മംഗല്യ കോടിയുടുത്ത്...
ഹൃദയം കൊണ്ടെഴുതുന്ന കവിത...പ്രണയാമൃതം അതിന്‍ ഭാഷ...വിവാഹം, ദാമ്പത്യജീവിതം എന്നിവയെ വര്‍ണിക്കാന്‍ ശ്രീകുമാരന്‍ തമ്പിയുടെ ഈ വരികളേക്കാള്‍ മികച്ചത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതേ, പ്രണയം എന്ന ഭാഷയില്‍ ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യജീവിതം. കവിതയ്ക്ക് സമാനമായ മാധുര്യമുള്ള ആ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതാകട്ടെ, വിവാഹമെന്ന ചടങ്ങിലൂടെയും. ഏത് മതത്തില്‍ വിശ്വസിക്കുന്നവരായാലും അതായിരിക്കും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തവും. അപ്പോള്‍പ്പിന്നെ ചടങ്ങിനണിയുന്ന വസ്ത്രങ്ങളുടെ കാര്യമോ? ദി ബെസ്റ്റ്...ഏതൊരു വധൂ വരന്മാരോട് ചോദിച്ചാലും അതാവും ഞൊടിയിടയിലുള്ള ഉത്തരം. അതെ...ദി ബെസ്റ്റ്. എന്നാല്‍ അവിടെയും തീരുന്നില്ല. ബെസ്റ്റിലെ ബെസ്റ്റിനെ തെരഞ്ഞെടുക്കാനാണ് പുതുതലമുറയിലെ വധൂവരന്മാര്‍ മത്സരിക്കുന്നത്. കൂടുതല്‍ ഓപ്ഷനുകള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടികള്‍ക്കാണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആകാംക്ഷയും അതുപോലതന്നെ ടെന്‍ഷനും.

ഓരോ മതത്തിനും അവരുടേതായ പരമ്പരാഗത വിവാഹവസ്ത്രങ്ങളുമുണ്ട്. എന്തിനേറെ, നിറത്തില്‍ പോലുമുണ്ട് വിശ്വാസങ്ങള്‍. എന്നാല്‍ കാലം മാറിയപ്പോള്‍ ഇക്കാര്യത്തിലൊക്കെ ചില കോംപ്രമൈസുകള്‍ക്ക് തയാറാവുകയാണ് പുതുതലമുറയിലെ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും. വിവാഹവസ്ത്രം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മതപരമായ വേര്‍തിരിവുകള്‍ പലരും ഇന്ന് ഒഴിവാക്കുകയാണ്. സാരിയും ഗൗണും ലെഹങ്കയുമെല്ലാം എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്നു. അതുപോലെതന്നെ നിറങ്ങളും. ഫാഷന്‍ ലോകത്ത് മാത്രമല്ല, സമൂഹത്തിനും അത് നല്ലൊരു സൂചനയാണ് നല്‍കുന്നതെന്ന് വിലയിരുത്താം.

വിവാഹദിനത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്തി, മധുരം വയ്പ് തുടങ്ങിയ ചടങ്ങുകള്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എന്ന വേര്‍തിരിവ് ഇന്നില്ല. ഒരു ഗെറ്റ് ടുഗതര്‍ എന്നതേ ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ, വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തലേദിവസത്തെ ചടങ്ങുകള്‍ തുടങ്ങി വിവാഹത്തിന്റെ അവസാന നിമിഷം വരെയുള്ള ഓരോ വസ്ത്രവും ഇതര മതങ്ങളില്‍ നിന്ന് ആളുകള്‍ കടംകൊള്ളുന്നുണ്ട്. മഞ്ഞ, ഓറഞ്ച്, ചുവപ്പിന്റെ വിവിധ ഷേയ്ഡുകള്‍ എന്നിവയാണ് ഹല്‍ദി ചടങ്ങിലെ വസ്ത്രങ്ങളില്‍ സാധാരണ യായി ഉപയോഗിക്കുക. മെഹന്ദി ചടങ്ങിലേക്കാണെങ്കില്‍ പിസ്ത ഗ്രീന്‍, പച്ച, ഓറഞ്ച് കോമ്പിനേഷനുകളാണ് ഉപയോഗിക്കുക.

വിവാഹവസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ആര്‍ഭാടം, ആഡംബരം, ഫാഷന്‍ എന്നിവയേക്കാള്‍ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം തെരഞ്ഞെടുത്താലേ ബിഗ് ഡേയില്‍ സ്റ്റാറാകാനാവൂ. ഏറ്റവും മനോഹരിയായി സ്വയം അവതരിപ്പിക്കേണ്ട ദിനമായതിനാല്‍ നമ്മുടെ കുറവുകളെ മറച്ചുവയ്ക്കുന്ന രീതിയിലാവണം വസ്ത്രധാരണം. വസ്ത്രത്തിന്റെ ഫാബ്രിക്കും, ഡിസൈനുമെല്ലാം ഇതില്‍ പങ്കുവഹിക്കുന്നു.

മന്നിലിറങ്ങിയ മാലാഖ

അണിഞ്ഞൊരുങ്ങിയ ഒരു ക്രൈസ്തവ വധുവിനെ അങ്ങനെതന്നെ വിശേഷിപ്പിക്കാം. മന്നിലിറങ്ങിയ മാലാഖ. അതിപ്പോ സാരിയായാലും വെസ്‌റ്റേണ്‍ മോഡല്‍ ഗൗണായാലും ആ വിളിക്ക് മാറ്റമില്ല. അന്നും ഇന്നും എന്നും ഒരു മാറ്റവുമില്ലാതെ വെള്ളയും വെള്ളയോട് സാമ്യമുള്ളതുമായ നിറങ്ങളാണ് ക്രിസ്ത്യന്‍ വധു വിവാഹദിനത്തിലേക്ക് പ്രിഫര്‍ ചെയ്യുന്നത് എന്നതും ഈ വിളിയെ സാധൂകരിക്കുന്നു.

തൂവെള്ള, ഓഫ് വൈറ്റ്, ക്രീം, ഐവറി നിറങ്ങളിലെ ഗൗണുകളില്‍ പേള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്യുന്നത് ക്രിസ്ത്യന്‍ വിവാഹ വസ്ത്രങ്ങളിലെ ട്രെന്‍ഡാണ്. ബീഡ്‌സ്, സ്വീക്വന്‍സ്, ലെയ്‌സ് എന്നിവയാണ് ഗൗണുകളെ മനോഹരമാക്കുന്ന മറ്റിനങ്ങള്‍. കോള്‍ഡ് ഷോള്‍ഡര്‍ ഗൗണിനും കേപ്പ് ഗൗണിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍. പ്യുവര്‍ സില്‍ക്കില്‍ ഫ്‌ളെയേഴ്‌സ് ഉള്ളതാണ് മെലിഞ്ഞ പെണ്‍കുട്ടികള്‍ക്ക് മാച്ചാവുക. സാരിയിലേക്ക് വരുമ്പോള്‍ സോഫ്റ്റ് സില്‍ക്ക് സാരിയില്‍ പിഗ്‌മെന്റ് പെയിന്റിംഗ് ആണ് ലേറ്റസ്റ്റ്. ടോപ്പ് പോര്‍ഷന്‍ മുഴുവന്‍ ലേയ്‌സ് ഉള്ള ഗൗണ്‍ ട്രെന്‍ഡ് ആണ്. വില അല്‍പ്പം കൂടുമെന്ന് മാത്രം. അങ്ങനെ വരുമ്പോള്‍ പ്രൈസ് ബാലന്‍സ് ചെയ്യാന്‍ ബോം മെറ്റീരിയല്‍ പ്ലെയിന്‍ ആക്കാം. ചെയ്യുന്ന വര്‍ക്കിനനുസരിച്ച് ഗൗണിന് 25,000 മുതല്‍ 35,000 വരെയാണ് വില.

സാരിയുടെ കാര്യമെടുത്താല്‍ പ്ലെയിന്‍ ഫാബ്രിക് എടുത്ത് ബീഡ്, പേള്‍, സ്‌റ്റോണ്‍ ഹാന്‍ഡ് വര്‍ക്കുകളിലൂടെ എലഗന്റ് ലുക്കിലേയ്ക്ക് മാറ്റുന്നതും പതിവായിരിക്കുന്നു. പ്ലെയിന്‍ ഫാബ്രിക്കില്‍ ബോര്‍ഡറില്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്യുന്നവരുമുണ്ട്. തലയില്‍ വയ്ക്കുന്ന ട്രെയിലിന് പകരം സാരി വിത്ത് ട്രെയിലും ട്രെന്‍ഡാണ്.


മുല്ലപ്പൂച്ചേലുള്ള മങ്ക

കണ്ണടച്ച് ഒരു ഹിന്ദു വധുവിനെ മനസില്‍ സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഭൂരിഭാഗം ആളുകളുടെയും മനസില്‍ എത്തുക, ചില്ലി റെഡ് കളറുള്ള കാഞ്ചീപുരം സാരിയണിഞ്ഞ പെണ്‍കുട്ടിയാണ്. ക്രിസ്ത്യന്‍ വധുവിന് വെള്ള എന്ന് പറഞ്ഞതുപോലെ ഹിന്ദു പെണ്‍കുച്ചിയുടെ കാര്യത്തില്‍ ചുവപ്പ് വിവാഹ വസ്ത്രം മനസില്‍ പതിഞ്ഞിരിക്കുന്നതാണ്. എന്നാല്‍ ആ സങ്കല്‍പ്പത്തിനും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ചുവപ്പും ഗോള്‍ഡനും നിറം കലര്‍ന്ന സാരിയും ബ്ലൗസും, അതിന് പുറമേ ആഭരണങ്ങളും അണിയുന്നത് ആളുകള്‍ക്ക് മടുത്തെന്ന് തോന്നുന്നു. അതുകൊണ്ടാവും ചുവന്ന സാരിയില്‍ ഗ്രീന്‍, ബ്ലൂ പോലുള്ള വ്യത്യസ്ത കളറുകള്‍ മിക്‌സ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. ബ്ലൗസിലാണ് പ്രധാനമായും ഇത് പരീക്ഷിക്കുന്നത്. ബോര്‍ഡര്‍ ലെസ്സ് സാരികള്‍ക്കൊപ്പം കോണ്‍ട്രാസ്റ്റ് ബ്ലൗസുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സാരികള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നത് കുറവാണെങ്കിലും പ്ലെയിന്‍ ബ്ലൗസ് പീസ് എടുത്ത് അതില്‍ ഹെവി എംബ്രോയിഡറി ചെയ്യാനാണ് പലരും താത്പര്യപ്പെടുന്നത്. അതുവഴി ആകെമൊത്തം എലഗന്റ് ലുക്ക് കൈവരിക്കാന്‍ സാധിക്കും. അക്വാ ബ്ലൂ, ഡീപ് ഗ്രീന്‍ ആന്‍ഡ് റെഡ്, പര്‍പ്പിള്‍, ഒനിയന്‍ കളര്‍, പിസ്താ ഗ്രീന്‍ ആന്‍ഡ് പീച്ച്, ഓറഞ്ച് തുടങ്ങിയ നിറവൈവിധ്യങ്ങള്‍ പരീക്ഷിക്കാന്‍ ഇന്ന് പെണ്‍കൊടികള്‍ക്ക് മടിയില്ല.

സാരി കാഞ്ചീപുരമാണെങ്കിലും നെറ്റാണെങ്കിലും ക്ലാസിക് ലുക്ക് കിട്ടുന്നതിനായി വീതിയേറിയ ബോര്‍ഡര്‍ നല്‍കുന്നവരും ധാരാളം. സാരി ഇഷ്ടമാണെങ്കിലും അതുടുക്കാന്‍ ബുദ്ധിമുട്ടുള്ളര്‍ക്ക് ലെഹങ്ക സാരിയും പരീക്ഷിക്കാം. അടിഭാഗം പാവാട പോലെയും മുകളില്‍ സാരിയുടെ സവിശേഷതകള്‍ ഉള്ളതുമാണത്. ഈവനിംഗ് ഫംഗ്ഷന് വേണ്ടിയാണെങ്കില്‍ സില്‍വര്‍ കളറിലുള്ള സ്‌റ്റോണ്‍, ബീഡ് വര്‍ക്കുകളാണ് നല്ലത്. തിളങ്ങി നില്‍ക്കണമല്ലോ.

മൊഞ്ചത്തി മുത്ത്

ഹൈലി ഓര്‍ത്തഡോക്‌സ് എന്ന് വിശേഷിപ്പിക്കുമെങ്കിലും ചിട്ടകളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവാഹ വസ്ത്രങ്ങളുടെ കാര്യത്തില്‍ ചെറിയ രീതിയിലെങ്കിലും മാറി ചിന്തിക്കാന്‍ മുസ്ലിം പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും തയാറാവുന്നുണ്ടെന്നാണ് ഫാഷന്‍ ലോകം വിലയിരുത്തുന്നത്. നിറയെ സ്‌റ്റോണ്‍ വര്‍ക്കുകളും ഹാന്‍ഡ് എംബ്രോയ്ഡറികളുമുള്ള ലെഹങ്കയാണ് പൊതുവെ മുസ്ലിം വധു ഇഷ്ടപ്പെടുന്നത്. ചുവപ്പ്, പച്ച എന്നീ നിറങ്ങളില്‍ നിന്ന് മാറി പരീക്ഷണങ്ങള്‍ക്ക് അവരും തയാറാണ്. ഓംബ്രെ, പീച്ച്, ഓറഞ്ച്, മെറൂണ്‍ തുടങ്ങിയ നിറങ്ങളിലുള്ള ലെഹങ്ക, ലാച്ച തുടങ്ങിയവയ്ക്ക് ഡിമാന്‍ഡ് ഏറെയാണ്. ഫുള്‍ സ്ലീവും തട്ടവും ഉണ്ടാവുമെങ്കിലും ക്രിസ്ത്യന്‍ മോഡലിലുള്ള വൈറ്റ് ഗൗണും ഇന്ന് മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹ ദിനത്തില്‍ അണിയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പതിനയ്യായിരം മുതല്‍ മൂന്നും നാലും ലക്ഷം രൂപ വരെയുള്ള ലെഹങ്കകള്‍ക്കും ലാച്ചകള്‍ക്കും വിപണിയില്‍ ഡിമാന്‍ഡുണ്ട്.

മണവാട്ടിയുടെ ഇഷ്ടം, അതാണ് ട്രെന്‍ഡ്

എന്റെ ദേഹപ്രകൃതിക്ക് ചേരുന്നതെന്താണോ അതാണ് ട്രെന്‍ഡ് എന്ന് വിശ്വസിക്കുന്നവരാണിന്നുള്ള പെണ്‍കുട്ടികള്‍. വസ്ത്രമേതായാലും കളറിനും ഡിസൈനിനും ഫാബ്രിക്കിനുമാണ് അവര്‍ പ്രാധാന്യം കൊടുക്കുക. വസ്ത്രം നിറയെ വര്‍ക്കുകള്‍കൊണ്ട് നിറയ്ക്കുന്നതിനോടും പെണ്‍കുട്ടികള്‍ക്ക് മടുപ്പാണ്. സാരിയുടെ കാര്യമെടുത്താല്‍ ഒന്നെങ്കില്‍ ബോര്‍ഡറില്‍ അല്ലെങ്കില്‍ ബ്ലൗസില്‍ ഹെവി വര്‍ക്ക് എന്നിങ്ങനെയൊക്കെയാണ് അവര്‍ ചിന്തിക്കുക. ത്രെഡ് വര്‍ക്കിനോട് ഇന്ന് ആളുകള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഹാന്‍ഡ് വര്‍ക്ക് കൂടുന്തോറും ബജറ്റും കൂടും. ഫാബ്രിക്കിന്റെ രീതിക്കനുസരിച്ച് വിലയില്‍ വ്യത്യാസം വരാം. ബ്ലൗസില്‍ മാത്രം നല്ല രീതിയില്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്യുന്നതിന് 3000 മുതല്‍ 9000 വരെ റേറ്റ് നിലവിലുണ്ട്. എംബ്രോയിഡറി വര്‍ക്കാണെങ്കില്‍ ഏത് റേഞ്ചിലുള്ള വിലയിലും ചെയ്ത് കിട്ടും. വിവാഹ ദിനത്തില്‍ എക്‌സ്‌ക്ലൂസീവ് ആകണമെന്ന ആഗ്രഹത്താല്‍ ഡിസൈനേഴ്‌സിന്റെ അടുക്കല്‍ നിന്നും കസ്റ്റമൈസ്ഡ് വിവാഹവസ്ത്രങ്ങള്‍ തയാറാക്കി വാങ്ങുകയാണ് ഇന്ന് ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും. കാരണം ആ ദിവസത്തെ രാജകുമാരിയല്ലേ അവള്‍...

കീര്‍ത്തി കാര്‍മല്‍ ജേക്കബ്
വിവരങ്ങള്‍ക്ക് കടപ്പാട:്
അനിത ഹെബ്ബാര്‍
ടമിഴ&ചശെേ ഡിസൈനര്‍ ബ്യൂുട്ടീക്ക്
ചന്ദ്രനഗര്‍, പാലക്കാട്