക്തൃനിരയെ മനസില്‍ കാണണം.

ഇതെല്ലാം വച്ചുകൊണ്ടായിരിക്കണം ഉത്പന്നത്തെ പോളീഷ് ചെയ്തു പുറത്തിറക്കാന്‍. ഇതു വലിയ ബിസിനസുകള്‍ക്കു മാത്രമല്ല, ചെറിയ ബിസിനസുകള്‍ക്കും ബാധകമാണ്. ചെറിയ ചെറിയ ചുവടുകളിലൂടെയാണ് വലിയ സ്ഥാപനങ്ങളായി മാറുന്നത്. നിലവിലുള്ള ഒരു ഉത്പന്നത്തിനു പകരമായി അതേ ഉത്പന്നം ഇറക്കിയതുകൊണ്ടു വിജയിക്കണമെന്നില്ല. എല്ലാവരും സ്‌നാക്‌സ് ഉണ്ടാക്കുന്നു അതിനാല്‍ ഞാനും... എന്ന സമീപനം ബിസിനസില്‍ വിജയിക്കില്ല. മറ്റ് ഉത്പന്നങ്ങളില്‍നിന്നുള്ള മെച്ചപ്പെട്ട മൂല്യം ഉപഭോക്താവിനു നല്‍കാന്‍ കഴിഞ്ഞാലേ വിപണിയില്‍ പ്രവേശിക്കാനാകുകയുള്ളു.


ഒരു ആശയം ബിസിനസ് ആയി മാറ്റുന്ന പ്രക്രിയ വളരെ ദീര്‍ഘവും പ്രയാസകരവുമാണെന്നതില്‍ സംശയമില്ല. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ അത് ആ ഉത്പന്നത്തിന്റെ വിപണിയിലെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നു. ഒരു പക്ഷേ വലിയ ബിസിനസായി മാറുകയും ചെയ്യുന്നു.

ബിസിനസ് പ്ലാന്‍ തയാറാക്കാം

ഏതൊരു ബിസിനസിന്‍േറയും വിജയത്തിന്റെ പകുതി അതിന്റെ ബിസിനസ് പ്ലാനിലാണെന്നാണ് വിലയിരുത്തുന്നത്. ആകര്‍ഷകമായ ബിസിനസ് പ്ലാന്‍ ബാങ്കില്‍നിന്നു വായ്പ നേടാനും നിക്ഷേപകരെ ആകര്‍ഷിക്കുവാനും ആവശ്യമാണ്.

ഉത്പന്നം, അതിന്റെ സവിശേഷതകള്‍, ധനകാര്യം സംബന്ധിച്ച വിശദാംശങ്ങള്‍, വിപണനം, മാനേജ്‌മെന്റ്, നഷ്ട സാധ്യതാ ഘടകങ്ങള്‍ തുടങ്ങിയവ സഹിതം വിശദമായ പ്ലാന്‍ തയാറാക്കണം. ഇതോടൊപ്പം ബിസിനസ് മോഡലും ഇതില്‍ വിശദീകരിക്കണം. അതായത് ഈ പദ്ധതിയുടെ വിജയസാധ്യതയെക്കുറിച്ചുള്ള വിശദീകരണമാണ്.

ബിസിനസ് തുടങ്ങുമ്പോള്‍

* തങ്ങളുടെ താല്പര്യത്തിനും വ്യക്തിപരമായ ജീവിതത്തിനും യോജിച്ച ബിസിനസ് തെരഞ്ഞെടുക്കുക.
* ബിസിനസ് ആശയത്തെ ഏറ്റവും ലളിതമായി അവതരിപ്പിക്കുക. സങ്കീര്‍ണത കുറയ്ക്കുക.
* ഉത്പന്നത്തെക്കുറിച്ച് കഴിയുന്നത്ര അന്വേഷണം നടത്തുക. ബിസിനസ് ആശയത്തെ പുനരവലോകനം ചെയ്തുകൊണ്ടിരിക്കുക.
* ലളിതമായ, ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച തോതില്‍ നല്‍കാന്‍ ശ്രമിക്കുക. ആളുകള്‍ വാങ്ങുവാന്‍ തയാറാകുന്ന, ആഗ്രഹിക്കുന്ന ഉത്പന്നങ്ങല്‍ ബിസിനസിനായി തെരഞ്ഞെടുക്കുക. എത്ര ലോകോത്തര ഉത്പന്നമായാലും അതു വാങ്ങുവാന്‍ ആളില്ലെങ്കില്‍ ആ ബിസിനസ് പരാജയപ്പെടും.
* ഉത്പന്നംപോലെ പ്രധാനപ്പെട്ടതാണ് ഉപഭോക്താവ്. ഏറ്റവും മികച്ച ഉപഭോക്തൃ സേവനം നല്‍കുക. ഇന്‍ഫോസിസിന്റെ വിജയത്തിന്റെ കാരണങ്ങളിലൊന്ന് 100 ശതമാനം വാഗ്ദാനം ചെയ്ത് 110 ശതമാനം നല്‍കുന്നതായിരുന്നത്രേ!
* വിപണിയെ വിലയിരുത്തുക. ഉത്പന്നത്തേക്കാള്‍ വിപണനത്തിനു ശ്രദ്ധ നല്‍കുക. മാര്‍ക്കറ്റ് റിസേര്‍ച്ചിനെ അവഗണിക്കരുത്.
* ഇല്ലാത്ത വിപണി ഉണ്ടാക്കിയെടുക്കുന്നതിനേക്കാള്‍ നിലവിലുള്ള വിപണിയില്‍ ചെറിയ വിപണി വിഹിതം നേടുന്ന ബിസിനസ് തെരഞ്ഞെടുക്കുക.
* ആവശ്യത്തിനുള്ള ഫണ്ടുമായി ബിസിനസ് ആരംഭിക്കുക. ചെലവുകളുടെ കാര്യത്തില്‍ പിശുക്കനാകുക. അതേ സമയം ഗുണമേന്മ കുറയുകയുമരുത്. അധികച്ചെലവിനുള്ള പ്രവണത സംരംഭകരിലുണ്ടാകാനുള്ള സാധ്യതയേറെയാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കുക.
* ടെക്‌നോളജി മെച്ചപ്പെടുത്തുക. അതുവഴി ചെലവു കുറയ്ക്കുക.
* എത്രയും വേഗം വരുമാനം ഉണ്ടാക്കുവാന്‍ ശ്രമിക്കുക. കാഷ് ഫ്‌ളോ ഏറ്റവും പ്രധാനമാണ്. ശരീരത്തില്‍ രക്തംപോലെയാണ് ബിസിനസില്‍ കാഷ് ഫ്‌ളോ.
* അടിയന്തര ഫണ്ട് സ്വരൂപിക്കുക. ജോലിക്കാര്‍ പിഎഫില്‍ നിക്ഷേപിക്കുന്നതുപോലെ ബിസിനസ് വരുമാനത്തില്‍ ചെറിയൊരു ഭാഗം അടിയന്തരാവശ്യത്തിനായി മാറ്റിവയ്ക്കുക.
* ബിസിനസ് എത്ര ചെറുതായാലും അതില്‍ 100 ശതമാനവും മുഴുകുക. അതു പണം നിക്ഷേപിക്കുന്നതിനേക്കാള്‍ പ്രധാനമാണ്. ബിസിനസ് വളരുന്നതിനനുസരിച്ച് ഈ പ്രതിബദ്ധത കൂടുതലാകണം.
* സര്‍ദ്ദം പ്രതീക്ഷിക്കുക. സഹായിക്കുമെന്നു വാക്കു തന്നവര്‍ പിന്മാറിയേക്കാം. അതു പ്രതീക്ഷിക്കുക. കൂടുതല്‍ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
* ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധതരത്തിലുമുള്ള ആളുകളുമായി ബന്ധപ്പെടുക (അസോസിയേഷന്‍, ശില്‍പ്പശാല തുടങ്ങിയവ വഴി).
* വിദഗ്ധരുമായി കണ്‍സള്‍േഷന്‍
* ഒരാള്‍ക്കു തനിച്ച് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയില്ല. ശരിയായ ജോലിക്കാരെ റിക്രൂട്ട് ചെയ്ത് സ്ഥാപനത്തില്‍ മികച്ചൊരു ടീമിനെ വളര്‍ത്തിയെടുക്കുക. ബിസിനസ് പങ്കാളികള്‍ അല്ലെങ്കില്‍ പോലും സഹായിക്കുന്നൊരു ടീമിനെ (മെന്‍ഡര്‍) കണ്ടെത്തുക.
* മൂല്യത്തിലൂന്നിയ നല്ലൊരു ബിസിനസ് സംസ്‌കാരം സ്ഥാപനത്തില്‍ വളര്‍ത്തിയെടുക്കുക.
* എല്ലാം നിയമപരമായി മുന്നോു കൊണ്ടുപോകുക.
* അന്ധമായി മുന്നോട്ടു പോകരുത്. ചെറുകിട സംരംഭം ആരംഭിച്ചു മുന്നോട്ടു കൊണ്ടുപോകുക പ്രയാസകരമായ, നീണ്ട പ്രക്രിയയാണെന്ന കാര്യം മറക്കാതിരിക്കുക.സംരംഭങ്ങള്‍ മാനേജ് ചെയ്യുമ്പോള്‍

ഏതു സ്ഥാപനത്തിന്റെയും, അത് എത്ര ചെറുതോ വലുതോ ആയാലും, ശരിയായ ധനകാര്യ മാനേജ്‌മെന്റ് ആണ് ആ സ്ഥാപനത്തെ നിലനിര്‍ത്തുന്ന ഏറ്റവും നിര്‍ണായക ഘടകം. അതുകൊണ്ടുതന്നെ ചെറു സംരംഭങ്ങള്‍ തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തില്‍ വളരെ ജാഗരൂകരായിരിക്കണം. വളരെ ശ്രദ്ധയോടെ വേണം ഓരോ ധനകാര്യ തീരുമാനങ്ങളും എടുക്കാന്‍.

ഒരു നല്ല ആശയംകൊണ്ടു മാത്രം ബിസിനസ് നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുകയില്ല. എത്ര ചെറിയ ബിസിനസ് ആണെങ്കിലും അതിനു ലാഭമുണ്ടാക്കാന്‍ കഴിയുന്ന വ്യക്തമായൊരു ധനകാര്യ ഘടനയുണ്ടാകണം.

ഒരു സംരംഭത്തെ വിജയിപ്പിക്കുവാന്‍ സംരംഭകര്‍ മണി മാനേജ്‌മെന്റില്‍ കഴിയുന്നത്ര നൈപുണ്യം നേടേണ്ടത് അവശ്യമാണ്.

എന്നാല്‍ എല്ലാ ബിസിനസ് ഉടമസ്ഥരും ധനകാര്യം കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തരായിരിക്കണമെന്നില്ല. ചിലര്‍ക്ക് ടെക്‌നോളജിയിലാണ് പ്രാവീണ്യമെങ്കില്‍ ചിലര്‍ക്ക് മാര്‍ക്കറ്റിംഗിലാവും നിപുണത. എന്തായാലും ഇക്കാര്യത്തില്‍ കഴിയുന്നത്ര അറിവു നേടേണ്ടത് സംരംഭക വിജയത്തിന് ഏറ്റവും ആവശ്യമാണ്. പല സംരംഭങ്ങളും പരാജയപ്പെടുന്നത് പണം കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതമൂലമാണെന്നാണ് പഠനം പറയുന്നത്.

ധനകാര്യ മാനേജ്‌മെന്റില്‍ ആര്‍ജിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ ചുവടെ നല്‍കുകയാണ്. അല്‍പ്പം മനസുവച്ചാല്‍ ഇതു നേടാവുന്നതേയുള്ളു. റോക്കറ്റ് സയന്‍സൊന്നുമല്ല ഇത്.

ബിസിനസ് വേറെ, വ്യക്തി വേറെ

ബിസിനസിനെ ഒരു പ്രത്യേക വ്യക്തിയായി കണക്കാക്കു. അതുകൊണ്ടുതന്നെ ബിസിനസിന്റെ ധനകാര്യത്തെ ഉടമസ്ഥന്റെ ധനകാര്യവുമായി കൂട്ടിക്കുഴയ്ക്കാതെ പ്രത്യേകം പ്രത്യേകം സൂക്ഷിക്കുക.

ബിസിനസിനു മാത്രമായി സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ തുറക്കുക. ഉടമസ്ഥന്‍ ബിസിനസില്‍ നിന്നു പണമെടുത്താല്‍ അതു കടമായി കണക്കാക്കുകയും തിരിച്ചു നല്‍കുകയും ചെയ്യുക. കമ്പനിയുടെ ചെലവുകള്‍ ട്രാക്ക് ചെയ്യാന്‍ ഇതു സഹായിക്കും.

വ്യക്തിപരമായ ആവശ്യത്തിനു ബിസിനസില്‍ നിന്നു പണമെടുത്താല്‍ ആ സംരംഭം എപ്പോള്‍ തകര്‍ന്നുവെന്നു ചോദിച്ചാല്‍ മതി.

ധനകാര്യ വിദ്യാഭ്യാസം

ധനകാര്യ മാനേജ്‌മെന്റിന്റെ വിവിധ വശങ്ങള്‍ പഠിച്ചെടുക്കുക. എങ്ങനെ ഒരു ധനകാര്യ റിപ്പോര്‍ട്ട് വായിക്കാമെന്ന് ആദ്യമേ പഠിക്കാം. കാരണം പണം എവിടെയുണ്ടായി എവിടേക്കു പോകുന്നുവെന്ന് ധനകാര്യ റിപ്പോര്‍ട്ട് നിങ്ങളോട് പറയും.

ധനകാര്യ റിപ്പോര്‍ിന് നാല് പ്രധാന ഭാഗങ്ങളാണുള്ളത്. കാഷ് ഫ്‌ളോ സ്റ്റേറ്റ്‌മെന്റ്, ഇന്‍കം സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് ഷീറ്റ്, ഷെയര്‍ഹോള്‍ഡേഴ്‌സ് ഇക്വിറ്റി സ്റ്റേറ്റ്‌മെന്റ് എന്നിവയാണവ.

ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെങ്കിലും ഇവ എന്താണെന്നു മാത്രം പറയുകയാണ്. നിക്ഷേപം, പണത്തിന്റെ വരവ്, പോക്ക് തുടങ്ങി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുന്നതാണ് കാഷ് ഫ്‌ളോ സ്റ്റേറ്റ്‌മെന്റ്. കമ്പനിയുടെ ആസ്തി ബാധ്യതകളെക്കുറിച്ചുള്ള വിവരമാണ് ബാലന്‍സ് ഷീറ്റ് നല്‍കുന്നത്. നിശ്ചിത കാലയളവില്‍ കമ്പനി നേടുന്ന വരുമാനത്തിന്റെ ചിത്രമാണ് ഇന്‍കം സ്റ്റേറ്റ്‌മെന്റ് നല്‍കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനുള്ള മൂലധനം എങ്ങനെ ആര്‍ജിച്ചുവെന്ന് ഷെയര്‍ ഹോള്‍ഡേഴ്‌സ് ഇക്വിറ്റി വിശദീകരിക്കുന്നു.

ചെലവു കുറയ്ക്കുക

ഒരു രൂപ ചെലവില്‍ കുറച്ചാല്‍ ഒരു രൂപ സമ്പാദിച്ചതുപോലെയാണ്. പക്ഷേ ഇടപാടുകാരുടെ സംതൃപ്തിയില്‍ ഇടിവുണ്ടാകരുത്. ബിസനസിന്റെ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്തുക. ചെറുകിട സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും പ്രധാനപ്പെതാണ്.

പ്രധാനമായും രണ്ടു ചെലവുകളാണ് ബിസിനസിലുള്ളത്. ഫിക്‌സഡ് കോസ്റ്റും വേരിയബിള്‍ കോസ്റ്റും. നഷ്ടമാണെങ്കിലും ലാഭമാണെങ്കിലും ഫിക്‌സഡ് കോസ്റ്റ് ബിസിനസിന്റെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ്. എന്നാല്‍ വേരിയബിള്‍ കോസ്റ്റ് നോക്കിയുംകണ്ടും കുറയ്ക്കുവാന്‍ സാധിക്കും.

ഉദാഹരണത്തിന് വില കൂടിയ സോഫ്റ്റ്‌വേര്‍ വാങ്ങുന്നതിനു പകരം സൗജന്യമായി ലഭിക്കുന്ന ക്ലൗഡ് ബേസ്ഡ് ഓപ്പണ്‍ സോഴ്‌സ് ഉപയോഗിക്കാം. ഓണ്‍ലൈന്‍ കോള്‍ നടത്താം. ബാര്‍ട്ടറിംഗ് സേവനം നല്‍കാം. തുടങ്ങി ഏതു തരത്തിലും ചെലവു കുറയ്ക്കാന്‍ കഴിയുമോ അത് ചെയ്യുക.

വെബ് ബേസ്ഡ് അക്കൗണ്ടിംഗ് സോഫ്റ്റ്‌വേര്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതു സമയത്തും ഡേറ്റ പ്രാപ്യമാകേണ്ടത് ബിസിനസ് വിജയത്തില്‍ പ്രധാനമാണ്. ഇതിനായി വെബ് ബേസ്ഡ് സോഫ്റ്റ്‌വേറുകള്‍ സൗകര്യമൊരുക്കും. അതില്‍ നിക്ഷേപം നടത്തുക. വീിലായാലും യാത്രയ്ക്കിടയിലായാലും ഇതുപയോഗിച്ച് ഉടമസ്ഥനു പ്രവര്‍ത്തിക്കാന്‍ സാധിക്കും.
എന്തായാലും ശക്തമായ അക്കൗണ്ടിംഗ് ബിസിനസ് വിജയത്തിന് അത്യന്താപേക്ഷിതമാണ്.

നിരീക്ഷണവും വിലയിരുത്തലും

ബിസിനസ് ഉടമയെന്ന നിലയില്‍ ഏതൊരു സംരംഭം നടത്തുന്നവരും തങ്ങളുടെ പണം എങ്ങനെയാണ് നീങ്ങുന്നതെന്നു മനസിലാക്കിയിരിക്കണം. മുന്‍കാലങ്ങളിലെ പ്രകടനവുമായി നടപ്പുവര്‍ഷത്തെ പ്രകടനത്തെ താരതമ്യം ചെയ്യുകയും ഭാവിയിലെ വരുമാനവും ചെലവും കാഷ്ഫ്‌ളോയും അനുമാനിക്കുകയും ചെയ്യണം. ഇതു വഴി ശക്തമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ബിസിനസ് ഉടമയ്ക്കു സാധിക്കും.

പ്രഫഷണല്‍ സഹായം

നികുതി, അക്കൗണ്ടിംഗ്, ഡേറ്റ് അനാലിസിസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദഗ്ധ സഹായം തേടുക. പാര്‍് ടൈം അടിസ്ഥാനത്തിലായാലും മതിയാകും. ബിസിനസിന്റെ വലുപ്പമനുസരിച്ച് ഫുള്‍ടൈം വിദഗ്ധരെ നിയമിക്കാം. പക്ഷേ അവര്‍ വിശ്വസിക്കാവുന്നവരായിരിക്കണം. ഇവരുടെ വൈദഗ്ധ്യം സംരംഭകന് മാര്‍ഗനിര്‍ദ്ദേശമാകുകയും പ്രധാന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിക്കുകയും ചെയ്യും.

തകരാന്‍ അനുവദിക്കരുത്

മോശമായ ധനകാര്യ മാനേജ്‌മെന്റാണ് നല്ലൊരു പങ്ക് സ്റ്റാര്‍് അപ്പുകളുടേയും പുതിയ സംരംഭങ്ങളുടേയും തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പഠനം പറയുന്നത്. അതൊഴിവാക്കി സംരംഭത്തിന് പുതിയൊരു ദിശ നല്‍കാം.

ജോയി ഫിലിപ്പ്